സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിലെ വീൽചെയറിൽ നിന്ന് വിറയാർന്ന ശബ്ദത്തിൽ 88കാരനായ പോപ്പ് 'ഹാപ്പി ഈസ്റ്റർ' ആശംസിച്ചു.
ന്യുമോണിയയിൽ നിന്ന് മോചിതനായ പോപ്പ്, വിശുദ്ധവാരത്തിലെ മിക്ക പരിപാടികളിൽ നിന്നും മാറി നിന്നുവെങ്കിലും ഞായറാഴ്ച ഒരു വലിയ ശ്രമം നടത്തി തന്റെ പോപ്പ് മൊബൈലിൽ നിന്ന് ഏകദേശം 15 മിനിറ്റ് നേരം ജനക്കൂട്ടത്തിന് നേരെ കൈ വീശുകയും കുഞ്ഞുങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു.
ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് 35,000-ത്തിലധികം വിശ്വാസികൾ ഉണ്ടായിരുന്ന ജനക്കൂട്ടത്തിന് തന്റെ ഈസ്റ്റർ ആശംസകൾ നേർന്ന ശേഷം, ഫ്രാൻസിസ് മാർപ്പാപ്പ തന്റെ പരമ്പരാഗത 'ഉർബി എറ്റ് ഓർബി' ആശീർവാദ വായന ഒരു സഹകാരിക്ക് കൈമാറി.
advertisement
"മതസ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള ബഹുമാനം എന്നിവയില്ലാതെ സമാധാനം ഉണ്ടാകില്ല" എന്ന് പ്രസംഗത്തിൽ പരാമർശമുണ്ടായി. 'ആശങ്കാജനകമായ' യഹൂദവിരുദ്ധതയേയും ഗാസയിലെ 'നാടകീയവും പരിതാപകരവുമായ' സാഹചര്യത്തെയും അദ്ദേഹം അപലപിച്ചു.
സെന്റ് പീറ്റേഴ്‌സിൽ പോപ്പ് പ്രത്യക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ്, കുടുംബത്തോടൊപ്പം റോം സന്ദർശിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി അദ്ദേഹം ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈസ്റ്റർ കുർബാനയ്ക്ക് വാൻസ് കാത്തുനിന്നില്ല. കുറച്ചു സമയം കഴിഞ്ഞതും,അദ്ദേഹം വത്തിക്കാൻ വിട്ട് ഭാര്യയോടും കുട്ടികളോടും ഒപ്പം റോമിലെ വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള നാല് പാപ്പൽ ബസിലിക്കകളിൽ ഒന്നായ സെന്റ് പോൾ ഔട്ട്‌സൈഡ് ദി വാൾസിലെ ബസിലിക്കയിലെ കുർബാനയിൽ പങ്കെടുക്കാൻ പോയി.
വീൽചെയറിൽ ഇരുന്ന ഫ്രാൻസിസ് മാർപ്പാപ്പ വൈസ് പ്രസിഡന്റിനും ഭാര്യയ്ക്കും കൈ കൊടുക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. കുടിയേറ്റ വിരുദ്ധ നയങ്ങളെച്ചൊല്ലി ഫ്രാൻസിസ് മാർപ്പാപ്പയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവും തമ്മിൽ നടന്ന തർക്കത്തിന് മാസങ്ങൾക്ക് ശേഷമാണ് അവരുടെ കൂടിക്കാഴ്ച നടന്നത്.