ബഷാർ അൽ അസദ് സിറിയയുടെ പ്രസിഡൻറ് സ്ഥാനത്തു നിന്നും രാജിവച്ച് അജ്ഞാത സ്ഥലത്തേക്ക് മാറിയെന്ന് നേരത്തെ റഷ്യ പ്രഖ്യാപിച്ചിരുന്നു. സായുധ പോരാട്ടത്തിൽ പങ്കെടുത്ത നിരവധിയാളുകളും അസദും തമ്മിലുള്ള ചർച്ചകളുടെ ഫലമായി പ്രസിഡൻറ് സ്ഥാനം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നതായും സമാധാനപരമായി അധികാരം കൈമാറാൻ നിർദ്ദേശം നൽകി രാജ്യം വിട്ടതായും റഷ്യൻ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിലൂടെ പറഞ്ഞു. വിമതർ തലസ്ഥാന നഗരമായ ഡമാസ്കസ് വളഞ്ഞതോടെ അസദിന്റെ വിധി എന്താകുമെന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു. റഷ്യയിലേക്കോ ഇറാനിലേക്കോ അസദ് പാലായനം ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതിയിരുന്നത്.
advertisement
അതേസമയം റഷ്യൻ സൈനിക താവളങ്ങളുടെയും സിറിയയിലെ നയതന്ത്ര പോസ്റ്റുകളുടെയും സുരക്ഷയെക്കുറിച്ച് സിറിയൻ വിമതരിൽ നിന്നും മോസ്കോയ്ക്ക് ഉറപ്പ് ലഭിച്ചതായി ക്രെംലിൻ വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ച മുൻപ് വിമത സംഘടനയായ ഹയാത്ത് തഹ്രീർ അൽശാം നേതൃത്വം നൽകുന്ന മുന്നേറ്റം തുടങ്ങിയതിനുശേഷം അസദ് രാജ്യത്ത് പൊതുവേദികളെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടില്ല.ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെ ഡമാസ്കസ് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് ഒരു സ്വകാര്യ വിമാനത്തിലാണ് അസദും കുടുംബവും രാജ്യം വിട്ടതെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നു. ഡമാസ്കസ് കീഴടക്കിയതായി വിമതർ പ്രഖ്യാപിക്കുന്ന സമയമാണ് അസദും കുടുംബവും രാജ്യം വിട്ടത്. വിമാനാപകടത്തിൽ അസദ് കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം അസദിന്റെ പുറത്താക്കലിനെ ആഘോഷമാക്കുകയാണ് സിറിയയിലെ ജനം. അസദിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ ജനം സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.
തന്റെ പിതാവ് ഹഫീസ് അൽ അസദ്ദിന്റെ പിൻഗാമിയായി 2000ൽ ആണ് ബഷാർ അൽ അസദ് അധികാരത്തിൽ എത്തിയത്. സായുധ കലാപം ഭരണത്തെ അട്ടിമറി മറിക്കുന്നതുവരെ രണ്ട് പതിറ്റാണ്ടിലേറെ അദ്ദേഹം സിറിയ ഭരിച്ചു. അസദ് പുറത്തായതോടെ 53 വർഷമായി സിറിയയിൽ തുടരുന്ന കുടുംബവാഴ്ചയ്ക്കാണ് അന്ത്യമായിരിക്കുന്നത്. 2011ൽ സിറിയയിൽ ആരംഭിച്ച ജനാധിപത്യ പ്രക്ഷോഭം പിന്നീട് ആഭ്യന്തരയുദ്ധമായി മാറുകയായിരുന്നു.