ജനനം അമേരിക്കയിലെ മിസ്സൗറിയിലെ സെയ്ന്റ് ലൂയിസിൽ, 1906ലാണ്. പത്തൊൻപതു വയസ്സായപ്പോഴേക്കും രണ്ടു വിവാഹവും രണ്ടു വിവാഹമോചനവും. ഇതിനിടെ നിരവധി പുരുഷന്മാർക്കും സ്ത്രീകൾക്കുമൊപ്പം ജീവിതം. അങ്ങനെ ഇരിക്കുമ്പോൾ ഫ്രാൻസിലെ എലിസീസ് തിയറ്ററിൽ ജോലികിട്ടി നേരേ ഫ്രാൻസിലേക്ക്. ഇരുപതു വയസ്സു തികയുന്നതേയുണ്ടായിരുന്നുള്ളൂ അപ്പോൾ. ആ സ്‌റ്റേജിൽ ആദ്യ ദിനം തന്നെ അരയ്ക്കു മുകളിൽ വസ്ത്രങ്ങളില്ലാതെ കയറി നിന്ന് എല്ലാ സൗന്ദര്യ സങ്കൽപങ്ങളും തിരുത്തി ജോസഫൈൻ ബേക്കർ. ആഫ്രിക്കൻ വനിതകളുടെ ശരീരത്തെ കുറിച്ചുള്ള മുൻവിധികൾ മാത്രമല്ല അതോടെ മാറിയത്, ആഗോള കാഴ്ചപ്പാടുകൾ തന്നെയാണ്. വമ്പൻ പ്രതിഷേധം ഒരു വശത്തു തുടരുമ്പോൾ തന്നെ മറുവശത്ത് വലിയ ആരാധകവൃന്ദം ഉണ്ടായി വരുന്ന സ്ഥിതി.
advertisement
അരങ്ങിൽ നിന്ന് ചാരവനിത
1937ൽ ഫ്രഞ്ചു വ്യവസായിയും ജൂതനുമായ ജീൻ ലയനുമായി വിവാഹം. തൊട്ടടുത്ത വർഷമാണ് ജോസഫൈൻ ബേക്കർ ഒരു രാജ്യത്തിന്റെ തന്നെ ഭാവി മാറ്റിമറിച്ച ഇടപെടലുകൾ ആരംഭിച്ചത്. ബ്രിട്ടനും ഫ്രാൻസും ജർമനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ച 1939. ഫ്രഞ്ച് കൗണ്ടർ ഇന്റലിജൻസ് സർവീസിന്റെ അനുമതിയോടെ ജോസഫൈൻ ലോകം ചുറ്റാൻ തുടങ്ങി. മ്യൂസിക്കൽ നോട്ടുകളിൽ കുറിച്ച് ഫ്രാൻസിലേക്ക് അയച്ചത് ജർമനിയെക്കുറിച്ചുള്ള ആഭ്യന്തര രഹസ്യങ്ങളായിരുന്നു.
പക്ഷേ, യുദ്ധം ജയിക്കാൻ ഫ്രാൻസിനായില്ല. ജർമനി ഫ്രാൻസിൽ അധികാരം സ്ഥാപിച്ചതോടെ അതംഗീകരിക്കാതെ ജോസഫൈൻ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലേക്കു താവളം മാറ്റി. അതോടെ സ്വന്തം സംഗീത സംഘം തന്നെ ചാരന്മാരുടെ താവളമാക്കി. ലോകമെങ്ങു നിന്നും പത്തു ദശലക്ഷം യൂറോയാണ് ഫ്രാൻസിനു വേണ്ടി സമാഹരിച്ചത്. ഫ്രാൻസിന് രണ്ടാം ലോകയുദ്ധത്തിൽ ഒരു വ്യക്തി സമാഹരിച്ചു നൽകിയ ഏറ്റവും വലിയ തുക. സ്വന്തം സമ്പാദ്യവും വീടും എല്ലാം വിറ്റ് പണം മുഴുവൻ പൂർണമായും യുദ്ധച്ചെലവുകൾക്കായി നൽകി. ആ ബേക്കറെ ഫ്രഞ്ച് ലിബറേഷൻ ആർമിയുടെ സെക്കൻഡ് ലഫ്റ്റനന്റായി നിയമിച്ചാണ് രാജ്യം അന്നു ബഹുമാനിച്ചത്.
