ക്രിസ്തുവിന്റെ ശവക്കല്ലറയും ഉടമ്പടിപ്പെട്ടകവും ഒരു വലിയ കല്‍ക്കട്ട കൊണ്ട് അടച്ചിരിക്കുന്ന ഇരട്ട ഗുഹയ്ക്കുള്ളിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നാണ് വാര്‍ണര്‍ പറയുന്നത്. 'സതേണ്‍ പാസേജ് വേ'എന്നറിയപ്പെടുന്ന ഒരു പ്രത്യേക തുരങ്കത്തിനടുത്താണ് ഈ ഗുഹ. തുരങ്കത്തിന്റെ അവസാന ഭാഗത്തെ കല്‍ക്കട്ട അതിന്റെ ഘടന അവസാനിക്കുന്നിടത്തല്ലെന്നും വാര്‍ണര്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളുടെ തന്റെ സര്‍വേയില്‍ ഈ പോയിന്ററിനപ്പുറത്തേക്ക് മനുഷ്യനിര്‍മ്മിത ഘടനകളുടെ സാന്നിധ്യം കണ്ടെത്തിയതായി വാര്‍ണര്‍ അവകാശപ്പെടുന്നു.
പിരമിഡിനുള്ളില്‍ എന്തോ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വാര്‍ണര്‍ക്ക് ഉറപ്പുണ്ട്. യേശു ക്രിസ്തുവിന്റെ ശവക്കല്ലറയും ഉടമ്പടിപ്പെട്ടകവുമാണ് പിരമിഡിനുള്ളില്‍ മറഞ്ഞിട്ടുള്ളതെന്നും വാര്‍ണര്‍ അവകാശപ്പെടുന്നു. ഇതില്‍ രണ്ടാമത്തേത് പവിത്രമായ സ്വര്‍ണം പൂശിയ ഒരു മരപ്പെട്ടിയാണ്. ക്രിസ്തുമതത്തിലും ജൂത മതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും ദൈവം മോശയ്ക്ക് നല്‍കിയ പത്ത് കല്പനകള്‍ വഹിക്കുന്നതാണെന്ന് പറയപ്പെടുന്നതുമായ പെട്ടിയാണത്.
advertisement
വാര്‍ണര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഈ മേഖലയില്‍ വിപുലമായ ഗവേഷണം നടത്തി വരികയാണ്. 2021-ല്‍ അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ ഈജിപ്ഷ്യന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസിനു മുന്നില്‍ അവതരിപ്പിച്ചു. ഈ കണ്ടെത്തലുകള്‍ എല്ലാ മനുഷ്യരാശിയുടെയും പ്രയോജനത്തിനായുള്ള ശാസ്ത്ര വിപ്ലവമാണെന്നാണ് സയന്‍സ് ഓഫീസ് ഡയറക്ടര്‍ അന്ന് പറഞ്ഞത്.
തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വാര്‍ണര്‍ പങ്കുവയ്ക്കുകയൂം ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ പിരമിഡ് ഘടനയുടെ ഏറ്റവും ആഴമേറിയതും വിദൂരഭാഗത്തുനിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് വാര്‍ണര്‍ തന്റെ വാദങ്ങള്‍ നിരത്തുന്നത്.
ജൂതമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നുള്ള സൂചനകളെ മെസപ്പൊട്ടേമിയയിലെ കളിമണ്‍ ഫലകങ്ങളിലെ പുരാതന ലിഖിതങ്ങളുമായും അദ്ദേഹം താരതമ്യം ചെയ്യുന്നുണ്ട്. ഈ വിവരങ്ങള്‍ വിശകലനം ചെയ്തതിലൂടെ മൗണ്ട് സീനായ്, മൗണ്ടെയ്ന്‍ ഓഫ് ഇസ്രയേല്‍, മൗണ്ട് ഓഫ് ഒലീവ്‌സ്, മൗണ്ട് സിയോണ്‍, ഖുറാനിലെ വെളിച്ചത്തിന്റെ പര്‍വ്വതം തുടങ്ങിയ സ്ഥലങ്ങളെല്ലാം ഗ്രേറ്റ് പിരമിഡിനെയാണ് സൂചിപ്പിക്കുന്നതെന്നും വാര്‍ണര്‍ പറയുന്നു.
യേശു ഗിരി പ്രഭാഷണം നടത്തിയത് പിരമിഡില്‍ വെച്ചാണെന്നും വാര്‍ണര്‍ വിശ്വസിക്കുന്നു. സതേണ്‍ പാസേജ് വേയുടെ അറ്റത്തുള്ള അവസാന കല്ല് നീക്കണമെന്നാണ് വാര്‍ണറിന്റെ ഇപ്പോഴത്തെ ആവശ്യം. എന്നാല്‍, അദ്ദേഹത്തിന്റെ ഗവേഷണത്തിന് ഒരു തടസം നേരിട്ടു. ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയ ശേഷം വാര്‍ണറിനെ സ്‌കാന്‍ പിരമിഡ് മിഷന്റെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെയും എന്‍ജിനീയര്‍മാരുടെയും ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമാണിത്. തന്റെ പക്കലുള്ള വിവരങ്ങള്‍ അവരുമായി പങ്കുവെക്കണമെന്ന വ്യവസ്ഥയില്‍ സതേണ്‍ പാസേജ് വേയുടെ അവസാന ബ്ലോക്കിനപ്പുറം സ്‌കാന്‍ ചെയ്യാന്‍ ഈ ടീം സമ്മതിച്ചതായി വാര്‍ണര്‍ വിശദമാക്കി.
എന്നാല്‍, തനിക്ക് നല്‍കിയ വാഗ്ദാനം ഈ ടീം പാലിക്കുന്നില്ലെന്ന് വാര്‍ണര്‍ ആരോപിക്കുന്നു. തന്നെ സഹായിക്കാനും അന്താരാഷ്ട്ര തര്‍ക്കം തടയാനും അദ്ദേഹം ലെബനന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഈജിപ്തിന്റെ മുന്‍ ടൂറിസം മന്ത്രിയായ സാഹി ഹവാസിനെയും അദ്ദേഹം പുരോഗതിക്ക് തടസം നില്‍ക്കുന്നതിന്റെ പേരില്‍ വിമര്‍ശിച്ചു. ഹവാസ് സ്വയംകരുതുന്നത് 'പിരമിഡുകളുടെ കാവല്‍ക്കാരന്‍' ആയിട്ടാണ്. ഈജിപ്തിലെ ഉന്നത അധികാരികള്‍ തന്റെ ഗവേഷണങ്ങളില്‍ ആവേശഭരിതരാണെങ്കിലും പഴയ നേതാക്കള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് വാര്‍ണര്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കപ്പെടണമെന്നാണ് വാര്‍ണര്‍ ആഗ്രഹിക്കുന്നത്. തന്റെ കണ്ടെത്തല്‍ മധ്യേഷ്യയില്‍ സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.