കാമ്പസുകളില്‍ ജൂതവിരുദ്ധത തടയുകയെന്ന ഉദ്ദേശത്തോടെ ട്രംപ് ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ സര്‍വകലാശാല നിരസിച്ചതുമുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇതിനുപിന്നാലെ സര്‍വകലാശാലയ്ക്കുള്ള ഫണ്ടിങ്ങും ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്നു. അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന സൂചനയാണ് ഹാര്‍വാര്‍ഡിനെതിരെയുള്ള പുതിയ നീക്കത്തിലൂടെ ട്രംപ് ഭരണകൂടം നല്‍കുന്നത്. ഹാര്‍വാര്‍ഡിനുള്ള 2.2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടിങ്ങാണ് യുഎസ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്.
ഹാര്‍വാര്‍ഡിനെതിരെ കടുത്ത രോക്ഷമാണ് ട്രംപ് പ്രകടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രവേശനം, നിയമനം, രാഷ്ട്രീയ വീക്ഷണം എന്നിവ എങ്ങനെയാണ് സര്‍വകലാശാല കൈകാര്യം ചെയ്യുന്നതെന്ന് പരിശോധിക്കാനുള്ള തന്റെ അഭ്യര്‍ത്ഥന പൂര്‍ണമായും ഹാര്‍വാര്‍ഡ് തള്ളിയതായി ട്രംപ് പറഞ്ഞു. 162 നൊബേല്‍ സമ്മാന ജേതാക്കളെ സൃഷ്ടിച്ചിട്ടുള്ള ഹാര്‍വാര്‍ഡ് ലോകത്തിലെ തന്നെ പേരുകേട്ട സര്‍വകലാശാലകളിലൊന്നാണ്.
advertisement
ട്രംപ് ഭരണകൂടത്തിന്റെ നയം മാറ്റവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനുള്ള പദവി സര്‍വകലാശാലയ്ക്ക് നഷ്ടമാകുമെന്നാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
ട്രംപ് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സര്‍വകലാശാലയ്ക്കുമേല്‍ കടുത്ത സമ്മര്‍ദമാണുള്ളത്. എന്നാല്‍, സ്വന്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് മറ്റ് സര്‍വകലാശാലകളില്‍ നിന്നും വ്യത്യസ്ഥമായി ഹാര്‍വാര്‍ഡ് ഇതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അതേസമയം, മറ്റ് നിരവധി സര്‍വകലാശാലകള്‍ വൈറ്റ് ഹൗസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയിട്ടുണ്ട്.
ഹാര്‍വാര്‍ഡിനെതിരെ കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചിട്ടുള്ളത്. ' ഹാര്‍വാര്‍ഡിനെ മാന്യമായ വിദ്യാഭ്യാസ സ്ഥാപനമായി ഇനി കണക്കാക്കാന്‍ കഴിയില്ല. ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെയോ കോളേജുകളുടെയോ പട്ടികയില്‍ പോലും പരിഗണിക്കരുത്. ഹാര്‍വാര്‍ഡ് ഒരു തമാശയാണ്. വെറുപ്പും മണ്ടത്തരവുമാണ് അവിടെ പഠിപ്പിക്കുന്നത്. ഫെഡറല്‍ ഫണ്ട് ഇനി അനുവദിക്കില്ല', ട്രംപ് പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയ്ക്ക് ഹാര്‍വാര്‍ഡിനുള്ള നികുതി രഹിത പദവി എടുത്തുകളയുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പ്രവേശനവും ജീവനക്കാരുടെ നിയമനവുമടക്കം ഹാര്‍വാര്‍ഡിന്റെ രീതികള്‍ മാറ്റണമെന്നും അക്കാദമിക് പ്രോഗ്രാമുകളുടെയും വകുപ്പുകളുടെയും സര്‍ക്കാര്‍ ഓഡിറ്റ് അംഗീകരിക്കണമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം.
ഹാര്‍വാര്‍ഡ് വഴിതെറ്റി പോയെന്നും ട്രംപ് പറയുന്നു. വിദ്യാര്‍ത്ഥികളെ പരാജയം പഠിപ്പിക്കാന്‍ മാത്രം കഴിവുള്ള തീവ്ര ഇടതുപക്ഷ വിഡ്ഢികളെയാണ് നിയമിച്ചിട്ടുള്ളതെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ പ്രതികരണം പുറത്തുവന്നിട്ടുള്ളത്.
എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടാണ് ഹാര്‍വാര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. സര്‍വകലാശാല അതിന്റെ സ്വാതന്ത്ര്യത്തിലോ ഭരണഘടനാപരമായ അവകാശങ്ങളിലോ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗര്‍ബ്ബര്‍ പറഞ്ഞിരുന്നു.