ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസും സൈനിക മേധാവി വക്കല്‍-ഉസ്-സമാനും ഇടയിലുള്ള ഭിന്നത രൂക്ഷമായതായി റിപ്പോര്‍ട്ട്. പ്രവര്‍ത്തന പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ സൈനിക മേധാവി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ''ബംഗ്ലാദേശില്‍ യൂനുസ് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് സൈനിക മേധാവി ആഗ്രഹിക്കുന്നു. വിദേശ ഇടപെടല്‍ മൂലമുള്ള അസ്ഥിരതയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആശങ്ക. വിദേശ ഏജന്‍സികളുടെ പാവയായി കണക്കാക്കപ്പെടുന്ന യൂനുസായിരിക്കാം ഇതിന് കാരണം,'' സൈനിക വൃത്തങ്ങള്‍ സിഎൻഎൻ-ന്യൂസ് 18നോട് പറഞ്ഞു.
advertisement
രണ്ട് പ്രധാന ആശങ്കകള്‍
ഷെയ്ഖ് ഹസീനയുടെയും ഖാലിദ സിയയുടെയും പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവന്ന് രാജ്യത്തിന് വേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സമാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എക്‌സിക്യുട്ടിവ് ഉത്തരവുകള്‍ വഴി യൂനുസ് തടവുകാരെ മോചിപ്പിക്കുമോയെന്നതാണ് സൈന്യത്തെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത്.
ബംഗ്ലാദേശ് സൈന്യം സമാനുമായി സഹകരിക്കുന്നുണ്ടെന്ന് സൈനിക മേധവിയുമായി അടുത്ത വൃത്തങ്ങള്‍ സിഎന്‍എന്‍ ന്യൂസ് 18നോട് പറഞ്ഞു. കരസേനാ മേധാവിയുടെ അഭാവത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിച്ച് സൈന്യത്തെ വിഭജിക്കാൻ യൂനുസ് നടത്തുന്ന ശ്രമമാണ് രണ്ടാമത്തെ വലിയ ആശങ്ക.
ക്വാര്‍ട്ടര്‍-മാസ്റ്റര്‍ ജനറല്‍(ക്യുഎംജി) ലെഫ്റ്റന്റ് ജനറല്‍ ഫൈസുര്‍ റഹ്‌മാന്‍ യൂനുസിന്റെ വിശ്വസ്തനായ എന്‍എസ്എ ഖലീലുര്‍ റഹ്‌മാനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍എസ്എയുടെയും യൂനുസിന്റെയും ശ്രമം കരസേനാ മേധാവിയെ നീക്കം ചെയ്യാനായിരിക്കുമെന്ന് വൃത്തങ്ങള്‍ പറയുന്നു. അതിനാല്‍, മിക്ക കമാന്‍ഡര്‍മാരും എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നു.
ഒരു സിവില്‍ ഗ്രൂപ്പിന്റെയും സമ്മര്‍ദം തന്റെയടുത്ത് വിലപോകില്ലെന്നും തന്റെ ഓഫീസിലേക്കോ വീട്ടിലേക്കോ ഉള്ള പ്രതിഷേധങ്ങള്‍ തടയുമെന്നും കരസേനാ മേധാവി വ്യക്തമാക്കിയിട്ടുണ്ട്. തുടക്കത്തില്‍ യൂനുസിനെ സഹായിക്കാന്‍ സൈനിക മേധാവി ശ്രമിച്ചുവെങ്കിലും വിദേശ ഇടപെടല്‍ കണക്കിലെടുത്ത് ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
ഇതുവരെ നമുക്ക് അറിയുന്നതെന്ത്?
അഭിപ്രായ വ്യത്യാസം: 2024 ജൂണിലാണ് കരസേനാ മേധാവിയായി സമാന്‍ നിയമിതനായത്. ഇന്ത്യാ അനുകൂല നിലപാടാണ് അദ്ദേഹത്തിനുള്ളത്. കൂടാതെ, എല്ലാവരുടെയും ഇടയിലും അദ്ദേഹം ബഹുമാനിക്കപ്പെടുന്നു. ഇതിന് വിപരീതമായി ക്വാര്‍ട്ടര്‍മാസ്റ്റര്‍ ജനറല്‍ ആയ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ഫൈസുര്‍ റഹ്‌മാന് ഇസ്ലാമിസ്റ്റ്, പാക് അനുകൂല നിലപാടാണ് പുലര്‍ത്തുന്നത്.
