പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതുൾപ്പെടെയുള്ള മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് ഇന്നലെ അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ കൃത്യമായ വസ്തുതകൾ അവതരിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സുപ്രധാന നയതന്ത്ര നീക്കമെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.നിലവിൽ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ പാകിസ്താൻ സ്ഥിരാംഗമല്ല.
അതേസമയം, ഭീകരാക്രമണങ്ങളിൽ പാകിസ്ഥാന്റെ പങ്ക് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ ഇന്ത്യ തിങ്കളാഴ്ചത്തെ അവസരം പ്രയോജനപ്പെടുത്തും.
advertisement
വീറ്റോ അധികാരമുള്ള അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നിവയ്ക്ക് പുറമെ, 10 താത്കാലിക അംഗങ്ങളായ അൾജീരിയ, ഡെൻമാർക്ക്, ഗ്രീസ്, ഗയാന, പാകിസ്ഥാൻ, പനാമ, ദക്ഷിണ കൊറിയ, സിയറ ലിയോൺ, സ്ലൊവേനിയ, സൊമാലിയ എന്നിവയും കൗൺസിലിലുണ്ട്. മെയ് മാസത്തെ സമിതിയുടെ അധ്യക്ഷ സ്ഥാനം ഗ്രീസാണ് വഹിക്കുന്നത്.മേയ് മാസത്തിൽ ഗ്രീസിൽവെച്ച് നടക്കുന്ന 15 അംഗ സുരക്ഷാ സമിതി കൗൺസിലിൽ പാകിസ്താനും പങ്കെടുക്കുന്നുണ്ട്.
പഹൽഗാം ആക്രമണത്തെത്തിന് തിരിച്ചടിയായി, ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും, പാകിസ്ഥാൻ പൗരന്മാർക്കുള്ള എല്ലാ വിസകളും റദ്ദാക്കുകയും, അട്ടാരി അതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി പാകിസ്ഥാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളും യൂട്യൂബ് ചാനലുകളും ഇന്ത്യ നിരോധിച്ചിരുന്നു.
ഇതിന് മറുപടിയായി പാകിസ്ഥാൻ എല്ലാ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചുപൂട്ടുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.