Also Read-Parag Agrawal | ആരാണ് പരാഗ് അഗ്രവാള്‍? ഐഐടി ബോംബെയിൽ നിന്ന് ട്വിറ്റർ സിഇഒ സ്ഥാനത്തേയ്ക്ക്
യുദ്ധത്തിനിടെ വെടിയേറ്റ വിമാനം കടലിൽ ഇറക്കി രക്ഷപെട്ട സംഘത്തിൽ ബേക്കറും ഉണ്ടായിരുന്നു. സൈനികർക്കായി നിരവധി സംഗീത, നൃത്ത സദസ്സുകൾ. നാസി ജർമനിക്കെതിരായ ചാരപ്രവൃത്തി. ഒടുവിൽ ജർമനിക്കെതിരായ യുദ്ധം ലോകം ജയിച്ചപ്പോൾ ബേക്കറിന്റെ പ്രതിസന്ധികൾ തുടങ്ങുകയായിരുന്നു. ലോകമഹായുദ്ധത്തിനു ശേഷം ജന്മനാടായ അമേരിക്ക ബേക്കറിന് വിലക്ക് ഏർപ്പെടുത്തി. കമ്യൂണിസ്റ്റ് എന്ന മുദ്രകുത്തിയായിരുന്നു ആ ഉപരോധം. 15 വർഷത്തിനു ശേഷം 1963ൽ ജോൺ എഫ് കെന്നഡിയാണ് വിലക്കു നീക്കി ബേക്കറെ അമേരിക്കയിലേക്കു ക്ഷണിക്കുന്നത്.
പൂർത്തിയാകാത്ത സ്വപ്‌നങ്ങൾ
വാഷിങ്ടണിൽ കെന്നഡിയുടെ പ്രശസ്തമായ എനിക്കൊരു സ്വപ്‌നമുണ്ട് പ്രസംഗത്തിനു മുൻപ് ആ വേദിയിൽ സംസാരിച്ച ഏക വനിതയും ബേക്കർ ആയിരുന്നു. തിരികെ ഫ്രാൻസിൽ മടങ്ങിയെത്തിയ ബേക്കർ 12 രാജ്യങ്ങളിൽ നിന്നായി 12 കുഞ്ഞുങ്ങളെ ദത്തെടുത്തു. ആഗോള സൗഹാർദ്ദത്തിനായി ഒരു 'മഴവിൽ ഗോത്രം' വളർത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, സമ്പാദ്യമെല്ലാം നഷ്ടമായിക്കഴിഞ്ഞിരുന്ന ബേക്കറിന് അങ്ങനെ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. യുദ്ധാനന്തരം വാങ്ങിയ വസ്തുവകകൾ കൂടി ജപ്തി ചെയ്യപ്പെട്ടു. പാപ്പരായി പ്രഖ്യാപിച്ച ബേക്കറിന് ഒടുവിൽ അഭയം നൽകിയത് മൊണാകോയിലെ രാജകുമാരിയാണ്. ബേക്കറിനും 12 കുഞ്ഞുങ്ങൾക്കും ജീവിക്കാനുള്ള സൗകര്യങ്ങൾ മോണോക്കോയിലെ ഗ്രേസ് രാജകുമാരി നൽകി. അവിടെ നിന്ന് സംഗീത വേദിയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് ആദ്യ യാത്രയ്ക്കിടെയായിരുന്നു മസ്തിഷ്‌കാഘാതവും അന്ത്യവും. മൊണോക്കോയിൽ തന്നെ അന്ത്യകർമങ്ങളും നടത്തി.
മൊണോക്കോയുടെ അഭ്യർത്ഥന മാനിച്ച് ഭൗതികാവശിഷ്ടങ്ങൾ ഇപ്പോൾ ഫ്രാൻസിലേക്കു കൊണ്ടുവരുന്നില്ല. ജനിച്ച അമേരിക്കയിൽ നിന്നും വളർന്ന ഫ്രാൻസിൽ നിന്നും അന്തരിച്ച മൊണോക്കോയിൽ നിന്നുമുള്ള മണ്ണാണ് പാന്തിയണിലെ കല്ലറയിൽ അടക്കുക. ഇതുവരെ 72 പ്രഗൽഭർക്കു മാത്രം പ്രവേശനം കിട്ടിയിട്ടുള്ള മഹത്തായ കല്ലറയാണ് പാന്തിയണിലേത്. ലോകത്തെ തന്നെ ഏറ്റവും പ്രൗഢമായ അന്ത്യവിശ്രമ സ്ഥലങ്ങളിൽ ഒന്ന്. അവിടേക്കാണ് ലോകത്തെ മാറ്റിമറിച്ച കറുത്തവർഗക്കാരിയായ ഒരു പഴയ കാബറേ നർത്തകിയ്ക്ക് പ്രവേശനം നൽകുന്നത്. ഈ നീക്കത്തിന് ഫ്രഞ്ച് വിപ്‌ളവം എന്നു തന്നെയാണ് ചേരുന്ന വിശേഷണം.