നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ ജന്മരാജ്യങ്ങളിലേക്കോ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ സൈനിക താവളത്തിലേക്കോ തിരിച്ചയക്കാനുള്ള ട്രംപിന്റെ പദ്ധതി ചെലവേറിയതും ഫലപ്രദമല്ലാത്തതുമാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരിയിൽ ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. മാർച്ച് 1നാണ് ഇത്തരത്തിൽ അവസാനമായി നാടുകടത്തിൽ നടന്നത്. വ്യാഴാഴ്ച പോകേണ്ടിയിരുന്ന വിമാനവും റദ്ദാക്കി. അടുത്ത 48 മണിക്കൂറിനുള്ളിൽ മറ്റ് വിമാനങ്ങളൊന്നും പുറപ്പെടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.നടപടി നിലവിൽ താത്കാലികമാണെങ്കിലും കൂടുതൽ കാലത്തേക്ക് നീട്ടാനാണ് സാധ്യത.
advertisement
സി-17 വിമാനങ്ങൾ ഉപയോഗിച്ച് 30 നാടുകടത്തലും സി-130 വിമാനങ്ങൾ ഉപയോഗിച്ച് ഒരു ഡസനോളം നാടുകടത്തലും ഇതുവരെ നടത്തിയെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ഗ്വാണ്ടനാമോ ബേയ്ക്ക് പുറമേ ഇന്ത്യ, ഗ്വാട്ടിമാല, ഇക്വഡോർ, പെറു, ഹോണ്ടുറാസ്, പനാമ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ എത്തിച്ചു. എന്നാൽ ആഭ്യന്തര സുരക്ഷാ വകുപ്പ് സാധാരണ വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന നാടുകടത്തലിനെക്കാൾ ചെലവേറിയതാണ് സൈനിക വിമാനങ്ങൾ ഉപയോഗിച്ചുള്ളതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
മെക്സിക്കൻ വ്യോമാതിർത്തി ഒഴിവാക്കിയതിനാൽ സൈനിക വിമാനങ്ങൾക്ക് കൂടുതൽ ദൂരം പറക്കേണ്ടി വന്നതും മെക്സിക്കോ ഉൾപ്പെടെ നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ യുഎസ് സൈനിക നാടുകടത്തൽ വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കാത്തതും പ്രവർത്തന പരിമിതികളും ചെലവ് വർദ്ധിപ്പിച്ചു.
ഫെബ്രുവരിയിലാണ് കുടിയേറ്റക്കാറുടെ ആദ്യ ഇന്ത്യൻ സംഘത്തെ തിരിച്ചെത്തിക്കുന്നത്. കെകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ എത്തിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.