ഇറാനിയന്‍ ഷോര്‍ട്ട് ഫിലിം അസോസിയേഷന്റെ (ISFA) 13-മത് ഫിലിം ഫെസ്റ്റിവലിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മേളയുടെ പോസ്റ്ററില്‍ പ്രദര്‍ശിപ്പിച്ച സൂസന്‍ തസ്ലീമി എന്ന നടിയുടെ ചിത്രമാണ് നിരോധനത്തിന് കാരണമായത്. 1982ല്‍ പുറത്തിറങ്ങിയ The death of yazdger,’ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് നടിയുടെ ചിത്രമുള്ളത്. ചിത്രം സംസ്‌കാരത്തിന് അനുചിതമാണെന്ന് അധികൃതര്‍ പറയുന്നു.
” ഹിജാബ് ധരിക്കാത്ത സ്ത്രീയുടെ ചിത്രം പോസ്റ്ററില്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഐഎസ്എഫ്‌ഐയുടെ ചലച്ചിത്ര മേളയുടെ പതിമൂന്നാം പതിപ്പ് നിരോധിക്കാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നു,” എന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.
advertisement
Also read-ഖുറാന്‍ കത്തിച്ച സംഭവം: സ്വീഡന്റെ പ്രത്യേക പദവി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ റദ്ദാക്കി
ഹിജാബ് നിയമങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാന നഗരമായ ടെഹ്‌റാന്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ സദാചാര പോലീസ് വീണ്ടുമെത്തിയ സാഹചര്യത്തിലാണ് സാംസ്‌കാരിക മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.
ശിരോവസ്ത്രമായ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്‌സ അമിനി എന്ന 22 കാരി പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് മാസങ്ങള്‍ക്കിപ്പുറമാണ് പുതിയ ഉത്തരവ്. മഹ്‌സ അമിനിയുടെ മരണത്തില്‍ രാജ്യത്ത് വ്യാപക പ്രതിഷേധം നടന്നിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രക്ഷോഭങ്ങളാണ് അന്ന് ഇറാനില്‍ നടന്നത്.
പോലീസുകാരൂടെ ക്രൂരതയാണ് മഹ്‌സയുടെ ജീവനെടുത്തത് എന്ന് ആരോപിച്ച് നിരവധി സ്ത്രീകളാണ് അന്ന് തെരുവിലിറങ്ങിയത്. ഇറാന്‍ ഭരണകൂടത്തെ വെല്ലുവിളിച്ചെത്തിയ ഇവര്‍ പരസ്യമായി ഹിജാബ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസിലെ സദാചാര വിഭാഗത്തെ നിരോധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഇറാന് കഴിഞ്ഞു. നൂറുകണക്കിന് പ്രതിഷേധക്കാരെ തടവിലാക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 500ലധികം പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. വിവിധ സെലിബ്രിറ്റികള്‍ തങ്ങളുടെ മുടി പരസ്യമായി മുറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പ്രക്ഷോഭത്തെ പിന്തുണച്ചതിന് പ്രശസ്ത ചലച്ചിത്ര താരവും ഓസ്കർ പുരസ്കാര ജേതാവുമായ തരാനെ അലിദോസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ച് തരാനെ അലിദോസ്തി ഇൻസ്റ്റാഗ്രാമിൽ കുറിപ്പിട്ടിരുന്നു.
കര്‍ശനമായ ഹിജാബ് നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇറാന്‍. 1979 മുതല്‍ ഈ നിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. പൊതുസ്ഥലത്ത് സ്ത്രീകള്‍ തലയും കഴുത്തും മൂടുന്ന ശിരോവസ്ത്രം ധരിക്കണമെന്നാണ് ഇറാനിലെ നിയമം. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാറുമുണ്ട്.
ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ സദാചാര പോലീസും ഇറാനിലുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം ഇവര്‍ പരിശോധിക്കും. സ്ത്രീകളുടെ മാത്രമല്ല. പുരുഷന്‍മാരുടെ വസ്ത്രവും ഇക്കൂട്ടര്‍ പരിശോധിക്കാറുണ്ട്.