അടിയന്തര നടപടികളും പ്രവര്‍ത്തനാനുമതിയ്ക്കുള്ള ഉറപ്പും നല്‍കിയതിന് കമ്പനി ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു. "ഞങ്ങളുടെ സേവനദാതാക്കളുമായുള്ള കരാര്‍ പ്രകാരം ടിക് ടോക് സേവനം രാജ്യത്ത് പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്," എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ടിക് ടോക്കിന്റെ 50 ശതമാനം നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയിലാണ് ആപ്പ് പുനസ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
''ഞങ്ങളുടെ സേവനദാതാക്കള്‍ക്ക് വ്യക്തതയും ഉറപ്പും നല്‍കിയതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് നന്ദി പറയുന്നു. ഏകപക്ഷീയമായ സെന്‍സര്‍ഷിപ്പിനെതിരെയുള്ള ശക്തമായ നിലപാടാണിത്. ടിക് ടോക്കിനെ അമേരിക്കയില്‍ നിലനിര്‍ത്തുന്നതിനായി ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്,'' കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
advertisement
പിന്നാലെ ട്രംപിന്റെ പരിശ്രമത്തിന്റെ ഫലമായി ടിക് ടോക് അമേരിക്കയില്‍ തിരിച്ചെത്തിയിരിക്കുന്നുവെന്നും കമ്പനി പ്രസ്താവനയിറക്കി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ യുഎസില്‍ ടിക് ടോക് പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുമെന്ന് ട്രംപും പറഞ്ഞിരുന്നു. ടിക് ടോക്കിന്റെ ഉടമസ്ഥതയുടെ 50 ശതമാനം യുഎസ് നിക്ഷേപകരുടെ നിയന്ത്രണത്തിലായിരിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നടത്തിയ റാലിയിലും അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചു. "നമുക്ക് മറ്റ് ഓപ്ഷനുകളില്ല. അവയെ രക്ഷിച്ചേ മതിയാകു," അദ്ദേഹം പറഞ്ഞു. സംയുക്ത ഉടമസ്ഥതയിലൂടെ ലക്ഷക്കണക്കിന് അമേരിക്കന്‍ പൗരന്‍മാര്‍ ഉപയോഗിക്കുന്ന ടിക് ടോക്കിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റായി ചുമതലയേറ്റശേഷം ടിക് ടോക്ക് നിരോധനം നടപ്പാക്കുന്നത് 90 ദിവസത്തേക്ക് വൈകിപ്പിക്കാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ടിക് ടോക്കിന് യുഎസില്‍ നിരോധനമേര്‍പ്പെടുത്തിയത്. ജനുവരി 18 ഓടെ ടിക് ടോക് സേവനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്ന ആരോപണങ്ങള്‍ക്കൊടുവിലാണ് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ടിക് ടോക്ക് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറപ്പുനല്‍കുകയായിരുന്നു.
2020ല്‍ പ്രസിഡന്റ് പദവിയിലിരിക്കെ ടിക് ടോക്കിനെതിരെ നിലകൊണ്ടയാളാണ് ട്രംപ്. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് പങ്കിടുന്നുവെന്ന് ആരോപിച്ച് അദ്ദേഹം ടിക് ടോക്കിനെ നിരോധിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാരിലേക്ക് എത്താന്‍ ടിക് ടോക്ക് ഏറെ സഹായിച്ചുവെന്ന് പറഞ്ഞ ട്രംപ് ടിക് ടോക്ക് തന്റെ മനസിലിടം പിടിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.