advertisement
നിലവില്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ഇപ്പോഴുള്ള അവരുടെ വിസ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ മറ്റൊരു സ്ഥാപനത്തിലേക്ക് മാറണമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ഉത്തരവില്‍ പറയുന്നു.
''സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് 2025-26 അധ്യയന വര്‍ഷത്തേക്ക് എഫ്- അല്ലെങ്കില്‍ ജെ- നോണ്‍ ഇമിഗ്രന്റ് സ്റ്റാറ്റസില്‍ ഏതെങ്കിലും വിദേശവിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് ഹാര്‍വാര്‍ഡിനെ വിലക്കുന്നുവെന്നതാണ്. എഫ് അല്ലെങ്കില്‍ ജെ-നോണ്‍ ഇമിഗ്രന്റ് സ്റ്റാറ്റസിലുള്ള നിലവില്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ഥികള്‍ അവരുടെ നോണ്‍ ഇമിഗ്രന്റ് സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിന് മറ്റൊരു സര്‍വകലാശാലയിലേക്ക് മാറണമെന്നും ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നു,'' ഉത്തരവില്‍ പറയുന്നു.
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സാമൂഹികമാധ്യമമായ എക്‌സിലാണ് ഉത്തരവ് പങ്കുവെച്ച് തീരുമാനം പ്രഖ്യാപിച്ചത്. ആക്രമം, ജൂതവിരുദ്ധത എന്നിവ വളര്‍ത്തുന്നതിനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അവര്‍ കാംപസില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതുമാണ് ഇത്തരമൊരു ഉത്തരവിടാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.
''വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി അവരുടെ പക്കല്‍ നിന്ന് ഉയര്‍ന്ന ഫീസ് വാങ്ങി അത് പ്രയോജനപ്പെടുത്തി അവർക്ക് കോടിക്കണക്കിന് ഡോളര്‍ ധനസഹായം നേടാന്‍ സഹായിക്കുന്നത് സര്‍വകലാശാലകള്‍ക്കുള്ള അവകാശമല്ല, മറിച്ച് പ്രത്യേകാനുകൂല്യമാണ്. കാര്യങ്ങള്‍ ശരിയായ വിധത്തില്‍ പൂര്‍ത്തിയാക്കാന്‍ ഹാര്‍വാര്‍ഡിന് ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ അത് നിരസിച്ചു. നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി അവര്‍ക്ക് സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍ നഷ്ടമായി,'' നോം കൂട്ടിച്ചേര്‍ത്തു.
''രാജ്യത്തുടനീളമുള്ള എല്ലാ സര്‍വകലാശാലകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഇത് ഒരു മുന്നറിയിപ്പായിരിക്കട്ടെ,'' നോം വ്യക്തമാക്കി.
സമാനമായ നടപടി സ്വീകരിക്കുമെന്ന് ഏപ്രിലില്‍ ഹാര്‍വാര്‍ഡിന് നോം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹാര്‍വാര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
യുഎസിലെ സര്‍വകലാശാലകള്‍ക്കെതിരായ ഫെഡറല്‍ നടപടിയുടെ ഭാഗമായാണ് ഈ നീക്കം. ഗാസയിലെ യുദ്ധത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഏര്‍പ്പെട്ട അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കാനും നാടുകടത്താനും ഭരണകൂടം നടപടികള്‍ സ്വീകരിച്ചുണ്ട്. പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിനെ അവര്‍ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് ഇത്.
2024 ലെ കണക്ക് അനുസരിച്ച് യുഎസിലെ ഏറ്റവും സമ്പന്നമായ സര്‍വകലാശാലയാണ് ഹാര്‍വാര്‍ഡ്. 53.2 ബില്ല്യണ്‍ ഡോളറിന്റെ എന്‍ഡോവ്‌മെന്റാണ് ഹാര്‍വാര്‍ഡ് വിതരണം ചെയ്യുന്നത്. വിദ്യാർഥികൾക്കുള്ള പ്രവേശനം, നിയമനം, രാഷ്ട്രീയ നിലപാട് എന്നിവയിലെ യുഎസ് ഭരണകൂടത്തിന്റെ മേല്‍നോട്ടം അംഗീകരിക്കാന്‍ അവര്‍ വിസമ്മതിച്ചിരുന്നു. ഇതിന് ട്രംപില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായി കഴിഞ്ഞ മാസം സര്‍വകലാശാലയ്ക്കുള്ള 2.2 ബില്ല്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടിംഗ് ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്നു. ഇതിന് പുറമെ 450 മില്ല്യണ്‍ ഡോളര്‍ കൂടി വെട്ടിക്കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്.