അധികാരത്തില്‍ മടങ്ങിയെത്തിയ ശേഷം ട്രംപ് കൂട്ട നാടുകടത്തലിന് പദ്ധതിയിടുന്നുണ്ടെന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്തു. ട്രംപിന്റെ നടപടി ആയിരക്കണക്കിന് വിദേശ വിദ്യാര്‍ഥികളെ ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി യുഎസില്‍ നാല് ലക്ഷം വിദേശ വിദ്യാര്‍ഥികള്‍ അനധികൃതമായി ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ വിദേശത്തുനിന്ന് എത്തിയ എല്ലാ വിദ്യാര്‍ഥികളും ആശങ്കയിലാണ് ഉള്ളതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കൊളോറാഡോയിലെ ഒരു പ്രൊഫസറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടു ചെയ്തു. മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റി തങ്ങളുടെ കീഴിലുള്ള വിദേശ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നവംബറില്‍ യാത്ര സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പായി ശൈത്യകാല അവധിക്ക് ശേഷം കാംപസിലേക്ക് മടങ്ങുന്നത് 'പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന്' അവരോട് നിര്‍ദേശിച്ചിരുന്നു.
advertisement
''2016ല്‍ യുഎസ് പ്രസിഡന്റായി അധികാരത്തിലേറിയതിന് ശേഷം ട്രംപ് ഭരണകൂടം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ അന്താരാഷ്ട്ര വകുപ്പ് ഈ ഉപദേശം വളരെയധികം ജാഗ്രതയോടെയാണ് കൈമാറുന്നത്,'' ഇമെയിലില്‍ സൂചിപ്പിച്ചു.
മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും വെസ്ലിയന്‍ യൂണിവേഴ്‌സിറ്റിയും വിദേശ വിദ്യാര്‍ഥികള്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്ഘാടന ദിവസത്തിന് മുമ്പ് യുഎസിലേക്ക് മടങ്ങാന്‍ സർവകലാശാല നിർദേശിക്കുന്നു.
യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് സ്‌കോളേഴ്‌സ് ഓഫീസില്‍ ഈ മാസം ഒരു വെബിനാര്‍ സംഘടിപ്പിച്ചിരുന്നു. കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങളെക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായാണ് ഇത് സംഘടിപ്പിച്ചതെന്ന് ഒരു പത്രറിപ്പോര്‍ട്ടിന് ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കൂട്ട നാടുകടത്തലിനുള്ള ട്രംപിന്റെ പദ്ധതികള്‍
2017ല്‍ വൈറ്റ് ഹൗസില്‍ വെച്ച് ഒരു ഔദ്യോഗിക ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ള നിരവധി പൗരന്മാരെയും ഉത്തര കൊറിയ, വെനേസ്വല എന്നിവടങ്ങളില്‍നിന്നുള്ളവരെയും യുഎസ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടാണ് ഉത്തരവില്‍ ഒപ്പുവെച്ചത്. ആദ്യം പ്രസിഡന്റായിരിക്കെ സ്റ്റുഡന്റ് വിസയില്‍ ചില പരിമിതികളും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
കുടിയേറ്റക്കാരെ നാടുകടത്താന്‍ സഹായിക്കുന്നതിന് ട്രംപ് യുഎസ് ഭരണകൂടത്തില്‍ ചില ഏജന്‍സികളെ നിയോഗിച്ചേക്കുമെന്നാണ് കരുതുന്നത്. കൂട്ട നാടുകടത്തലിനെക്കുറിച്ചുള്ള തന്റെ പ്രചാരണ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ട്രംപിനെ പിന്തുണയ്ക്കുന്നവരും യുഎസ് സൈന്യം മുതല്‍ വിദേശത്തുള്ള നയതന്ത്രജ്ഞര്‍ വരെ എല്ലാവരോടും ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. ഇതിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെയും സഹകരണം തേടും.
അതേസമയം, ട്രംപിന്റെ നാടുകടത്തല്‍ ശ്രമം ചെലവേറിയതും ഭിന്നിപ്പിക്കുന്നതും മനുഷ്യത്വരഹിതവുമാകുമെന്നും അത് കുടുംബാംഗങ്ങളെ തമ്മില്‍ വേര്‍പിരിയാന്‍ ഇടയാക്കുമെന്നും സമൂഹത്തിന് വിനാശകരമാകുമെന്നും കുടിയേറ്റത്തിനായി വാദിക്കുന്നവരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
അക്രമാസക്തരായ കുറ്റവാളികള്‍ക്കെതിരേയും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായവരെയുമാണ് നാടുകടത്താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ട്രംപിന്റെ ഇന്‍കമിംഹ് ബോര്‍ഡര്‍ സാര്‍ ടോം ഹോമാന്‍ പറഞ്ഞു. എങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്തെ ആശങ്കകള്‍ക്ക് അയവുണ്ടായിട്ടില്ല.