ന്യൂട്രീഷന്‍ ട്രാക്കിങ് ആപ്പായ 'കാല്‍ എഐ' യുടെ സ്ഥാപകനും സി.ഇ.ഒ.യുമാണ് സാക് യാഡേഗാരി. തനിക്ക് പ്രവേശനം നല്‍കാത്തതും നല്‍കിയതുമായ എല്ലാ കോളെജുകളുടെയും പേര് വിവരങ്ങളും അദ്ദേഹം എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ദശലക്ഷകണക്കിന് ഡോളര്‍ മൂല്യമുള്ള ബിസിനസും ശ്രദ്ധേയമായ അക്കാദമിക മികവും ഉണ്ടായിട്ടും ഹാര്‍വാര്‍ഡ്, പ്രിന്‍സ്റ്റണ്‍, യേല്‍, സ്റ്റാന്‍ഫോര്‍ഡ്, എം.ഐ.ടി. തുടങ്ങി അമേരിക്കയിലെ മുന്‍നിര സര്‍വകാലാശാലകളില്‍ പ്രവേശനം നേടാന്‍ സാക്കിന് സാധിച്ചില്ല. വാഷു, കൊളംബിയ, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ, ഡ്യൂക്ക്, യു.എസ്.സി., യു.വി.എ., ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റി, ബ്രോണ്‍, കോര്‍ണല്‍, വാന്‍ഡര്‍ബില്‍റ്റ് തുടങ്ങിയ സ്ഥാപനങ്ങളും ന്യൂയോര്‍ക്കില്‍ നിന്നുള്ള ശതകോടീശ്വരനായ സാക് യാഡെഗാരിക്ക് പ്രവേശനം നിരസിച്ചവരില്‍ ഉള്‍പ്പെടുന്നു.
advertisement
അതേസമയം, ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ജോര്‍ജിയ ടെക്), യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, മിയാമി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പ്രവേശനം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അക്കാദമിക, ബിസിനസ് മികവ് കാണിക്കുന്ന സ്‌കോറുകളും അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. 34 എ.സി.ടി. സ്‌കോറും 4.0 ജി.പി.എ. (ഗ്രേഡ് പോയിന്റ് ആവറേജ്) തനിക്കുണ്ടെന്നും തന്റെ സ്റ്റാര്‍ട്ടപ്പ് ഏകദേശം മൂന്ന് കോടി രൂപയുടെ (30 മില്യണ്‍ ഡോളര്‍) വാര്‍ഷിക വരുമാനം നേടുന്നുണ്ടെന്നും സാക് എക്‌സില്‍ കുറിച്ചു.
കോളെജ് പ്രവേശനത്തെ കുറിച്ചും തുടര്‍ന്നുള്ള പോസ്റ്റില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഉന്നതവിദ്യഭ്യാസം ആവശ്യമില്ലെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് സാക് പറയുന്നു. ഏഴാം വയസിലാണ് കോഡിങ് ചെയ്യാന്‍ തുടങ്ങിയതെന്നും 12-ാം വയസില്‍ ആദ്യ ആപ്പ് പുറത്തിറക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.
ഇപ്പോഴത്തെ സംരംഭമായ 'കാല്‍ എഐ' വികസിപ്പിക്കുന്നതിനായാണ് സാക് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് മാറിയത്. ഭക്ഷണ ചിത്രങ്ങളില്‍ നിന്നും കലോറി ട്രാക്ക് ചെയ്യുന്നതിനുള്ളതാണ് 'കാല്‍ എഐ' ആപ്പ്. ലക്ഷക്കണക്കിന് വരുമാനം നേടികൊണ്ട് ഈ രംഗത്ത് വളരെ വേഗത്തില്‍ വളരുന്ന ഒന്നായി 'കാല്‍ എഐ' മാറി.
എന്നാല്‍, സാമ്പത്തിക വിജയം കൈവരിച്ചിട്ടും കോളെജ് വിദ്യാഭ്യാസം അനാവശ്യമാണെന്ന് കരുതുന്ന നിക്ഷേപകരുടെയും ഉപദേശകരുടെയും ഇടയിലായിരുന്നിട്ടും എന്തോ ഒരു നഷ്ടബോധം അനുഭവപ്പെട്ടതായി അദ്ദേഹം പറയുന്നു. കോളെജ് എന്നത് വെറുമൊരു പരമ്പരാഗത രീതി മാത്രമല്ലെന്ന് പതിയെ സാക് തിരിച്ചറിഞ്ഞു. കര്‍മ്മരംഗത്ത് മികവിന് സഹായിക്കുന്ന ഒന്നാണ് കോളെജ് വിദ്യാഭ്യാസമെന്നും കമ്പ്യൂട്ടറുകളിലും ടെക്സ്റ്റ് ബുക്കുകളിലുമുള്ളതിനേക്കാള്‍ കോളെജ് സാഹചര്യത്തില്‍ നിന്നും പ്രൊഫസര്‍മാരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ധാരാളം പഠിക്കാനുണ്ടെന്നും സാക് യാഡേഗാരി കൂട്ടിച്ചേര്‍ത്തു.
സാക് യാഡെഗാരിയുടെ പോസ്റ്റ് വളരെ വേഗത്തില്‍ ഓണ്‍ലൈനില്‍ ശ്രദ്ധനേടി. ഇതോടെ സാക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളും വന്നിട്ടുണ്ട്.