ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമറിലുണ്ടായത്. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി മധ്യ മ്യാൻമറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് പുറത്തുവന്ന റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ പൂർണമായും തകർന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മ്യാൻമറിലും തായ്ലൻഡിലുമുണ്ടായ ശക്തമായ ഭൂചലനത്തിലും നാശ നഷ്ടങ്ങളിലും പ്രധാന മന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തി. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നെന്നും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാന മന്ത്രി എക്സിലൂടെ അറിയിച്ചു.
advertisement
മ്യാന്‍മറിലുണ്ടായ വമ്പൻ ഭൂചലനത്തിൽ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് തായ്ലാൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണ്. അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടാൻ സൗകര്യം ഒരുക്കിയതായും എംബസി അറിയിച്ചു. സേവനത്തിന് +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.