പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി മരവിപ്പിച്ചതിനെ പരാമർശിച്ചായിരുന്നു പ്രകോപന പ്രസംഗം. "നിങ്ങൾ ഞങ്ങള്‍ക്കുള്ള വെള്ളം നിർത്തിയാൽ, ഞങ്ങൾ നിങ്ങളുടെ ശ്വാസം മുട്ടിക്കും"- അദ്ദേഹം പറഞ്ഞു. സിന്ധു നദീജല കരാര്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ അയച്ച കത്ത് നേരത്തെ ഇന്ത്യ നിരസിച്ചിരുന്നു. ഭീകരവാദം അവസാനിപ്പിക്കാതെ തീരുമാനം പുനപരിശോധിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞത്.
ലോകബാങ്കിന്റെ മധ്യസ്ഥതയിലുള്ള സിന്ധു നദീജല ഉടമ്പടി, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദിയും അതിന്റെ അഞ്ച് പോഷകനദികളായ സത്‌ലജ്, ബിയാസ്, രവി, ഝലം, ചെനാബ് എന്നിവയും പങ്കിടുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള നിബന്ധനകൾ അടങ്ങിയതാണ്. അതേസമയം, "രക്തവും വെള്ളവും ഒരേ സമയം ഒരുമിച്ച് ഒഴുകാൻ കഴിയില്ല" എന്ന് ഇന്ത്യ വിവിധ സന്ദർഭങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ഏപ്രിൽ 23 ന് പാകിസ്ഥാനെ ലക്ഷ്യം വച്ചുള്ള നിരവധി നടപടികൾ ഇന്ത്യ പ്രഖ്യാപിച്ചു.
ആദ്യത്തേത് അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല ഉടമ്പടി നിർത്തിവയ്ക്കുക എന്നതാണ്. ഇതിനുപുറമെ, അട്ടാരി അതിർത്തിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചു. പിന്നീട്, മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു, പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ തിരിച്ചടി.