അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പ്പാപ്പ
തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പാപ്പയാണ് അദ്ദേഹം. ജെസ്യൂട്ട്(ഈശോസഭ) സന്യാസ സഭയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പ്പാപ്പയും ഫ്രാന്‍സീസ് അസീസിയുടെ പേര് ആദ്യമായി സ്വീകരിച്ച മാര്‍പ്പാപ്പയുമായിരുന്നു അദ്ദേഹം. ആഡംബരവും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും കഴിഞ്ഞ 13ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വൈദികനായ ഫ്രാന്‍സീസ് അസീസിയുടെ പേര് അദ്ദേഹം തിരഞ്ഞെടുക്കുകയായിരുന്നു. 1000 വര്‍ഷത്തിനിടെ യൂറോപ്പിന് പുറത്ത് നിന്ന് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം. കര്‍ദ്ദിനാളായിരുന്ന കാലത്ത് അദ്ദേഹം സ്വയം പാചകം ചെയ്യുകയും പൊതുഗതാഗത സംവിധാനത്തില്‍ സഞ്ചരിക്കുകയും ചെയ്തിരുന്നു. ലാളിത്യത്തില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം മാര്‍പ്പാപ്പമാര്‍ ഔദ്യോഗികമായി ധരിക്കാറുണ്ടായിരുന്ന ചുവന്ന ഷൂ ധരിക്കാന്‍ വിസമ്മതിച്ചു. പകരം വെള്ളിയില്‍ നിര്‍മിച്ച കുരിശും കറുത്ത ഷൂസുമാണ് അദ്ദേഹം ധരിച്ചിരുന്നത്.
advertisement
ഫുട്‌ബോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മാര്‍പ്പാപ്പ ഒരൊറ്റ ശ്വാസകോശവുമായാണ് ജീവിച്ചിരുന്നത്. കൗമാരകാലഘട്ടത്തിലുണ്ടായ ഒരു അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്വാസകോശങ്ങളിലൊന്ന് നീക്കം ചെയ്യുകയായിരുന്നു.
സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മന്‍ എന്നീ ഭാഷകള്‍ അദ്ദേഹം തടസ്സം കൂടാതെ കൈകാര്യം ചെയ്തിരുന്നു. ഇതിന് പുറമെ പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളും അദ്ദേഹത്തിന് വശമുണ്ടായിരുന്നു.
രസതന്ത്രജ്ഞനായാണ് മാര്‍പ്പാപ്പയുടെ കരിയറിന്റെ തുടക്കം. അതിന് ശേഷം സാഹിത്യം, മനശാസ്ത്രം, തത്ത്വചിന്ത എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകനായും പ്രവര്‍ത്തിച്ചു. അര്‍ജന്റീനക്കാരനായ അദ്ദേഹം ടാന്‍ഗോ എന്ന നൃത്തരൂപവും വളരെയധികം ആസ്വദിച്ചിരുന്നു.
ആദ്യമായി സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഉപയോഗിച്ചു തുടങ്ങിയ മാര്‍പ്പാപ്പയാണ് പോപ് ഫ്രാന്‍സിസ്.
വിവാഹേതര ബന്ധത്തില്‍ ജനിച്ച കുട്ടികളെ സ്‌നാനപ്പെടുത്തുന്നതിനെ എതിര്‍ത്ത ലാറ്റിനമേരിക്കന്‍ പുരോഹിതരെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.