റയാന്റെ മരണം ഒരു വലിയ ദുരന്തമാണെന്നും ഗെയിം കളിക്കുമ്പോള്‍ ആവശ്യമായ സുരക്ഷയും അപകടസാധ്യതയും പരിഗണിക്കാന്‍ അഭ്യര്‍ഥിച്ചതായും ഏരിയ പോലീസ് കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ റോസ് ഗ്രാന്‍തം പറഞ്ഞതായി എപി റിപ്പോര്‍ട്ടു ചെയ്തു.
''സോഷ്യല്‍ മീഡിയയിലെ ഒരു ട്രെന്‍ഡിന്റെ ഫലമായി ഒരു യുവാവിന് ജീവന്‍ നഷ്ടപ്പെട്ടു. ഇതൊരു കുറ്റകൃത്യമല്ലെങ്കിലും പോലീസ് അന്വേഷണം തുടരുമെന്നും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇത് സുഹൃത്തുക്കള്‍ക്കിടയില്‍ സംഘടിപ്പിച്ച ഒരു ഗെയിമായിരുന്നു, മറിച്ച് ആസൂത്രിതമായിരുന്നില്ല. എന്നാല്‍ റയാന്റെ ദാരുണ മരണം ഇത്തരം ഗെയിമുകളിലെ സുരക്ഷാ ആശങ്കകള്‍ എടുത്തുകാണിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
എന്താണ് RUNIT ?
റഗ്ബി, NFL പോലെയുള്ള മത്സാർഥികൾ പരസ്പരം നേരിട്ട് പോരാടുന്ന കായിക ഇനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് RUNIT. രണ്ട് മത്സരാര്‍ഥികളാണ് ഉണ്ടാകുക. ഒരു ഓട്ടക്കാരനും(runner) ഒരു ടാക്ക്‌ലറും(tackler). ഇവര്‍ പരസ്പരം ഓടുകയും യുദ്ധക്കളം എന്നറിയപ്പെടുന്ന സ്ഥലത്തുവെച്ച് കൂട്ടിയിടിക്കുകയും ചെയ്യുന്നു. മത്സരാര്‍ഥികള്‍ക്ക് ക്യാഷ് പ്രൈസുകള്‍ വാഗ്ദാനം ചെയ്യുന്ന ഓസ്‌ട്രേലിയന്‍ RUNIT ചാംപ്യന്‍ഷിപ്പ് ലീഗിലൂടെ ഈ ഗെയിം സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിംഗാകുകയായിരുന്നു.
അതേസമയം, റയാന്റെ മരണത്തിന് പിന്നാലെ RUNIT ചാംപ്യന്‍ഷിപ്പ് ലീഗ് ചൊവ്വാഴ്ച ഒരു പ്രസ്താവന പുറത്തിറക്കി. ഗെയിം ഇത്തരത്തില്‍ അനുകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകളുള്ള സാഹചര്യങ്ങളില്‍ മാത്രമെ ഇത് നടത്താവൂവെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
''റയാന്റെ മരണം ദാരുണമായ ഒന്നാണ്. റയാന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. ബോക്‌സിംഗ്, ആയോധനകലകള്‍ അല്ലെങ്കില്‍ പോരാട്ട ശൈലിയിലുള്ള മത്സരാര്‍ഥികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഏതൊരു കായിക ഇനങ്ങളും പ്രൊഫഷണല്‍ മെഡിക്കല്‍ മേല്‍നോട്ടവും കൃത്യമായ നിരീക്ഷണവും ഉള്‍പ്പെടുന്ന നിയന്ത്രിത ചുറ്റുപാടില്‍ മാത്രമെ സംഘടിപ്പിക്കാവൂ'', അവര്‍ പറഞ്ഞു.
RUNIT ഗെയിംമില്‍ ഏര്‍പ്പെടുന്നവരുടെ തലച്ചോറിന് ഗുരുതരമായ പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. മെഡിക്കൽ രംഗത്തുള്ള വിദഗ്ധർ ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്.