ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് നേരത്തെ 145 ശതമാനം വരെ തീരുവ ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയായി കൂടുതല്‍ ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ചൈന വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ചൈനയും യുഎസും തമ്മിലുള്ള സംഘര്‍ഷത്തിന് ശക്തിപ്രാപിച്ചത്.
പരസ്പരം വാശിതീര്‍ക്കുന്ന വിധത്തിലാണ് യുഎസും ചൈനയും വ്യാപാര കാര്യങ്ങളില്‍ നിലപാടുകളെടുക്കുന്നത്. ഇത് മറ്റ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. പുതിയ വ്യാപാര കരാറുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 75-ല്‍ അധികം രാജ്യങ്ങള്‍ ഇതിനോടകം എത്തിയിട്ടുണ്ടെന്നാണ് വൈറ്റ്ഹൗസ് അറിയിക്കുന്നത്. തല്‍ഫലമായി ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ ഉയര്‍ന്ന തീരുവ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
advertisement
യുഎസ് ഉത്പന്നങ്ങളുടെ തീരുവ 125 ശതമാനമായി ഉയര്‍ത്താന്‍ ചൈന തീരുമാനിച്ചതാണ് യുഎസിനെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് യുഎസ് 145 ശതമാനമാക്കി ചൈനയ്ക്കുമേലുള്ള തീരുവ ഉയര്‍ത്തിയത്. ഇതോടെ യുഎസ് കമ്പനികളില്‍ നിന്നും എയര്‍ക്രാഫ്റ്റ് ഘടകങ്ങളും ഭാഗങ്ങളും വാങ്ങുന്നത് നിര്‍ത്താന്‍ ചൈന വിമാനക്കമ്പനികളോട് ആഹ്വാനം ചെയ്തു.
ഇതിനുള്ള മറുപടിയായാണ് 245 ശതമാനം വരെ ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. 'പ്രതികാര നടപടികളുടെ ഫലമായാണ് ചൈന ഇപ്പോള്‍ അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 245 ശതമാനം തീരുവ നേരിടുന്നത്', വൈറ്റ്ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. പന്ത് ഇപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണെന്നും, ചൈന യുഎസുമായി ഒരു കരാറിലേര്‍പ്പെടേണ്ടതുണ്ടെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞതിന് പിന്നാലെയാണ് പുതിയ തീരുവ പ്രഖ്യാപനം വന്നിരിക്കുന്നത്.
നിശബ്ദത പാലിക്കില്ലെന്ന് ചൈന
ഇറക്കുമതി തീരുവ 245 ശതമാനത്തിലേക്ക് ഉയര്‍ത്തികൊണ്ടുള്ള യുഎസ് നടപടിയില്‍ ചൈനയുടെ പ്രതികരണവും വന്നിട്ടുണ്ട്. ഒരു ഏറ്റുമുട്ടലിന് ശ്രമിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബീജിങ് നിശബ്ദത പാലിക്കില്ലെന്നും പ്രഖ്യാപിച്ചു. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സന്നദ്ധതയും ചൈന അറിയിച്ചിട്ടുണ്ട്. അതേസമയം, ഒരു വ്യാപാര യുദ്ധം നടത്താന്‍ ഭയപ്പെടുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
'ചര്‍ച്ചയിലൂടെ വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഎസ് ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നത് നിര്‍ത്തണം. ഭീഷണിമുഴക്കുന്നതും ബ്ലാക്ക്‌മെയിലിങ്ങും അവസാനിപ്പിക്കണം. സമത്വം, ബഹുമാനം, പരസ്പര നേട്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ ചൈനയുമായി സംസാരിക്കണം', ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.
ഈ വര്‍ഷം ആരംഭിച്ചതുമുതല്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് തീരുവ വര്‍ധിപ്പിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ പത്ത് ശതമാനം പൊതു തീരുവയും ട്രംപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.