ബ്യൂട്ടിപാര്‍ലറുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്നാണ് താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയം പറയുന്നത്. പുരികം ഷേപ്പ് ചെയ്യുന്നത് വിഗ്ഗുകളും മറ്റും തയ്യാറാക്കുന്നതിന് മറ്റുള്ളവരുടെ മുടി ഉപയോഗിക്കുന്നത്, മേക്കപ്പ് ചെയ്യുന്നത് എന്നിവയെല്ലാം ഇസ്ലാമിക വിരുദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രാര്‍ത്ഥനയ്ക്ക് മുമ്പ് ആവശ്യമായ ഒരുക്കങ്ങള്‍ക്ക് ഇത് തടസ്സമാകുമെന്ന് അവര്‍ പറഞ്ഞു.
Also read-അഫ്ഗാനിസ്ഥാനില്‍ ബ്യൂട്ടിപാര്‍ലർ ഇനി ഇല്ല; നിരോധനവുമായി താലിബാന്‍
advertisement
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ ഏറ്റവും പുതിയ നിയന്ത്രണമാണ് ബ്യൂട്ടിപാര്‍ലറുകള്‍ അടച്ചുപൂട്ടുന്നത്. നേരത്തെയേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവര്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനും പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കിയിരുന്നു.
അതേസമയം, ബ്യൂട്ടിപാര്‍ലറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് കാബൂളില്‍ ചെറിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കി. ബ്യൂട്ടീഷന്മാരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും പുതിയ നിയമത്തിനെതിരേ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിന് താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു.
പുതിയ നിരോധനം അന്താരാഷ്ട്ര സമൂഹത്തിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ച് വനിതാ സംരംഭകരെ ഇത് ബാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിലക്ക് പിന്‍വലിക്കാന്‍ ഐക്യരാഷ്ട്ര സഭ അഫ്ഗാന്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും അഫ്ഗാനിസ്താനിലെ യുഎന്‍ അസിസ്റ്റന്‍സ് മിഷനും (യുഎന്‍എഎംഎ) ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും വനിതാ സംരംഭകരെയും വിലക്ക് ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടാതെ, നിരോധനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും നിരവധിപേര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബ്യൂട്ടിപാര്‍ലറുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്താനില്‍ 60,000 സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കെല്ലാം ജോലി നഷ്ടമാകും. താലിബാന്‍ അഫ്ഗാന്‍ ഭരണമേറ്റെടുത്തതിനുശേഷം സ്ത്രീകള്‍ക്ക് ഒന്നിച്ചുചേരുന്നതിനുള്ള ചുരുക്കം ഇടങ്ങളിലൊന്ന് കൂടിയാണ് ഇവ.
നേരത്തെ അഫ്ഗാനിസ്താനില്‍ ഭരണമേറ്റപ്പോള്‍ ഉണ്ടായിരുന്ന കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നെങ്കിലും പടിപടിയായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് അന്താരാഷ്ട്ര തലത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് പൊതുവിടത്തിലുള്ള വിലക്ക്, മാധ്യമ സ്വാതന്ത്ര്യം എന്നിവയ്‌ക്കെല്ലാം കടുത്ത നിയന്ത്രണമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ അഫ്ഗാനിസ്ഥാന്‍ ഒറ്റപ്പെട്ടുപോകുമെന്നും മാനുഷികമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു.