2018ൽ ആലപ്പുഴ സ്വദേശിനിക്ക് വീസ നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയ കേസിൽ സനൽ പ്രതിയായിരുന്നു. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സനലിനെതിരെ 2020ൽ ഇന്റർപോൾ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിച്ചത്. സനലിനെ വൈകാതെ ഇന്ത്യക്ക് കൈമാറിയേക്കും.
പോളണ്ടില്‍ മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സനൽ ഇടമറുക്. ഇന്ത്യയില്‍ രജിസ്റ്റര്‍ചെയ്ത മതനിന്ദ കേസുകളില്‍ പ്രതിയാണ് അദ്ദേഹം. 2012ലാണ് സനല്‍ ഇടമറുക് ഇന്ത്യയില്‍നിന്ന് ഫിന്‍ലഡിലേക്ക് പോയത്. തുടര്‍ന്ന് ദീര്‍ഘകാലമായി ഫിന്‍ലന്‍ഡില്‍ തന്നെ തുടരുകയായിരുന്നു. റെഡ്‌കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പോളണ്ടില്‍വെച്ച് സനല്‍ ഇടമറുകിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തതെന്നും ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
advertisement
2012ല്‍ മുംബൈയിലെ പാര്‍ലെയിലെ കത്തോലിക്ക പള്ളിയില്‍ ക്രിസ്തുവിന്റെ പ്രതിമയില്‍നിന്ന് വെള്ളം ഇറ്റുവീഴുന്നതായുള്ള പ്രചരണം വന്നിരുന്നു. പിന്നീട് ഇവിടെ സന്ദർശിച്ച അദ്ദേഹം ക്രിസ്തുവിന്റെ പ്രതിമയില്‍നിന്നുള്ള വെള്ളം മലിനജലമാണെന്ന് ആരോപിച്ചു. ഇതോടെ വിശ്വാസികള്‍ അദ്ദേഹത്തിനെതിരേ തിരിഞ്ഞു. വിവിധയിടങ്ങളിലായി മതനിന്ദ ആരോപിച്ച് അദ്ദേഹത്തിനെതിരേ കേസുകള്‍ രജിസ്റ്റര്‍ചെയ്തു.
കത്തോലിക്ക സഭയ്‌ക്കെതിരേ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് മൂന്നുമാസത്തോളം പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞശേഷമാണ് സനല്‍ ഇടമറുക് ഫിന്‍ലഡിലേക്ക് കടന്നത്. പിന്നീട് ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.