അതേസമയം നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യതകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. അന്തിമ തീരുമാനം എടുക്കേണ്ടത് കൊല്ലപ്പെട്ട തലാലിൻറെ കുടുംബമാണ്. ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി. യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തൻ സാമുവൽ ജെറോമും ഇത്തരത്തിൽ പ്രതികരിച്ചു.
നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരിയ യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെ പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തലാല്‍ അബ്ദു മഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിൽ 2018 ല്‍ വധശിക്ഷ വിധിച്ചു. നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി അമ്മ ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഈ തീരുമാനം എത്തിയിരിക്കുന്നത്.
advertisement