TRENDING:

സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലം സ്വന്തം വീട് എന്ന് യുഎന്‍; പ്രതിദിനം 140 പേർ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്

Last Updated:

ഭൂരിഭാഗം സ്ത്രീകളും തങ്ങളുടെ അടുത്ത ബന്ധുക്കളാലാണ് കൊല്ലപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകമെമ്പാടുമായി പ്രതിദിനം 140 സ്ത്രീകള്‍ കൊല്ലപ്പെടുന്നതായി ഐക്യരാഷ്ട്ര സഭയുടെ (United Nations) റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളുടെ അസ്വസ്ഥജനകമായ യഥാര്‍ത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ റിപ്പോര്‍ട്ട്. ഭൂരിഭാഗം സ്ത്രീകളും തങ്ങളുടെ അടുത്ത ബന്ധുക്കളാലാണ് കൊല്ലപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലിംഗാധിഷ്ഠിതമായുള്ള സ്ത്രീകളുടെ കൊലപാതകത്തെക്കുറിച്ച്(femicide) ആഴത്തില്‍ പരിശോധിച്ച റിപ്പോർട്ടിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയര്‍ത്തുന്നത്. സ്ത്രീകള്‍ അവരുടെ സ്വന്തം വീടുകളിലാണ് കൂടുതലും ആക്രമിക്കപ്പെടുന്നത്. അതില്‍ ഭൂരിഭാഗവും ഏറ്റവും അടുപ്പമുള്ളവരായ പങ്കാളികളും മറ്റുകുടുംബാംഗങ്ങളുമാണ് കുറ്റവാളികള്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

2023ല്‍ മാത്രം 85,000 സ്ത്രീകളാണ് പുരുഷന്മാരാല്‍ കൊല്ലപ്പെട്ടത്. ഇതില്‍ 51,000 ല്‍ അധികം പേര്‍ അവരുടെ ഭര്‍ത്താക്കന്മാരാല്‍ അല്ലെങ്കില്‍ അടുത്ത കുടുംബാംഗങ്ങളാല്‍ കൊല്ലപ്പെട്ടു. ഇത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന അക്രമത്തിന്റെ അപകടകരമായ സ്വഭാവം എടുത്തുകാണിക്കുന്നു. സ്ത്രീകള്‍ കൊല്ലപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുമ്പോള്‍ 60 ശതമാനവും ബന്ധുക്കളായ പുരുഷന്മാരാണ് ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്.

സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ആഗോള പ്രതിസന്ധിയുടെ ഭീകരമായ ചിത്രമാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വരച്ചു കാട്ടുന്നത്. അടുത്ത ബന്ധുക്കളിൽ നിന്നുള്ള അക്രമവും കുടുംബാംഗങ്ങളുള്‍പ്പെടുന്ന കൊലപാതകങ്ങളും വര്‍ധിച്ചു വരികയാണ്. സ്ത്രീ സുരക്ഷയുടെ ഗുരുതരമായ അവസ്ഥയാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് യുഎന്‍ വിമന്‍ ഡെപ്യൂട്ടി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. ഇത്തരം അതിക്രമങ്ങള്‍ പലപ്പോഴും ദാരുണമായ മരണങ്ങളിലേക്കും നയിക്കുന്നു. ഇത്തരത്തിലുള്ള ഭീഷണികളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

advertisement

സ്ത്രീകള്‍ കൊല്ലപ്പെടുന്ന കേസുകളില്‍ ആഫ്രിക്കയാണ് മുന്നിലെങ്കിലും ആഗോള വ്യാപകമായി ഈ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. 2023ല്‍ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടത്. 21,700ല്‍ അധികം സ്ത്രീകളാണ് അവിടെ കൊല്ലപ്പെട്ടത്. അമേരിക്കയിലും ഓഷ്യാനയിലും സ്ത്രീകള്‍ കൊല്ലപ്പെടുന്ന നിരക്ക് ഭയാനകമായ നിരക്കില്‍ വർധിച്ചു. യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ കൂടുതല്‍ വികസിത പ്രദേശങ്ങളില്‍ പോലും അടുത്ത പങ്കാളിയില്‍ നിന്നുള്ള അക്രമവും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും വര്‍ധിച്ചു വരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

വീടുകള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തിന്റെയും അഭയസ്ഥാനത്തിന്റെയും ഇടമായിരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഊന്നിപ്പറയുന്നു. എന്നാല്‍, ഇന്ന് അത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടം നിറഞ്ഞ അന്തരീക്ഷമാണ്. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ ആഴത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകണമെന്നും അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ശക്തമായ നിയമങ്ങളും ഇടപെടലുകളും ആവശ്യമാണെന്നും ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നു.

advertisement

യുഎന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ലിംഗ സമത്വത്തെക്കുറിച്ചുള്ള നിര്‍ണായകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമല്ല പെട്ടെന്നുള്ള ഒരു സാമൂഹിക പരിവർത്തനത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന അക്രമങ്ങളെ ചെറുക്കാന്‍ ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാകണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Summary: United Nations found that most women are unsafe in their own homes

മലയാളം വാർത്തകൾ/ വാർത്ത/World/
സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലം സ്വന്തം വീട് എന്ന് യുഎന്‍; പ്രതിദിനം 140 പേർ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories