ധാതു സമ്പന്നമായ ഗ്രീൻലാൻഡ് പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് പ്രയോഗിക്കുന്ന ഏറ്റവും പുതിയ സമ്മർദ തന്ത്രമാണിത്. ആവശ്യമെങ്കിൽ സൈനിക നടപടിയിലൂടെ ലക്ഷ്യം കാണുമെന്ന് അദ്ദേഹം നേരത്തെ ഭീഷണിമുഴക്കിയിരുന്നു. ഗ്രീൻലാൻഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡെന്മാർക്ക് പരാജയപ്പെടുന്നുവെന്നും ഇത് റഷ്യയും ചൈനയും പോലുള്ള എതിരാളികൾക്ക് അവസരമാകുന്നുവെന്നുമാണ് ട്രംപിന്റെ ആരോപണം.
ഗ്രീൻലാൻഡ് ലഭിച്ചില്ലെങ്കിൽ അത് യുഎസ് സുരക്ഷയിൽ വലിയൊരു വിടവുണ്ടാക്കുമെന്നും, പ്രത്യേകിച്ച് അമേരിക്കയുടെ മിസൈൽ പ്രതിരോധ പദ്ധതിയായ 'ഗോൾഡൻ ഡോമിനെ' ഇത് ബാധിക്കുമെന്നും ട്രംപ് പറയുന്നു. ഗ്രീൻലാൻഡ് വിഷയത്തിൽ നാറ്റോ സഖ്യം സഹായിച്ചില്ലെങ്കിൽ അമേരിക്ക സഖ്യത്തിൽ നിന്ന് പുറത്തുപോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നാറ്റോ ഇതിൽ തങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നും കാര്യങ്ങൾ കണ്ടറിയാമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.
advertisement
അതേസമയം, ട്രംപിന്റെ ഭീഷണികൾക്കിടയിലും നാറ്റോയിലെ യൂറോപ്യൻ അംഗരാജ്യങ്ങൾ ഡെന്മാർക്കിനും ഗ്രീൻലാൻഡിനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടൻ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, നോർവേ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ ആർട്ടിക് മേഖലയിൽ ഭാവിയിൽ നടക്കാനിരിക്കുന്ന സൈനികാഭ്യാസങ്ങളുടെ മുന്നോടിയായി ചെറിയ തോതിൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ, ഡെന്മാർക്കിനും ഗ്രീൻലാൻഡിനും പിന്തുണ അറിയിച്ച് യുഎസ് കോൺഗ്രസിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കോപ്പൻഹേഗൻ സന്ദർശിക്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ഡെന്മാർക്കിലെയും ഗ്രീൻലാൻഡിലെയും വിദേശകാര്യ മന്ത്രിമാർ വൈറ്റ് ഹൗസിലെത്തി ചർച്ച നടത്തിയെങ്കിലും ട്രംപിന്റെ നിലപാടുകളോട് അവർ വിയോജിപ്പ് രേഖപ്പെടുത്തി. എങ്കിലും, ഈ വിഷയത്തിൽ തുടർചർച്ചകൾക്കായി മൂന്ന് രാജ്യങ്ങളും ചേർന്ന് ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ സൈന്യത്തെ വിന്യസിക്കുന്നത് ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
