രണ്ടാമത്തെ ആക്രമണത്തില്‍ കെച്ചിലെ കുലാഗ് ടിഗ്രാന്‍ പ്രദേശത്ത് പാകിസ്ഥാന്‍ സൈന്യത്തിന്റെ ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തെയാണ് ബിഎല്‍എ ലക്ഷ്യം വെച്ചത്.
പാകിസ്ഥാന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. പ്രധാനമായും ബലൂച് സുന്നി ഗോത്ര സമൂഹം വസിക്കുന്ന ബലൂച് മേഖല മൂന്ന് രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്നു. പടിഞ്ഞാറന്‍ മേഖലയായ സിസ്തന്‍ ബലൂചിസ്ഥാന്‍ ഇറാനിലും ഒരു ഭാഗം പാകിസ്ഥാനിലും വടക്കന്‍ മേഖല അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്നു. ബലൂചിസ്ഥാന്‍ പാകിസ്ഥാനിലെ നാലു പ്രവിശ്യകളില്‍ ഏറ്റവും വലുതാണ്. പാകിസ്ഥാന്റെ മൊത്തം ഭൂവിസ്തൃതിയുടെ 44%വും ബലൂചിസ്ഥാന്റെ സംഭാവനയാണെങ്കിലും ജനസംഖ്യയുടെ 5% മാത്രമാണ് ഇവിടെ വസിക്കുന്നത്. ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാന്‍ ധാതു നിക്ഷേപങ്ങളാല്‍ സമൃദ്ധമാണ്. സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന ആവശ്യമുയര്‍ത്തി 1970 കളില്‍ നടന്ന പ്രക്ഷോഭത്തെ പാക്ക് സൈന്യം അടിച്ചമര്‍ത്തിയിരുന്നു. കേരളത്തിന്റെ പകുതിയില്‍ താഴെ മാത്രമാണ് ബലൂചിസ്ഥാനിലെ ജനസംഖ്യ. എന്നാല്‍ കേരളത്തിന്റെ പത്തിരട്ടിയോളം വലുപ്പം ബലൂചിസ്ഥാനുണ്ട്.
advertisement
സാമ്പത്തികമായ അടിച്ചമര്‍ത്തല്‍, പഞ്ചാബ് വിരുദ്ധ വികാരം, നിര്‍ബന്ധിത തിരോധാനങ്ങള്‍, നിയമവിരുദ്ധ കൊലപാതകങ്ങള്‍ എന്നിവയ്ക്കെല്ലാം പുറമെ പരമ്പരാഗതമായി ബലൂചിസ്ഥാന്‍ ഉയര്‍ത്തുന്ന വിഷയങ്ങളും ഇപ്പോഴത്തെ ആക്രമണ പരമ്പരയ്ക്ക് കാരണമായിട്ടുണ്ട്.
ബലൂചിസ്ഥാനിലെ ധാതുസമ്പത്ത് പര്യവേഷണം ചെയ്യുമ്പോള്‍ അതിന്റെ ഗുണം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന ധാരണയാണ് കലാപത്തിന് ആക്കം കൂട്ടിയിരിക്കുന്നത്.
വ്യത്യസ്തമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ബലൂച് ജനത പരമ്പരാഗതമായി മതേതരമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നിരുന്നാലും തീവ്രവാദ, മത പ്രത്യയശാസ്ത്രങ്ങളാല്‍ നയിക്കപ്പെടുന്ന ടിടിപി പോലെയുള്ള സംഘടനകളുമായി അവര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നിലെന്ന് പാക് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്.
ബലൂചിസ്ഥാന്‍ മേഖല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബലൂച് തീവ്രവാദ സംഘടനയാണ് ബിഎല്‍എ. തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ചിതറിക്കിടക്കുന്ന താവളങ്ങള്‍ കേന്ദ്രമാക്കിയാണ് ബിഎല്‍എ പ്രവര്‍ത്തിക്കുന്നത്. അയല്‍രാജ്യമായ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബിഎല്‍എ ആക്രമണങ്ങള്‍ നടത്തി വരുന്നു. പാക് സൈന്യത്തെയും സാധാരണക്കാരെയും വിദേശ പൗരന്മാരെയും ബിഎല്‍എ പലപ്പോഴും ലക്ഷ്യമിടുന്നു.
