അഞ്ചു വയസ്സുകാരിയായ മയാ പട്ടേലിനെ കൊലപ്പെടുത്തിയതിന് ശ്രേവ്പോർട്ട് സ്വദേശിയായ ജോസഫ് ലീ സ്മിത്ത് എന്നയാളെയാണ് ശിക്ഷിച്ചതെന്ന് പ്രാദേശിക മാധ്യമമായ ഷ്രെവ്പോർട്ട് ടൈംസ് റിപ്പോർട്ട് ചെയ്തു.
മോങ്ക്ഹൗസ് ഡ്രൈവിലെ ഒരു ഹോട്ടൽ മുറിയിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ മയാ പട്ടേലിന്റെ തലയിൽ വെടിയേൽക്കുകയായിരുന്നു. മയാ പട്ടേലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ത്യയിൽനിന്ന് കുടിയേറി വിമൽ-സ്നേഹൽ പട്ടേൽ ദമ്പതികളുടെ മകളാണ് മയാ പട്ടേൽ. അനുജത്തിക്കൊപ്പം കളിക്കുമ്പോഴാണ് മയായ്ക്ക് വെടിയേറ്റത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്തുവെച്ച് സ്മിത്ത് മറ്റൊരാളുമായി വഴക്കുണ്ടാക്കുകയും വെടിയുതിർക്കുകയുമായിരുന്നു. എന്നാൽ ഉന്നം തെറ്റി മയാ പട്ടേലിന് വെടിയേൽക്കുകയായിരുന്നു.
advertisement
2021 മാർച്ചിൽ മയാ പട്ടേലിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ശിക്ഷാ ഇളവ് എന്നിവയൊന്നും കൂടാതെ സ്മിത്തിനെ ജില്ലാ ജഡ്ജി ജോൺ ഡി മോസ്ലി 60 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പട്ടേലിനെ വധിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം തടസ്സപ്പെടുത്തിയതിന് 40 വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. ശിക്ഷ അനുഭവിക്കുന്ന കാലയളവിൽ പരോളോ മറ്റ് ശിക്ഷാ ഇളവുകളോ പ്രതിക്ക് നൽകരുതെന്നും കോടതി വിധിച്ചിട്ടുണ്ട്.