നാല് തവണ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അവര്‍ 2020ലെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയുമായിരുന്നു. "മുന്‍ കോണ്‍ഗ്രസ് വനിതയായ ലഫ്റ്റനന്റ് കേണല്‍ തുളസി ഗബ്ബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സിന്റെ ഡയറക്ടറായി നിയമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. രണ്ട് പതിറ്റാണ്ടോളമായി തുളസി നമ്മുടെ രാജ്യത്തിനും എല്ലാ അമേരിക്കക്കാരുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിട്ടുണ്ട്," ട്രംപ് പറഞ്ഞു.
മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന നിലയില്‍ തുളസിക്ക് ഇരുപാര്‍ട്ടികളിലും വിശാലമായ പിന്തുണയുണ്ടെന്നും തന്റെ നിര്‍ഭയമായ ആത്മാവിനെ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന അഭിമാനിയായ റിപ്പബ്ലിക്കനാണ് തുളസി ഗബ്ബാര്‍ഡെന്നും ട്രംപ് പറഞ്ഞു.
advertisement
പലപ്പോഴും ഇന്ത്യക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തുളസിക്ക് ഇന്ത്യയുമായി യാതൊരുബന്ധവുമില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസുകാരിയായ അവരുടെ അമ്മ ഹിന്ദുമതം സ്വീകരിക്കുകയും തന്റെ എല്ലാ മക്കള്‍ക്കും ഹിന്ദുപേരുകള്‍ നല്‍കുകയുമായിരുന്നു. അമേരിക്കന്‍ സാമോവന്‍ വംശജയായ ഗബ്ബാര്‍ഡ് ആദ്യത്തെ ഹിന്ദു യുഎസ് സെനറ്ററായിരുന്നു. ഭഗവദ്ഗീതയില്‍ കൈവെച്ചാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്.
2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അവര്‍ ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്നു. 29-ാം ബ്രിഗേഡ് കോംബാറ്റ് ടീമിനൊപ്പം ഇറാഖിലേക്ക് പോകാന്‍ അവര്‍ സന്നദ്ധത അറിയിച്ചു. അവിടെ ഒരു മെഡിക്കല്‍ യൂണിറ്റില്‍ അവര്‍ സേവനമനുഷ്ഠിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2006ല്‍ അവര്‍ ഇറാഖില്‍ നിന്ന് തിരിച്ചെത്തി. അന്തരിച്ച സെനറ്റര്‍ ഡാനി അക്കാക്കയുടെ സഹായിയായി യുഎസ് സെനറ്റില്‍ അവര്‍ ജോലി ചെയ്തു. ഇതിന് ശേഷം മിഡില്‍ ഈസ്റ്റില്‍ സൈന്യത്തിലെ പ്ലാറ്റൂണ്‍ ലീഡറായി പ്രവര്‍ത്തിച്ചു.
31-ാം വയസ്സില്‍ തുളസി ഗബ്ബാര്‍ഡ് യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിച്ചു. സൈനിക ജോലിയിലേര്‍പ്പെട്ട തന്റെ സഹോദരീസഹോദരന്മാരുടെ ജീവിതത്തെയും ത്യാഗത്തെയും ബഹുമാനിക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു. ഒക്ടോബര്‍ 22നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിടുകയാണെന്നുള്ള തീരുമാനം അവര്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഓഗസ്റ്റില്‍ അവര്‍ ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു. വൈകാതെ തന്നെ അദ്ദേഹത്തിന്റെ ട്രാന്‍സിഷന്‍ ടീമിന്റെ കോ-ചെയറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഒക്ടോബറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.
തുളസി ഗബ്ബാര്‍ഡിന്റെ ആദ്യ പുസ്തകമായ 'ഫോര്‍ ലൗ ഓഫ് കണ്‍ട്രി: ലീവ് ദ ഡെമോക്രാറ്റിക് പാര്‍ട്ടി ബിഹൈന്‍ഡ്' ഈ വര്‍ഷം ഏപ്രില്‍ 30നാണ് പുറത്തിറങ്ങിയത്. തൊട്ടടുത്ത ആഴ്ച തന്നെ ഇത് ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.