അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മോദി പ്രതിനിധി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി, നിർമിത ബുദ്ധിയുടെ മേഖലയിൽ പല വിധത്തിലുള്ള മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, മറ്റൊരു എഐയിലും വലിയ വികസനങ്ങൾ ഉണ്ടായിട്ടുണ്ട് – അമേരിക്ക & ഇന്ത്യ എന്ന എഐ ആണത്.’ സഭയുടെ സമ്മേളനത്തിൽ സംസാരിക്കവേ മോദി പറഞ്ഞു.
മുൻനിര ബിസിനസ് മേധാവികളും ടെക്‌നോക്രാറ്റുകളും യോഗത്തിൽ സംബന്ധിച്ചിരുന്നു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചായ്, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺ എഐയുടെ അമരക്കാരൻ സാം ആൾട്ട്മാൻ, എഎംഡി സിഇഒ ലിസ സൂ, പ്ലാനെറ്റ് ലാബ്‌സ് സിഇഒ വിൽ മാർഷൽ, നാസയിലെ ബഹിരാകാശ യാത്രികയായ സുനിത വില്യംസ് എന്നിവരാണ് രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയിൽ പങ്കുചേർന്നത്.
സാങ്കേതിക വിദ്യയുടെ മേഖലയിൽ ഇന്തോ-അമേരിക്കൻ പങ്കാളിത്തം വളർന്നുവരുന്നത് നല്ല മാറ്റമാണെന്നും ഇരു രാഷ്ട്രത്തലവന്മാരും പ്രതികരിച്ചു. കഴിവും സാങ്കേതിക വിദ്യയും ഒന്നിച്ചു ചേരുന്നത് ശോഭനമായ ഭാവിയിലേക്കുള്ള വാഗ്ദാനമാണെന്നായിരുന്നു ഹൈ-ടെക് ഹാൻഡ്‌ഷേക്ക് പരിപാടിയിൽ പ്രധാനമന്ത്രി മോദി നിരീക്ഷിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഈ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾക്കു മാത്രമല്ല, ലോകത്തിനാകെയും സുപ്രധാനമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ പറഞ്ഞു.
‘അടുത്തതായി എന്തു പദ്ധതി മുന്നോട്ടു കൊണ്ടുവരാം എന്നതിൽ മാത്രമല്ല നമ്മുടെ പങ്കാളിത്തം പ്രധാനമാകുന്നത്. കാലാവസ്ഥാ വ്യതിയാനം തടുക്കാനും പ്രപഞ്ചം മുഴുവൻ പര്യവേക്ഷണം നടത്താനും ജനങ്ങളെ പട്ടിണിയിൽ നിന്നും പുറത്തുകൊണ്ടുവരാനും മഹാമാരികൾ തടുക്കാനും പൗരന്മാർക്ക് നല്ല അവസരങ്ങൾ നൽകാനുമെല്ലാമാണ് ഈ പങ്കാളിത്തം ഉപയോഗപ്പെടുക.’ ബൈഡൻ പറഞ്ഞു.