ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇസ്രായേലിലുടനീളം നിരവധി പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും ജനം തെരുവിലിറങ്ങി. 1200 പേരുടെ ജീവനെടുത്ത ഹമാസ് ആക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 6.29ന് ഒരു മൗനപ്രാര്‍ത്ഥനയോടെ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഔദ്യോഗിക അനുസ്മരണ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 7ന് ഇതേസമയമാണ് ഇസ്രായേലിലെ കിബട്ട്‌സില്‍ ഹമാസ് ആക്രമണം ആരംഭിച്ചത്. ഇവിടെ നടന്ന നോവ സംഗീത പരിപാടിയില്‍ പങ്കെടുത്ത 370ഓളം പേരെയാണ് ഹമാസ് വകവരുത്തിയത്.
advertisement
"നാമിപ്പോഴും വേദനയിലാണ്. നമ്മളെ വിഷാദത്തിലാക്കിയ ക്രൂരമായ ആക്രമണത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് രാജ്യത്തെ ജനം," പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
"തകര്‍ന്നുപോയതെല്ലാം നാം പുനര്‍നിര്‍മ്മിക്കുമെന്ന് നിങ്ങള്‍ക്ക് വാക്കുനല്‍കുന്നു. ബന്ദികളായ നമ്മുടെ പൗരന്‍മാര്‍ നാട്ടിലേക്ക് എത്തുന്നതോടെ മാത്രമെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകുകയുള്ളു," അദ്ദേഹം പറഞ്ഞു.
അതേസമയം ഒക്ടോബര്‍ 7ന് നടന്ന ഹമാസ് ആക്രമണത്തിന്റെ ഇതുവരെ വന്നിട്ടില്ലാത്ത വീഡിയോ ദൃശ്യങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിട്ടു. ഇസ്രയേലിലെ ഒരു പോലീസ് സ്റ്റേഷന്‍ ഹമാസ് ഭീകരര്‍ ആക്രമിക്കുന്നതും ശേഷം നിരവധി ഉദ്യോഗസ്ഥരെ ക്രൂരമായി കൊല്ലുന്ന വീഡിയോയാണ് ഇസ്രായേല്‍ പുറത്തുവിട്ടത്. 401-ാം ആര്‍മേര്‍ഡ് ബ്രിഗേഡിന്റെ അന്നത്തെ കമാന്‍ഡറായിരുന്ന കേണല്‍ ബെന്നി അഹറോണാണ് ഈ വീഡിയോ പകര്‍ത്തിയതെന്ന് ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളെ വേരോടെ പിഴുതെറിയുമെന്ന് ജനറല്‍ സ്റ്റാഫ് ചീഫ് ഹെര്‍സി ഹാലേവി പറഞ്ഞു. രാജ്യം ഇപ്പോള്‍ ഒരു നീണ്ട യുദ്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിന് ഒരുവര്‍ഷം പിന്നിടുന്ന വേളയിലും ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ ഇപ്പോഴും യുദ്ധം തുടരുകയാണ്. കൂടാതെ ഹമാസിന്റെ സഖ്യകക്ഷിയും ലെബനിലെ സായുധ സംഘവുമായ ഹിസ്ബുള്ളയ്‌ക്കെതിരെയും ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. കൂടാതെ ഇറാനെതിരെയും ഇസ്രായേല്‍ നടപടി ശക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1205 ഇസ്രായേല്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സാധാരണക്കാരായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 251ലധികം പേരെ ഹമാസ് ബന്ദികളാക്കി.
അതേസമയം ഒക്ടോബര്‍ 7ന് ഇസ്രായേലിന് നേരെ നടന്ന ഹമാസ് ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി.
"ഒക്ടോബര്‍ 7. ഒരുവര്‍ഷം മുമ്പത്തെ വേദന ഇപ്പോഴും നിലനില്‍ക്കുന്നു. ഇസ്രായേലിലെ ജനങ്ങളുടെ വേദന. നമ്മുടെ വേദന കൂടിയാണ്. മനുഷ്യത്വത്തിനേറ്റ മുറിവാണിത്. ആക്രമണത്തിനിരയായവരെ മറക്കാനാകില്ല,'' മാക്രോണ്‍ എക്‌സില്‍ കുറിച്ചു.