"ഇന്ത്യയിൽ നിരപരാധികളെ കൊല്ലുന്നതിനെ ഈ തീവ്രവാദ സംഘടനകൾ ന്യായീകരിക്കുന്നു. സന്ദർഭത്തിന് ചേരാത്ത തരത്തിലാണ് അവർ ഖുർആൻ വാക്യങ്ങൾ ഉദ്ധരിച്ചത്. ഭീകരവാദത്തെ അവസാനിപ്പിക്കണം. ആളുകളെ കൊല്ലുന്നതിനെ ന്യായീകരിക്കാൻ അവർ മതത്തെ ഉപയോഗിച്ചു. ഇസ്ലാം ഭീകരതയെ അപലപിക്കുന്നു. ഒരു നിരപരാധിയെ കൊല്ലുന്നത് മുഴുവൻ മനുഷ്യരാശിയെയും കൊല്ലുന്നതിന് തുല്യമാണെന്ന് ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്," ഒവൈസി പറഞ്ഞു.
"കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യ നേരിടുന്ന ഭീഷണി ലോകം അറിയുന്നതിനാണ് സർക്കാർ ഞങ്ങളെ ഇങ്ങോട്ട് അയച്ചത്. നിർഭാഗ്യവശാൽ, നമുക്ക് നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു. ഈ പ്രശ്നം പാകിസ്ഥാനിൽ നിന്ന് മാത്രമാണ് ഉത്ഭവിക്കുന്നത്. പാകിസ്ഥാൻ ഈ തീവ്രവാദ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതും സഹായിക്കുന്നതും സ്പോൺസർ ചെയ്യുന്നതും നിർത്തുന്നില്ലെങ്കിൽ, ഈ പ്രശ്നം പരിഹരിക്കപ്പെടില്ല," ഒവൈസി അഭിപ്രായപ്പെട്ടു.
advertisement
ബിജെപി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ബി.ജെ.പി എം.പിമാരായ നിഷികാന്ത് ദുബെ, ഫാങ്‌നോൻ കൊന്യാക്, എൻ.ജെ.പി എം.പി രേഖ ശർമ, എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഒവൈസി, എം.പി സത്നാം സിംഗ് സന്ധു, ഗുലാം നബി ആസാദ്, അംബാസഡർ ഹർഷ് ശ്രിംഗ്ല എന്നിവരാണുള്ളത്. ബഹറൈനെക്കൂടാതെ സംഘം സൗദി അറേബ്യ, കുവൈറ്റ്, അൾജീരിയ തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കും. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ സഹിഷ്ണുതയില്ലാത്ത നയം ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്നതിനായി ഏഴ് സർവകക്ഷി പ്രതിനിധി സംഘങ്ങളെയാണ് വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്ര സർക്കാർ അയച്ചത്.