കൂടുതൽ സ്വർണം വാങ്ങാനുള്ള പദ്ധതിക്ക് അനുമതി നൽകിയതായി പോളണ്ടിന്റെ സെൻട്രൽ ബാങ്ക് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. 150 ടൺ സ്വർണം അധികമായി വാങ്ങുമെന്ന് ബാങ്ക് ഒരു പ്രസ്താവനയിൽ അറിയിച്ചു. ഇത് പൂർണമായും നടപ്പിലാക്കുകയാണെങ്കിൽ പോളണ്ടിന്റെ മൊത്തം സ്വർണശേഖരം 700 ടൺ ആയി ഉയരും. അതേസമയം, ഈ വാങ്ങലുകൾ പൂർത്തിയാക്കുന്നതിനുള്ള ഒരു നിശ്ചിത സമയപരിധി അവർ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും കൂടുതൽ സ്വർണം വാങ്ങാനുള്ള പോളണ്ടിന്റെ തീരുമാനം ആഗോള ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ ഏറ്റവും സജീവമായി സ്വർണം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് പോളണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
advertisement
സ്വർണത്തോടുള്ള പോളണ്ടിന്റെ പ്രിയം അത്ര പുതുമയുള്ളതല്ല. ഏറ്റവും പുതിയ നീക്കം നേരത്തെയുള്ള ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. സെൻട്രൽ ബാങ്ക് തങ്ങളുടെ മൊത്തം കരുതൽ ശേഖരത്തിന്റെ 30 ശതമാനത്തോളം സ്വർണമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ നയം അനുസരിച്ച് അവയുടെ മൂല്യം 30 ശതമാനത്തിൽ കൂടുതലായാലും കൈവശം വയ്ക്കുന്ന സ്വർണം 700 ടണ്ണായി ഉയരും. സ്വർണം വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനുള്ള കാരണവും സെൻട്രൽ ബാങ്ക് ഗവർണർ ആദം ഗ്ലാപിൻസ്‌കി വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള പത്ത് രാജ്യങ്ങളിൽ ഒന്നിലേക്ക് ഈ തീരുമാനം പോളണ്ടിനെ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ സെൻട്രൽ ബാങ്കിനേക്കാൾ കൂടുതൽ സ്വർണം പോളിഷ് സെൻട്രൽ ബാങ്കിൽ ഇതിനോടകം തന്നെ ഉണ്ടെന്നതും ശ്രദ്ധേയം.
പോളണ്ടിന്റെ കരുതൽ ശേഖരം വർധിച്ചതെങ്ങനെയെന്ന് അടുത്തകാലത്ത് പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം 2025 നവംബറിൽ മാത്രം രാജ്യം 12 ടൺ കൂടി സ്വർണം വാങ്ങി. ഇതോടെ രാജ്യത്തെ ആകെ സ്വർണ ശേഖരം 543 ടൺ ആയി ഉയർന്നു. നവംബർ അവസാനത്തെ സ്വർണ വില അടിസ്ഥാനമാക്കുമ്പോൾ ഇത് പോളണ്ടിന്റെ ആകെയുള്ള കരുതൽ ശേഖരത്തിന്റെ ഏകദേശം 28 ശതമാനമായിരുന്നു. ഇതോടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ പോളണ്ട് ഇടം നേടി.
കണക്കുകൾ പരിശോധിക്കുമ്പോൾ പോളണ്ടിന്റെ സ്വർണം വാങ്ങിക്കൂട്ടുന്ന വേഗത ആശ്ചര്യം ജനിപ്പിക്കുന്നുണ്ട്. 1996ൽ പോളണ്ടിന്റെ സെൻട്രൽ ബാങ്ക് 14 ടൺ സ്വർണം മാത്രമാണ് വെച്ചിരുന്നത്. അതിന് ശേഷം കരുതൽ തന്ത്രം നാടകീയമായി മാറി. സമീപ വർഷങ്ങളിൽ രാജ്യം സ്വർണ ലക്ഷ്യം ഉയർത്തുന്നത് ഇത് മൂന്നാം തവണയാണ്. 2021ൽ ഒരു പ്രാരംഭ വിപുലീകരണ പദ്ധതി പ്രഖ്യാപിക്കുകയും 2024ൽ മറ്റൊരു പരിഷ്‌കരണം നടത്തുകയും ചെയ്തു.
ഗ്ലാപിൻസ്‌കി സ്വർണം കൈവശം വയ്ക്കുന്നതിനെ വിശ്വാസ്യതയുമായി ബന്ധിപ്പിച്ച് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ''ഇത് പോളണ്ടിനെ കൂടുതൽ വിശ്വസനീയമായ ഒരു രാജ്യമാക്കി മാറ്റുന്നു. എല്ലാ റേറ്റിംഗുകളിലും ഞങ്ങൾക്ക് മികച്ച സ്ഥാനമുണ്ട്. ഞങ്ങൾ സ്വർണം വാങ്ങുന്നത് തുടരും,'' ഗ്ലാപിൻസ്‌കി പറഞ്ഞു. ആഗോള സാമ്പത്തികസ്ഥിതി അനിശ്ചിതത്വത്തിലാകുന്ന സമയത്ത് സ്വർണം സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ കരുതൽ ശേഖരത്തിലുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്നാണ് അദ്ദേഹം സ്വർണത്തെ വിശേഷിപ്പിച്ചത്.
2024ൽ നൽകിയ ഒരു അഭിമുഖത്തിൽ ഈ നയം പിന്തുടരാനുള്ള കാരണത്തെക്കുറിച്ചും ഗ്ലാപിൻസ്‌കി വ്യക്തമാക്കി. ഈ തന്ത്രം ഏതെങ്കിലും പ്രത്യേക ദേശീയ സാമ്പത്തിക പരിപാടിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ''നിക്ഷേപകരുടെയും വിദേശ പങ്കാളികളുടെയും കണ്ണിൽ ഞങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്ന സ്ഥിരതയുടെ പ്രതീകമാണിത്,'' അദ്ദേഹം വ്യക്തമാക്കി.
''സ്വർണത്തിനോട് സെൻട്രൽ ബാങ്കുകൾക്ക് പ്രിയം വർധിപ്പിക്കുന്ന ചില ഘടകങ്ങൾ ഉണ്ട്. അത് ഒരു ബാധ്യതയുണ്ടാക്കുന്നില്ല. കൂടാതെ എതിരാളികൾ അപകടത്തിലാക്കുമെന്ന പേടിയും വേണ്ട. അത് പരിശോധിക്കാനായി ഇലക്ട്രോണിക് സംവിധാനങ്ങളെ ആശ്രയിക്കുന്നില്ലെന്നതും പ്രത്യേകതയാണ്. ഏറ്റവും പ്രതികൂല സാഹചര്യങ്ങളിൽ പോലും സെൻട്രൽ ബാങ്ക് തയ്യാറായിരിക്കണം. അതുകൊണ്ടാണ് വിദേശനാണ്യ മാനേജ്‌മെന്റ് പ്രക്രിയയിൽ സ്വർണത്തിന് ഒരു പ്രത്യേക സ്ഥാനം നൽകുന്നത്,'' അദ്ദേഹം പറഞ്ഞു. സ്വർണം ക്രെഡിറ്റ് റിസ്‌കിൽ നിന്ന് മുക്തമാണെന്നും ഒരു രാജ്യത്തിന്റെയും സാമ്പത്തിക നയത്താൽ അതിന്റെ മൂല്യം കുറയ്ക്കാൻ കഴിയില്ലെന്നും ഗ്ലാപിൻസ്‌കി വ്യക്തമാക്കുന്നു.
പോളണ്ട് തങ്ങളുടെ സ്വർണം സൂക്ഷിക്കുന്ന സ്ഥലം സംബന്ധിച്ചും സമീപകാലത്ത് ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2019ൽ ലണ്ടൻ നിലവറകളിൽ നിന്ന് വാർസോയിലെ ഒരു സൗകര്യത്തിലേക്ക് സെൻട്രൽ ബാങ്ക് മാറ്റിയിരുന്നു.
2024ൽ സെൻട്രൽ ബാങ്കുകളുടെ കൈവശം വെച്ചിരിക്കുന്ന ഔദ്യോഗിക സ്വർണ ശേഖരം 1044.6 ടൺ ആയി വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം 2023ലേതിനേക്കാൾ അൽപം കുറവാണിത്.
