ആണവ നിലയങ്ങൾക്ക് പുറമെ ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഇസ്ഫഹാനിലെയും ഖുസെസ്താനിലെയും രണ്ട് വലിയ ഉരുക്ക് ഫാക്ടറികൾക്ക് നേരെയും ശക്തമായ ആക്രമണമുണ്ടായി. ഇസ്ഫഹാനിലെ മൊബാരകെ സ്റ്റീൽ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖുസെസ്താനിലെ ഫാക്ടറിയിൽ 16 തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
ഇവ കൂടാതെ സിമന്റ് ഫാക്ടറികൾ, ഖനികൾ, മഷാദ് എയർപോർട്ടിലെ വെയർഹൗസ് എന്നിവയും തകർക്കപ്പെട്ടു. ഇറാന്റെ ഊർജ്ജ നിലയങ്ങൾ
ഏപ്രിൽ 6 വരെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. കൂടാതെ ചർച്ചകൾ നന്നായി പോകുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്നതിനിടെയാണ് ഈ നയത്തിന് വിരുദ്ധമായി ഇസ്രായേൽ ആക്രമണം നടത്തിയത്.
ഇസ്രായേലിന്റെ ഈ നടപടിക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. സമാധാന ചർച്ചകൾ പുരോഗമിക്കവെ സിവിലിയൻ കേന്ദ്രങ്ങളെയും സാമ്പത്തിക സ്രോതസ്സുകളെയും ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് ടെഹ്‌റാൻ, ഇസ്ഫഹാൻ, ഷിറാസ്, തബ്രിസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം മണിക്കൂറുകളോളം സ്ഫോടന ശബ്ദങ്ങൾ മുഴങ്ങിക്കേട്ടത് ജനങ്ങളിൽ കടുത്ത ഭീതി പടർത്തിയിട്ടുണ്ട്. സ്ഫോടനങ്ങളുടെ ആഘാതത്തിൽ പലയിടത്തും കെട്ടിടങ്ങൾ കുലുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