2000ന്റെ മധ്യത്തിലാണ് ബിഎല്‍എയുടെ നേതൃത്വത്തിൽ ആദ്യത്തെ ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാനിലെ നിരവധി അധികൃതര്‍ക്കെതിരേ നടത്തിയ ബോംബ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തു. പാകിസ്ഥാന്‍, ചൈന, ഇറാന്‍, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ബിഎല്‍എയെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ബലൂച് ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനും ബലൂചിസ്ഥാനെ പാകിസ്ഥാനില്‍ നിന്ന് വേര്‍പ്പെടുത്തുന്നതിനുമായി 2004ലാണ് ബിഎല്‍എ പാകിസ്ഥാനെതിരേ പോരാട്ടം ആരംഭിച്ചത്.
ബലൂചിസ്ഥാനില്‍ താമസിക്കുന്ന ബലൂചികളല്ലാത്തവരെയും സാധാരണക്കാരെയും ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്താന്‍ 2009 ഏപ്രില്‍ 15ന് ബലൂചികളോട് ബലൂചി ആക്ടിവിസ്റ്റ് ബ്രഹംദാഗ് ഖാന്‍ ബുഗ്തി (ബിഎല്‍എ നേതാവാണെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു) ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ പഞ്ചാബി നിവാസികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ആരംഭിച്ചു. ഇത് ഏകദേശം 500 പേരുടെ മരണത്തിന് ഇടയാക്കി. ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചതിന്റെ ഉത്തരവാദിത്തം പിന്നീട് ബിഎല്‍എ നേതാക്കള്‍ ഏറ്റെടുത്തു.
ഗ്വാദര്‍ തുറമുഖ നഗരത്തോടും ബിഎല്‍എയ്ക്ക് എതിര്‍പ്പാണ്. 2019ല്‍ പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ ബിഎല്‍എ ചൈനീസ് പൗരന്മാരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തി.
ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങള്‍ ബിഎല്‍എ ദീര്‍ഘകാലമായി സ്വാതന്ത്ര്യത്തിനായി നടത്തി വരുന്ന സംഘര്‍ഷത്തെ അടിവരയിടുന്നു. രാഷ്ട്രീയപരമായ വേര്‍തിരിവ്, മനുഷ്യാവകാശ ലംഘനങ്ങള്‍, പാക് ഭരണകൂടവും സൈന്യവും പ്രദേശത്തെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നു എന്നിവയാണ് ആക്രമണം നടത്താന്‍ ബിഎല്‍എയെ പ്രേരിപ്പിച്ചത്.
ബലൂചിസ്ഥാനില്‍ ധാതുസമ്പത്ത് ശേഖരം സമൃദ്ധമായുണ്ടെങ്കിലും അതിന്റെ നേട്ടം കൊയ്യുന്നത് പാക് സർക്കാരും വിദേശനിക്ഷേപകരുമാണെന്ന് ബിഎല്‍എ ആരോപിക്കുന്നു. കൂടാതെ ഇത് അവിടയുള്ള പ്രാദേശിക സമൂഹങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതായും അവര്‍ കരുതുന്നു. അവര്‍ പാക് സൈന്യത്തെ പ്രതിരോധ സേനയായല്ല മറിച്ച് അധിനിവേശക്കാരായാണ് കാണുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 11ന് ബലൂചിസ്ഥാനിലെ ബോലാന്‍ പ്രദേശത്ത് 400ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ജാഫര്‍ എക്‌സപ്രസ് ടെയിനില്‍ ബിഎല്‍എ പ്രവര്‍ത്തകര്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തി യാത്രക്കാരെ ബന്ദികളാക്കിയിരുന്നു.