യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് അനുകൂലികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്റിന്റെ ഇരു സഭകളും ചേരുന്നതിനിടെ വൻ സുരക്ഷാ വലയം മറികടന്നാണ് പ്രതിഷേധക്കാർ കാപിറ്റോൾ ടവറിലേക്ക് കടന്നുകയറിയത്.
advertisement
പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി സുരക്ഷാ സേന കണ്ണീർവാതം പ്രയോഗിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോർട്ട്. വെടിവയ്പ്പിൽ ഒരു സ്ത്രീ മരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. സുരക്ഷാ സേനയുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് പ്രതിഷേധക്കാർ പാർലമെന്റ് വളപ്പിലേക്ക് കടന്നത്.
രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു പറഞ്ഞ ജോ ബൈഡൻ, പിൻവാങ്ങാൻ അനുകൂലികൾക്ക് നിർദേശം നൽകണമെന്നും ട്രംപിനോട് ആവശ്യപ്പെട്ടു. അതേസമയം പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ചു.
ബൈഡന്റെ വിജയം അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യർഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയതിനു പിന്നാലെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. .
