ബാങ്കോക്ക് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി മോദി രാമായണത്തിന്റെ തായ് പതിപ്പായ രാമകീന്‍ കണ്ടു. സദസ്സിലിരുന്ന് രാമകീന്‍ ആസ്വദിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. പ്രധാനമന്ത്രി മോദിയുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും മുന്നില്‍ രാമകീനും തായ് ക്ലാസിക്കല്‍ നൃത്തരൂപത്തിന്റെയും ഭരതനാട്യത്തിന്റെയും സംയുക്ത കലാരൂപവും അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് കലാകാരന്മാരിലൊരാള്‍ എഎന്‍ഐയോട് പറഞ്ഞു.
ബാങ്കോക്കില്‍ നടക്കുന്ന ആറാമത് ബിംസ്‌റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി മോദി തായ്‌ലാന്‍ഡിലെത്തിയത്.
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി, ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, മ്യാന്‍മര്‍ സൈനിക ഭരണകൂട നേതാവ് മിന്‍ ഓങ് ഹ്ലെയിംഗ് തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ബംഗാള്‍ ഉള്‍ക്കടലിന് ചുറ്റുമുള്ള ഏഴ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്രാദേശിക സംഘടനയാണ് ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്‍(ബിംസ്റ്റക്-BIMSTEC). 1997 ജൂണ്‍ ആറിന് ബാങ്കോക്കില്‍ വെച്ച് നടന്ന പ്രഖ്യാപനത്തിലൂടെയാണ് ഈ ഉപ-പ്രാദേശിക സംഘടന സ്ഥാപിതമായത്. ഏഴ് അംഗരാജ്യങ്ങളില്‍ ദക്ഷിണേഷ്യയില്‍ നിന്നുള്ള അഞ്ച് രാജ്യങ്ങളും-ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക-തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള രണ്ട് രാജ്യങ്ങളും-മ്യാന്‍മര്‍, തായ്‌ലന്‍ഡ്- എന്നിവയും ഉള്‍പ്പെടുന്നു.
advertisement
''തായ്‌ലാന്‍ഡിലെ ഔദ്യോഗിക സന്ദര്‍ശനവേളയില്‍ സംസ്‌കാരം, തത്വചിന്ത, ആത്മീയ ചിന്ത എന്നിവയാൽ ശക്തമായ അടിത്തറയില്‍ അധിഷ്ഠിതമായ ബന്ധം ഊട്ടിയുറപ്പിക്കാൻ തായ് പ്രധാനമന്ത്രി ഷിനവ്രതയുമായും അവിടുത്തെ ഉന്നത നേതൃത്വവുമായും ചർച്ചകൾ നടത്തും'', തായ് സന്ദര്‍ശത്തിന് മുമ്പ് പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
തായ്‌ലാന്‍ഡ് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ശ്രീലങ്കയും സന്ദര്‍ശിക്കും. ഏപ്രില്‍ നാല് മുതല്‍ ആറ് വരെ താന്‍ ശ്രീലങ്ക സന്ദര്‍ശനത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ''കഴിഞ്ഞ ഡിസംബറില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ദിസനായക നടത്തിയ വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണിത്. ഭാവിയിലേക്കുള്ള പങ്കാളിത്തം വളര്‍ത്തിയെടുക്കുക എന്ന ഇരുരാജ്യങ്ങളുടെയും ലക്ഷ്യത്തിന്റെ പുരോഗതി അവലോകനം ചെയ്യാനും അത് സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നൽകാനും ഈ അവസരം പ്രയോജനപ്പെടുത്തും,'' പ്രധാനമന്ത്രി ഔദ്യോഗിക പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.