ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനമാണെന്നും ദൗത്യം പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുക്കുമെന്നും അവര്‍ പറഞ്ഞു. ''മറഞ്ഞിരിക്കുന്ന ഭൂഗര്‍ഭ സെല്ലുകളെക്കുറിച്ച് അന്വേഷിക്കാന്‍ വൈറ്റ് ഹെല്‍മറ്റ്‌സ് അഞ്ച് പ്രത്യേക എമര്‍ജന്‍സി ടീമുകളെ സെദ്‌നായ ജയിലില്‍ വിന്യസിച്ചിട്ടുണ്ട്,'' സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വൈറ്റ് ഹെല്‍മെറ്റ്‌സ് അറിയിച്ചു.
''ആളുകൾക്കുവേണ്ടി തിരച്ചില്‍ നടത്തുകയും രക്ഷപ്പെടുത്തുകയും ചെയ്യുന്ന യൂണിറ്റുകള്‍, മതില്‍ പൊളിക്കാന്‍ വൈദഗ്ധ്യം നേടിയവര്‍, ഇരുമ്പ് കൊണ്ട് നിര്‍മിച്ച വാതിലുകള്‍ പൊളിക്കാന്‍ സഹായിക്കുന്നവര്‍, പരിശീലനം നേടിയ നായകളുടെ യൂണിറ്റ്, മെഡിക്കല്‍ വിദഗ്ധര്‍ എന്നിവരടങ്ങുന്നതാണ് സംഘങ്ങള്‍. ഇത്തരം സങ്കീര്‍ണമായ ദൗത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ പരിശീലനം നേടിയവരാണ് ഇവര്‍,'' വൈറ്റ് ഹെല്‍മറ്റ്‌സ് വ്യക്തമാക്കി. രണ്ട് ടീമുകള്‍ ഇതിനോടകം തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മറ്റുസംഘങ്ങള്‍ വൈകാതെ തന്നെ രക്ഷാദൗത്യം ആരംഭിക്കുമെന്നും അവർ അറിയിച്ചു.
advertisement
വിമതര്‍ ജയിലുകളുടെ വാതില്‍ തുറന്ന് ആളുകളെ മോചിപ്പിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. ജയില്‍ കോംപ്ലക്‌സില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ആയിരക്കണക്കിന് ആളുകൾ ജയിലില്‍ നിന്ന് പുറത്തുപോകുന്നത് കാണാം. അവരില്‍ പലരും വര്‍ഷങ്ങളായി ജയിലിലായിരുന്നു. വിമത സേനയ്ക്ക് ഇലക്ട്രോണിക് ഭൂഗര്‍ഭ വാതിലുകളുടെ കോഡുകള്‍ നല്‍കണമെന്ന് മുന്‍ സൈനികരോടും ജയില്‍ ജീവനക്കാരോടും ദമാസ്‌കസ് കണ്‍ട്രിസൈഡ് ഗവര്‍ണറേറ്റ് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അതിലൂടെ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ കഴിയുമെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്ന ഒരു ലക്ഷത്തിലധികം തടവുകാരെ മോചിപ്പിക്കാനുള്ള വാതിലുകള്‍ തുറക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അവര്‍ അറിയിച്ചു. തങ്ങള്‍ നഗരം പിടിച്ചെടുത്തതിന് ശേഷം ഹോംസ് മിലിട്ടറി ജയിലില്‍ നിന്ന് 3,500ല്‍ പരം തടവുകാരെ മോചിപ്പിച്ചതായി എച്ച്ടിഎസ് ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍, സെദ്‌നായ ജയിലില്‍ നിന്ന് തടവുകാരെ മോചിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന. ആഭ്യന്തര യുദ്ധം ആരംഭിച്ചതിന് ശേഷം സെയ്ദ്‌നായ 'ഒരു മരണ ക്യാമ്പായി' മാറിയതായി തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് ഡിറ്റെയ്‌നീസ് ആന്‍ഡ് ദ മിസിംഗ് ഇന്‍ സെദ്‌നായ പ്രിസണ്‍(എഡിഎംഎസ്പി)2022ലെ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.