ഇറാന്റെ തലവനാകാൻ എന്നെക്കാൾ കുറഞ്ഞ താല്പര്യമുള്ള മറ്റൊരാളും ഈ ലോകത്തുണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. 'ഞങ്ങൾക്ക് നിങ്ങളെ അടുത്ത പരമോന്നത നേതാവാക്കണം' എന്ന് ഇറാൻ പറഞ്ഞു. എന്നാൽ എനിക്ക് അതിൽ താല്പര്യമില്ലെന്ന് ഞാൻ അവരോട് വ്യക്തമാക്കി. ഇറാന്റെ സൈനിക ശക്തിയെ അമേരിക്ക തകർത്തു കഴിഞ്ഞതായും യുദ്ധത്തിൽ യുഎസ് വിജയം ഉറപ്പിച്ചതായും അദ്ദേഹം ആവർത്തിച്ചു.
കഴിഞ്ഞ മാസം ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് മകൻ മുജ്തബ ഖമനയിയെ പരമോന്നത നേതാവായി ഉയർത്തിയിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയ ശേഷം അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
advertisement
യുദ്ധം അവസാനിപ്പിക്കാനായി പാകിസ്ഥാൻ വഴി 15 ഇന സമാധാന നിർദ്ദേശം അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുക, ഹിസ്ബുള്ള പോലുള്ള സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ പിൻവലിക്കുക, ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ.
അതേസമയം, ട്രംപിന്റെ അവകാശവാദങ്ങളെ പരിഹാസത്തോടെയാണ് ഇറാൻ നേരിട്ടത്. "ട്രംപ് അദ്ദേഹത്തോട് തന്നെയാണോ ചർച്ച നടത്തുന്നത്?" എന്ന് ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് വക്താവ് ഇബ്രാഹിം സോൾഫാഖാരി ചോദിച്ചു. അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഇറാൻ, അഞ്ച് ഇനങ്ങളടങ്ങിയ സ്വന്തം നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നാണ് ടെഹ്‌റാന്റെ നിലപാട്.
