നിലവിലെ സിറിയന്‍ പതാക
അറബ് ഐക്യത്തിന്റെ പ്രതീകമെന്ന നിലയില്‍ 1980 മുതല്‍ ഉപയോഗിച്ചുവരുന്ന പതാകയാണ് സിറിയയുടെ ഔദ്യോഗിക പതാകയായി ഇപ്പോഴും അറിയപ്പെടുന്നത്. പതാകയിലെ ചുവപ്പ് നിറം സിറിയയുടെ സ്വാതന്ത്ര്യത്തിനായി നടന്ന രക്തച്ചൊരിച്ചിലിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. സമാധാനപരമായ ഭാവിയെയാണ് പതാകയിലെ വെള്ള നിറം സൂചിപ്പിക്കുന്നത്. പതാകയുടെ മധ്യഭാഗത്തെ പച്ച നക്ഷത്രങ്ങള്‍ സിറിയയേയും ഈജിപ്റ്റിനേയും പ്രതിനിധീകരിക്കുന്നു. യുണൈറ്റഡ് അറബ് റിപ്പബ്ലിക്കിന്റെ സ്ഥാപകരാജ്യങ്ങളാണിവ. പതാകയിലെ കറുപ്പ് നിറം അറബ് വംശജര്‍ അനുഭവിച്ച അടിച്ചമര്‍ത്തലുകളെയാണ് സൂചിപ്പിക്കുന്നത്.
advertisement
1958ലാണ് ഈ പതാക ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നത്. യൂറോപ്യന്‍ ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായശേഷം ഈജിപ്റ്റിനോടൊപ്പം ചേര്‍ന്ന് യുണൈറ്റഡ് അറബ് റിപ്പബ്ലിക് രൂപീകരിക്കാന്‍ തീരുമാനിച്ച സമയത്താണ് സിറിയ ഈ പതാക രാജ്യത്തിന്റെ ഔദ്യോഗിക പതാകയായി സ്വീകരിച്ചത്. പിന്നീട് 1961 നും 1980നും ഇടയില്‍ മൂന്ന് തവണ സിറിയ തങ്ങളുടെ പതാകയില്‍ മാറ്റം വരുത്തുകയും ചെയ്തു. നിലവില്‍ ബാഷര്‍ അല്‍ അസദിന്റെ പതനത്തോടെ രാജ്യത്തിന്റെ ഔദ്യോഗിക പതാകയിലും മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: സിറിയയിൽ ഭൂഗർഭ സെല്ലുകളില്‍ കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ച് അന്വേഷണം
സിറിയന്‍ വിമതരുടെ പതാക
പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഏകാധിപത്യ ഭരണം അവസാനിച്ചുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പച്ച-വെള്ള-കറുപ്പ്-ചുവപ്പ് നിറത്തോട് കൂടിയ പതാകകള്‍ ഉയരുകയാണ്. കൂടാതെ ജര്‍മനി, തുര്‍ക്കി, ഗ്രീസ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ സിറിയന്‍ പ്രതിപക്ഷത്തിന്റെ പതാകകള്‍ വീശിക്കൊണ്ട് ആഘോഷത്തിന് തിരികൊളുത്തിക്കഴിഞ്ഞു.
വിമതരുടെ പതാകയും സ്വാതന്ത്ര്യവും
നിലവിലെ സിറിയന്‍ പതാകയുമായി സാദൃശ്യമുള്ള പതാകയാണ് വിമതരുടേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മുകളില്‍ പച്ച നിറവും മധ്യഭാഗത്ത് വെള്ളനിറവും അടിയില്‍ കറുപ്പ് നിറവും അടങ്ങിയ പതാകയുടെ മധ്യത്തില്‍ ചുവപ്പ് നിറത്തിലുള്ള മൂന്ന് നക്ഷത്രങ്ങളുമുണ്ട്. 1932ല്‍ ഫ്രാന്‍സില്‍ നിന്ന് സിറിയ സ്വാതന്ത്ര്യം നേടിയപ്പോള്‍ ആദ്യമായി ഉപയോഗിച്ച സ്വാതന്ത്ര്യ പതാകയുടെ പരിഷ്‌കരിച്ച പതിപ്പാണ് വിമതരുടെ ഈ പതാകയെന്നാണ് കരുതുന്നത്. ബാഷര്‍ അല്‍ അസദ് സര്‍ക്കാരില്‍ നിന്നുള്ള മോചനത്തിന്റെ പ്രതീകമായി ഈ പതാക ഉപയോഗിക്കാമെന്ന നിലപാടിലാണ് സിറിയയിലെ പ്രതിപക്ഷം.
അതേസമയം ആഭ്യന്തരയുദ്ധം രൂക്ഷമായതിന് പിന്നാലെ രാജ്യം വിട്ട ബാഷര്‍ അല്‍ അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ബാഷര്‍ അല്‍ അസദിന് അഭയം നല്‍കിയതെന്ന് റഷ്യന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഇത് പുതിയൊരു തുടക്കത്തിലെ ആരംഭമാണെന്നും ഇരുണ്ട യുഗത്തിന്റെ അന്ത്യമാണെന്നും സിറിയയിലെ വിമതസേനയായ ഹയാത്ത് തഹ്രീര്‍ ഷാമിന്റെ നേതാവ് ടെലഗ്രാമിലൂടെ പ്രഖ്യാപിച്ചു. അസദ് ഭരണത്തിന്റെ കീഴില്‍ മാറ്റി പാര്‍പ്പിക്കപ്പെട്ടവര്‍ക്കും ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ക്കും ഇനി സിറിയയിലേക്ക് വരാമെന്നും എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയൊരു സിറിയ ആയിരിക്കും എന്നും വിമത സേനയുടെ പോസ്റ്റില്‍ പറഞ്ഞു. അതേസമയം അധികാരം കൈമാറാന്‍ തയാറാണെന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത ഏത് നേതൃത്വത്തിന്റെയും കൂടെ സഹകരിക്കാന്‍ തയ്യാറാണെന്നും സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി പറഞ്ഞു.