കെട്ടിടങ്ങളിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ കസാന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. മോസ്‌കോയില്‍ നിന്ന് 800 മീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന നഗരമാണ് കസാന്‍.
'' കസാന്‍ നഗരത്തിലേക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായിരിക്കുന്നു. ശത്രുക്കള്‍ സാധാരണക്കാര്‍ക്ക് നേരെയും ആക്രമണമഴിച്ചുവിടുകയാണ്,'' എന്ന് ടാര്‍ടര്‍സ്ഥാന്‍ റിപ്പബ്ലിക് നേതാവ് റുസ്തം മിന്നിഖാനോവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍ ആക്രമണങ്ങളില്‍ ഉക്രൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
advertisement
ഡിസംബര്‍ 21ന് രാവിലെ പ്രാദേശിക സമയം 7.40 നും 9.20നുമിടയില്‍ നിരവധി ഡ്രോണുകള്‍ ബഹുനില കെട്ടിടങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് ഡ്രോണുകള്‍ വെടിവെച്ചിട്ടതായും അധികൃതര്‍ അറിയിച്ചു. എത്ര ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് നടത്താനിരുന്ന പൊതുപരിപാടികള്‍ അധികൃതര്‍ റദ്ദാക്കി. കൂടാതെ കസാനിലെ ഇഷെവെസ്‌ക് വിമാനത്താവളത്തിലും സരാടോവ് എയര്‍പോര്‍ട്ടിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതായി റഷ്യ അറിയിച്ചു.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ റഷ്യയിലെ സരാടോവ് നഗരത്തിലെ കെട്ടിടത്തിന് നേരെയും സമാനമായ രീതിയില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്ന ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമില്ലെന്ന് റഷ്യ പറഞ്ഞതിന് ആഴ്ചകള്‍ക്ക് പിന്നാലെയാണ് ഉക്രൈന്റെ ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഉക്രൈനിലെ വെടിനിര്‍ത്തല്‍ കരാറിനെപ്പറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തയ്യാറായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉക്രൈനിലെ 20 ശതമാനത്തോളം പ്രദേശം നിലവില്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം നാറ്റോയില്‍ ചേരാനുള്ള തീരുമാനം ഉപേക്ഷികാത്തപക്ഷം ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
2022 ഫെബ്രുവരിയിലാണ് റഷ്യ ഉക്രൈനെ ആക്രമിച്ചത്. പതിനായിരക്കണക്കിന് പേരാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളാകുകയും ചെയ്തു. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാനും സംഘര്‍ഷം വഴിവെച്ചു.