കരസേന മേധാവിക്ക് യൂനുസിനെ ഉപദേഷ്ടാവാക്കാന്‍ താത്പര്യമില്ല: നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ(എന്‍സിപി) മുഖ്യ സംഘാടകനായ ഹസ്‌നത്ത് അബ്ദുള്ള അടുത്തിടെ 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂനുസിന് ഉപദേഷ്ടാവാക്കുന്നതില്‍ കരസേനാ മേധാവിക്ക് താത്പര്യമില്ലെന്ന് യുവജന, കായിക ഉപദേഷ്ടാവ് ആസിഫ് മഹ്‌മൂദ് ഷോജിബ് ഭൂയാന്‍ ആ വീഡിയോയില്‍ പറയുന്നുണ്ട്. യൂനുസിന്റെ യോഗ്യതകളെ കരസേനാ മേധാവി ചോദ്യം ചെയ്തതായും ആസിഫ് വീഡിയോയില്‍ സൂചിപ്പിച്ചു. നോബേല്‍ പുരസ്‌കാര ജേതാവായിട്ടും പരിഷ്‌കരണവാദിയെന്ന യോഗ്യതകളുണ്ടായിട്ടും യൂനുസ് ആ സ്ഥാനത്ത് അര്‍ഹനല്ലെന്ന് കരസേനാ മേധാവി വിശ്വസിക്കുന്നുണ്ട്. യൂനുസിനെക്കുറിച്ച് സൈന്യത്തിനുള്ളില്‍ ഒരു സംശയം നിലനില്‍ക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സൈന്യത്തിനുള്ളിലെ ഭിന്നതയെക്കുറിച്ചുള്ള തെളിവാണ് ഈ വീഡിയോ. ബാഹ്യശക്തികളുടെ ഇടപെടലിനെക്കുറിച്ചും ഇത് സൂചന നല്‍കുന്നു, വൃത്തങ്ങള്‍ പറഞ്ഞു.
ഐഎസ്‌ഐ മേധാവി ക്യുഎംജിയെ കണ്ടു: പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ അസിം മാലിക്കും റഹ്‌മാനും തമ്മില്‍ ഈ വര്‍ഷം ആദ്യം കൂടിക്കാഴ്ച നടത്തിയതായി ന്യൂസ് 18ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈന്യത്തെ വിഭജിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഒരു നിര്‍ദേശം നല്‍കി. ഇത് സൈന്യത്തിനുള്ളില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുകയും കരസേനാ മേധാവിയോടുള്ള അവഗണനയായി കണക്കാക്കുകയും ചെയ്തു.
സൈന്യത്തിനുള്ളില്‍ വിള്ളല്‍: സൈന്യത്തിലെ അച്ചടക്കമുള്ള ഉദ്യോഗസ്ഥര്‍ കരസേനാ മേധാവിക്കെതിരേ പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതിനാല്‍ ക്യുഎംജി നടത്തിയ അട്ടിമറിയെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ക്യുഎംജിയുടെ ഇസ്ലാമിസ്റ്റ്, പാക് അനുകൂല നിലപാടുകളും കരസേനാ മേധാവിയുടെ ഇന്ത്യാ അനുകൂല നിലപാടും സംഘര്‍ഷത്തിന് കാരണമായതായി വൃത്തങ്ങള്‍ അറിയിച്ചു. ഇടക്കാല സര്‍ക്കാരിന് രാജ്യത്തെ സ്ഥിരപ്പെടുത്താന്‍ കഴിയാത്തതിന് സമാന്‍ പരസ്യമായി നിരാശ പ്രകടിപ്പിച്ചിരുന്നു.
അട്ടിമറിക്ക് സൂചന നല്‍കി സൈനിക മേധാവി: ''രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ഒരു ഭീഷണിയുണ്ടായേക്കുമെന്ന സാധ്യത ഞാന്‍ കാണുന്നു. എനിക്ക് മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. എന്നാല്‍, രാജ്യം സുരക്ഷിതമായ കൈകളിലിരിക്കുന്നത് എനിക്ക് കാണണം. കഴിഞ്ഞ 7-8 മാസം മാത്രം എനിക്ക് മതിയായിരുന്നു. നാളെ എന്തെങ്കിലും സംഭവിച്ചാല്‍, ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലെന്ന് നിങ്ങള്‍ പറയരുതെന്ന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുകയാണ്,'' സമാന്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്തു.