സംഭവത്തില്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥരെ ജോണ്‍സണ്‍ വിമര്‍ശിച്ചു. അധികൃതര്‍ക്ക് നിയന്ത്രണം നഷ്ടമായെന്ന് അദ്ദേഹം ആരോപിച്ചു. പത്രസമ്മേളനത്തിനിടെ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് നെമത് ഷഫീക്കിനോട് പദവിയില്‍ നിന്ന് രാജിവെക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ജോണ്‍സന്റെ സന്ദര്‍ശനം തടസ്സപ്പെടുത്തിയ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെയും അവിടെയുണ്ടായിരുന്ന മറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധികളെയും കൂവിവിളിച്ചു. ''ഇത്തരത്തിലുള്ള വിദ്വേഷവും ജൂതവിരുദ്ധതയും നമ്മുടെ ക്യാംപസുകളില്‍ അനുവദിക്കാനാകില്ല. ഇത് നിയന്ത്രിക്കേണ്ടതുണ്ട്. ഈ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യണം. ഇന്ന് ഇവിടെയുള്ള എന്റെ സഹപ്രവര്‍ത്തകരോടൊപ്പം പങ്കുചേരുന്നു. ഈ പ്രശ്‌നം ഉടനടി പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രസിഡന്റിനോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയാണ്,'' ജോണ്‍സണ്‍ പറഞ്ഞു.
advertisement
ജൂതവിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കുന്നതിലും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിലും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അധികൃതര്‍ പരാജയപ്പെട്ടതായി ജോണ്‍സണ്‍ ആരോപിച്ചു. എന്നാല്‍, ഈ പ്രതിഷേധങ്ങള്‍ സംസാര സ്വാതന്ത്രത്തെ സംരക്ഷിക്കുന്നവയാണെന്ന അവകാശവാദത്തെ അദ്ദേഹം തള്ളി. ഇത് അപകടകരമാണെന്ന് പറഞ്ഞ ജോണ്‍സണ്‍ തങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. ആശയങ്ങളുടെ വൈവിധ്യത്തെ മാനിക്കുന്നതിനോടൊപ്പം ഇത്തരം കാര്യങ്ങള്‍ നിയമാനുസൃതമായി ചെയ്യാന്‍ വഴികളുണ്ടെന്നും ഇത് ആ രീതിയല്ലെന്നും വ്യക്തമാക്കി. അസംബന്ധങ്ങള്‍ അവസാനിപ്പിച്ച് ക്ലാസുകളിലേക്ക് മടങ്ങാന്‍ പ്രതിഷേധക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ജോണ്‍സണ്‍ പ്രസംഗിക്കുന്നതിനിടെ പ്രതിഷേധക്കാര്‍ ആക്രോശിച്ചുകൊണ്ടിരുന്നു.
നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ ദേശീയ സുരക്ഷാ ഗാര്‍ഡിനെ വിന്യസിക്കേണ്ടി വരുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ജോണ്‍സണ്‍ പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്യാംപസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഗാസയിലെ ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിച്ചുവരുന്ന പ്രതിഷേധത്തിനിടയില്‍, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണയ്ക്കുന്നുവെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ് ബുധനാഴ്ച പ്രസ്താവന പുറത്തിറക്കി. 'കോളേജ് ക്യാംപസുകളില്‍ അഭിപ്രായ സ്വാതന്ത്ര്യവും സംവാദവും വിവേചനരഹിതമായ പെരുമാറ്റവും പ്രധാനമാണെന്ന് പ്രസിഡന്റ് വിശ്വസിക്കുന്നതായി'' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, കോളേജ് ക്യാംപസുകളില്‍ ഉയര്‍ന്നുവന്ന യഹൂദവിരുദ്ധതയെ അദ്ദേഹം ഞായറാഴ്ച വിമര്‍ശിച്ചിരുന്നു. അത്തരം കാര്യങ്ങള്‍ക്ക് അവിടെ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് എന്തുകൊണ്ട്?
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയിലെ മരണസംഖ്യ 34,200 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗാസയില പലസ്തീന്‍ ജനതയ്ക്കായി വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. ഇസ്രയേലുമായി ബന്ധമുള്ള കമ്പനികളുമായുള്ള കരാറുകളില്‍ നിന്ന് കൊളംബിയ ഉള്‍പ്പെടെയുള്ള മറ്റ് സര്‍വകലാശാലകളോട് പിന്മാറാൻ അവര്‍ ആവശ്യപ്പെട്ടിരുന്നു. ക്യാംപസുകളില്‍ ഉയര്‍ന്നുവരുന്ന യഹൂദവിരുദ്ധ സംഭവങ്ങളെ നിരവധി ജൂതവിദ്യാര്‍ഥികള്‍ അപലപിച്ച് രംഗത്തെത്തിയിരുന്നു. ക്യാംപസുകള്‍ ഭീഷണിയും വിദ്വേഷവും വളര്‍ത്തുകയാണെന്നും ഇവർ ആരോപിച്ചു.