വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ നടന്ന ചടങ്ങിൽ സ്കൂൾ കുട്ടികൾക്കൊപ്പമിരുന്നാണ് പ്രസിഡന്‍റ് ഉത്തരവിൽ ഒപ്പിട്ടത്. ഉത്തരവ് ഫെഡറൽ വിദ്യാഭ്യാസ വകുപ്പിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ തുടങ്ങുമെന്ന് ഒപ്പിട്ട ശേഷം ട്രംപ് പറഞ്ഞു. കഴിയുന്നത്രയും വേഗം വിദ്യാഭ്യാസ വകുപ്പ് അടച്ചു പൂട്ടുമെന്നും വകുപ്പ് തങ്ങൾക്കൊരു ഗുണവും ചെയ്യുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. വിദ്യാഭ്യാസത്തിന്റെ ചുമതല അതത് സംസ്ഥാനങ്ങൾക്ക് തിരികെ നൽകുമെന്നും ട്രംപ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്നതിനും വിദ്യാഭ്യാസ അതോറിറ്റി സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോന് നിർദ്ദേശം നൽകി.
advertisement
1979ണ് യു.എസ് വിദ്യാഭ്യാസ വകുപ്പ് നിലവിൽ വന്നത്. ഉത്തരവിൽ ഒപ്പുവച്ചുവെങ്കിലും യുഎസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ വിദ്യാഭ്യാസ വകുപ്പ് പൂർണമായും അടച്ചു പൂട്ടാൻ കഴിയില്ല. എന്നാൽ ഉത്തരവ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും ഫണ്ടുകളുടെ അഭാവത്തിനും കാരണമാകുമെന്നാണ് വിലയിരുത്തൽ
ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെ പിരിച്ചു വിടുമെന്നുള്ളത്. ട്രംപ് നടത്തുന്ന ഗവൺമെന്റ് അഴിച്ചു പണിയിലെ എറ്റവും കടുത്ത നടപടികളിലൊന്നാണിത്. ഡെമോക്രാറ്റുകളും അധ്യാപകരും നീക്കത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചു. ഡൊണാൾഡ് ട്രംപ് ഇതുവരെ സ്വീകരിച്ചതിൽ വച്ച് ഏറ്റവും വിനാശകരമായ നടപടികളിൽ ഒന്നാണിതെന്ന് സെനറ്റിലെ ഉന്നത ഡെമോക്രാറ്റായ ചക്ക് ഷൂമർ പറഞ്ഞു.
വിദ്യാഭ്യാസത്തിൽ യൂറോപ്പിലെയും ചൈനയിലെയും ആളുകളേക്കാൾ അമേരിക്ക പിന്നിലാണെന്ന് പറഞ്ഞ ട്രംപ് പണം ലാഭിക്കാനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും ഈ നീക്കം ആവശ്യമാണെന്നും കൂട്ടിച്ചർത്തു. എന്നാൽ താഴ്ന്ന വരുമാനക്കാരായ വിദ്യാർത്ഥികൾക്കുള്ള വായ്പകളും ഗ്രാന്റുകളും ഉൾപ്പെടെയുള്ള നിർണ്ണായക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വകുപ്പിന്റെ ചെറു പതിപ്പ് പ്രവർത്തനം തുടരുമെന്ന് വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയുരുന്നു.
പരമ്പരാഗതമായി യുഎസ് സർക്കാരിന് വിദ്യാഭ്യാസത്തിൽ പരിമിതമായ പങ്കേ ഉണ്ടായിരുന്നുള്ളൂ. പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്കുള്ള ഫണ്ടിന്റെ ഏകദേശം 13 ശതമാനം മാത്രമേ ഫെഡറൽ ഖജനാവിൽ നിന്ന് വരുന്നുള്ളൂ. ബാക്കിയുള്ള ധനസഹായം സംസ്ഥാനങ്ങളും പ്രാദേശികവുമായാണ് ലഭിച്ചിരുന്നത്.എന്നാൽ താഴ്ന്ന വരുമാനമുള്ള സ്കൂളുകൾക്കും പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർത്ഥികൾക്കും ഫെഡറൽ ഫണ്ടിംഗ് വലിയ ഗുണം ചെയ്തിരുന്നു.