സർക്കാർ വിരുദ്ധ വികാരത്തിന്റെയും യുവാക്കളുടെ രോഷത്തിന്റെയും പശ്ചാത്തലത്തിൽ മാർച്ചിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ ബാലെൻ ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വൻ വിജയം നേടിയതോടെയാണ്, 35കാരനായ റാപ്പർ നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് മുക്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് എല്ലാ രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകളെയും ക്യാമ്പസുകളിൽ നിന്ന് നീക്കം ചെയ്യാൻ പുതിയ സർക്കാർ ഉത്തരവിട്ടത്. ഇതിന് പകരമായി അടുത്ത 90 ദിവസത്തിനുള്ളിൽ 'സ്റ്റുഡന്റ് കൗൺസിൽ' അല്ലെങ്കിൽ 'വോയ്‌സ് ഓഫ് സ്റ്റുഡന്റ്‌സ്' തുടങ്ങിയ രാഷ്ട്രീയേതര സമിതികൾ രൂപീകരിക്കാനാണ് പദ്ധതി. ക്യാമ്പസുകളിലെ അക്രമങ്ങൾക്കും പണപ്പിരിവിനും പഠന തടസ്സങ്ങൾക്കും അറുതി വരുത്താനാണ് ഈ നീക്കമെന്നാണ് സർക്കാർ വാദം. എന്നാൽ ഈ നീക്കം ജനാധിപത്യപരമായ പങ്കാളിത്തത്തെ തകർക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
advertisement
സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളാകുന്നതും സർക്കാർ വിലക്കി. ഭരണനിർവ്വഹണത്തിലെ രാഷ്ട്രീയ ഇടപെടൽ കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് അനുകൂലികൾ കരുതുമ്പോൾ, തൊഴിലാളികളുടെ അവകാശങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്ന് എതിർപ്പും ഉയരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു.
ബിരുദ പ്രവേശനത്തിനുള്ള പൗരത്വ നിബന്ധന ഒഴിവാക്കി, പരീക്ഷാ ഫലങ്ങൾക്കായി കൃത്യമായ അക്കാദമിക് കലണ്ടർ കൊണ്ടുവന്നു, അഞ്ചാം ക്ലാസ് വരെയുള്ള ആഭ്യന്തര പരീക്ഷകൾ ഒഴിവാക്കി പകരം മറ്റ് മൂല്യനിർണ്ണയ രീതികൾ നടപ്പിലാക്കി. കൂടാതെ, ഓക്സ്ഫോർഡ്, സെന്റ് സേവ്യേഴ്സ് തുടങ്ങിയ വിദേശ പേരുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഈ അധ്യയന വർഷം മുതൽ മൗലികമായ പേരുകൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു.
ഭരണപരിഷ്കാരങ്ങൾക്കൊപ്പം രാഷ്ട്രീയ എതിരാളികൾക്കെതിരെയും സർക്കാർ കർശന നടപടി സ്വീകരിച്ചു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെയും മുൻ മന്ത്രി രമേഷ് ലേഖക്കിനെയും കഴിഞ്ഞ വർഷം നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട 77 പേരുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. കൂടാതെ, ഒരു ബാലികയെ വീട്ടുജോലിക്ക് നിർത്തി എട്ടു വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിൽ എം.എൽ.എ രേഖ ശർമ്മയെയും അറസ്റ്റ് ചെയ്തു.
പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട 27 വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് ബാലെൻ ഷാ പ്രഖ്യാപിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന് അംഗീകാരം നൽകുകയും നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി നിയമന നടപടികൾ ആരംഭിക്കുകയും ചെയ്തു.
