സംഘം വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്ന് പീൽ റീജിയണൽ പോലീസ് മേധാവി നിഷാൻ ദുരൈയപ്പ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് എയർ കാനഡ എയർലൈൻ ജീവനക്കാരും ഒരു ജ്വല്ലറി ഉടമയും പ്രതികളിൽ ഉൾപ്പെടുന്നു. ഇതിൽ മറ്റൊരു പ്രതി യുഎസിലെ പെന്‍സില്‍വാനിയയില്‍ വെച്ചാണ് പിടിയിലായത്. എയർ കാനഡയിലെ ജീവനക്കാരനായ പരംപാല്‍ സിദ്ധു (54), അമിത് ജലോട്ട (40), അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാത് പരമലിംഗം (35) എന്നിവരാണ് നിലവിൽ അറസ്റ്റിലായ പ്രതികൾ.
advertisement
മറ്റു പ്രതികളായ സിമ്രാൻ പ്രീത് പനേസർ (31), അർച്ചിത് ഗ്രോവർ (36), അർസലൻ ചൗധരി (42) എന്നിവർക്കായി പോലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇവർക്കായി കാനഡയിലൂടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പൊലീസ് പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ഒരു റിഫൈനറിയിൽ നിന്ന് 6,600 സ്വർണ്ണക്കട്ടികളും 2.5 മില്യൺ ഡോളറിൻ്റെ വിദേശ കറൻസികളും ആണ് നഷ്ടപ്പെട്ടത്. എയർ കാനഡ വിമാനത്തിലെ കണ്ടെയ്‌നറിലാണ് സ്വർണക്കട്ടികളും കറൻസികളും എത്തിയത് . തുടർന്ന് അതീവ സുരക്ഷാ മേഖലയിൽ സൂക്ഷിച്ചിരുന്ന കണ്ടെയ്നർ മോഷ്ടിക്കപ്പെടുകയായിരുന്നു.
ആ സമയം ഡുറാൻ്റേ കിംഗ്-മക്ലീൻ എന്നയാൾ വെയർഹൗസിലുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാൽ സീഫുഡ് കയറ്റുമതി ചെയ്യാനാണ് ഇയാൾ എത്തിയതെന്നാണ് രേഖകളിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇത് തലേദിവസം തന്നെ പൂർത്തിയാക്കിയതായും അന്വേഷണത്തിൽ വ്യക്തമായി. സീഫൂഡ് എന്ന വ്യാജേന 6,600 സ്വര്‍ണക്കട്ടികളും വിദേശ നോട്ടുകളും ട്രക്കിൽ കയറ്റിയാണ് ഇയാൾ മുങ്ങിയത്.