പുലര്‍ച്ചെ 2.30-ന് അസിം മുനീര്‍ ഫോണിലൂടെ പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ വ്യാപക ആക്രമണങ്ങളെ കുറിച്ച് അറിയിച്ചതായാണ് ഷെഹ്ബാസ് ഷെരീഫ് വെളിപ്പെടുത്തിയത്. നൂര്‍ ഖാന്‍ ഉള്‍പ്പെടെ വിവിധ വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതായി അസിം മുനീര്‍ അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്ഥാന്റെ സൈനിക വൃത്തങ്ങളില്‍ പ്രതിധ്വനിച്ചു. ഇന്ത്യന്‍ സായുധ സേനയുടെ സമാനതകളില്ലാത്ത കൃത്യതയും സൈനിക ചാതുര്യവുമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പ്രകടമായത്. ഈ സൈനിക നടപടിയുടെ വ്യാപ്തി പാക്കിസ്ഥാന്‍ നേതൃത്വത്തെ പോലും അദ്ഭുതപ്പെടുത്തിയെന്നതിന് തെളിവാണ് കുറച്ച് വൈകിയാണെങ്കിലും പാക് പ്രധാനമന്ത്രി നടത്തിയ ഇപ്പോഴത്തെ സ്ഥിരീകരണം.
advertisement
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയിലെത്തിയ വിവരവും സൈനിക മേധാവി വിളിച്ച് അറിയിച്ചതായി ഷെഹ്ബാസ് ഷെരീഫ് പറയുന്നു. ഇന്ത്യക്ക് തങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യ ഇപ്പോള്‍ വെടിനിര്‍ത്തല്‍ തേടുകയാണെന്നും പാക് സൈനിക മേധാവി ഫാേണില്‍ പറഞ്ഞതായി പ്രധാനമന്ത്രി അറിയിച്ചു.
"ശത്രുക്കള്‍ക്കെതിരെ നിങ്ങള്‍ ശക്തമായി പ്രതികരിച്ചു, ഇപ്പോള്‍ അവര്‍ വെടിനിര്‍ത്തല്‍ നടത്താന്‍ നിര്‍ബന്ധിതരായി എന്നത് അഭിമാനകരമായ കാര്യമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു", ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. മേയ് 10ന്- ആണ് പാക്കിസ്ഥാനുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ഇന്ത്യ സ്ഥിരീകരിച്ചത്. എന്നാല്‍, ഇത് വ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും ആക്രമണങ്ങള്‍ ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു.
നൂര്‍ ഖാന്‍ വ്യോമതാവളം ആക്രമിക്കപ്പെട്ട കാര്യം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണെന്നും ഓപ്പറേഷന്‍ സിന്ദൂറിന്റെ ധീരതയ്ക്കും കാര്യക്ഷമതയ്ക്കുമുള്ള തെളിവാണിതെന്നും ബിജെപി ദേശീയ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളുടെ വിവരണം കേട്ടാണ് മേയ് പത്തിന് പാക് പ്രധാനമന്ത്രി ഉണര്‍ന്നതെന്നും ഇത് ഇന്ത്യയുടെ ധീരതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.
ഇസ്ലാമാബാദിനടുത്ത് റാവല്‍പിണ്ടിയിലെ ചക്ലാലയിലാണ് നൂര്‍ ഖാന്‍ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാന്‍ വ്യോമസേനയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണിത്. പിഎഎഫിന്റെ ലോജിസ്റ്റിക്കല്‍, ഗതാഗത, സ്ട്രാറ്റജിക് എയര്‍ലിഫ്റ്റ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും പാക്കിസ്ഥാനിലെ ഉന്നത നേതൃത്വത്തിന്റെ വ്യോമ യാത്രയ്ക്ക് ഉത്തരവാദിത്തം വഹിക്കുന്ന വിഐപി വിമാന വ്യൂഹത്തിന് നിയന്ത്രണം നല്‍കുന്ന കേന്ദ്രം കൂടിയാണ് നൂര്‍ ഖാന്‍ വ്യോമതാവളം.
പാക്കിസ്ഥാന്‍ പിന്തുണയോടെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷനില്‍ നൂര്‍ ഖാന്‍ വ്യോമതാവളം ഉള്‍പ്പെടെയുള്ള പ്രധാന പാക്കിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നിര്‍ണായക വ്യോമാക്രമണം നടത്തി. മുമ്പ് പിഎഎഫ് ചക്ലാല എന്നറിയപ്പെട്ടിരുന്ന ഈ താവളത്തില്‍ സാബ് എറിയെ (വ്യോമസേനയുടെ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍), സി130 ഗതാഗത വിമാനങ്ങള്‍, ഐഎല്‍78 ആകാശ ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകള്‍ തുടങ്ങി പാക്കിസ്ഥാന്റെ നിര്‍ണായക സംവിധാനങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഈ ആക്രമണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.
കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സാണ് ഈ വ്യോമതാവളം ആദ്യം വികസിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇത് സജീവ പങ്കുവഹിച്ചു. സഖ്യകക്ഷി സൈനികര്‍ക്കായി ഇവിടെ പാരച്യൂട്ട് പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പിന്നീടുള്ള ദശകങ്ങളില്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ പ്രധാന ഗതാഗത, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളിലൊന്നായി ഈ ബേസ് മാറി. പുതിയ ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്നതിന് മുമ്പ് വരെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളവും ഈ സ്ഥലത്താണ് പ്രവര്‍ത്തിച്ചിരുന്നത്.
ഈ കേന്ദ്രത്തിന്റെ നാശം പാക്കിസ്ഥാനെ സംബന്ധിച്ച് ഒരു തന്ത്രപരമായ തിരിച്ചടിയാണ്. റണ്‍വേകള്‍, റഡാര്‍ സൈറ്റുകള്‍, വിമാന ഹാംഗറുകള്‍, കമാന്‍ഡ് സെന്ററുകള്‍ എന്നിവ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമസേന ഏകദേശം 11 പാക്കിസ്ഥാന്‍ വ്യോമതാവളങ്ങളില്‍ കൃത്യമായ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ ആക്രമണങ്ങളില്‍ പാക്കിസ്ഥാനില്‍ വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. നിര്‍ണായക വ്യോമതാവളങ്ങളിലും സൈനിക ഗതാഗത വാഹനങ്ങളിലും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ശ്രദ്ധേയമായ കാര്യക്ഷമതയോടെയാണ് ഇന്ത്യ ദൗത്യം നിര്‍വ്വഹിച്ചത്. വെറും 23 മിനിറ്റിനുള്ളില്‍ ഇന്ത്യ ഒന്നിലധികം മിസൈലുകള്‍ വിക്ഷേപിച്ചു. ഇത് നാശത്തിന്റെ പൂര്‍ണ്ണ വ്യാപ്തി വിലയിരുത്താന്‍ പാക്കിസ്ഥാനെ ബുദ്ധിമുട്ടിക്കുന്നു.
കൂടുതല്‍ ആക്രമണങ്ങള്‍ ഭയന്ന് പാക്കിസ്ഥാൻ തങ്ങളുടെ സൈനിക ആസ്ഥാനം റാവല്‍പിണ്ടിയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ലോകം ഇന്ത്യയുടെ സൈനിക ശക്തിയെ തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ദൗത്യത്തിന്റെ കൃത്യതയും കാര്യക്ഷമതയും വളരെയധികം പ്രശംസിക്കപ്പെട്ടു.