തടഞ്ഞുവെച്ചിരിക്കുന്ന കുടിയേറ്റക്കാരില്‍ 40 ശതമാനം പേരും സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറല്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ഹോട്ടലില്‍ കഴിയുന്നവര്‍ 'സഹായിക്കാനും' 'ഞങ്ങളുടെ രാജ്യത്ത് ഞങ്ങള്‍ രക്ഷപ്പെട്ടിട്ടില്ല' എന്നുമുള്ള സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും 10 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇറാന്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറിയവരില്‍ ഭൂരിഭാഗവും. ഇവയില്‍ ചില രാജ്യങ്ങളില്‍ കുടിയേറ്റക്കാരെ നേരിട്ട് നാടുകടത്താന്‍ യുഎസിന് ബുദ്ധിമുട്ട് ഉണ്ട്. അതിനാല്‍ താത്കാലത്തേക്ക് താമസിക്കാനുള്ള ഇടമായി പനാമയെ ഉപയോഗിക്കുകയാണ്.
advertisement
പനാമയും യുഎസും തമ്മിലുള്ള കുടിയേറ്റ കരാറിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ക്ക് വൈദ്യസഹായവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് പനാമയുടെ സുരക്ഷാ വകുപ്പ് മന്ത്രി ഫ്രാങ്ക് അബ്രെഗോ ചൊവ്വാഴ്ച പറഞ്ഞു.
നാടുകടത്തിയവരെ താത്കാലികമായി താമസിപ്പിക്കുന്നതിന് പനാമന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം, അവരുടെ ചെലവ് മുഴുവന്‍ വഹിക്കുന്നത് യുഎസ് ആണ്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്തിടെ പനാമ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം ഈ മാസം ആദ്യമാണ് കരാര്‍ പ്രഖ്യാപിച്ചത്.
നാടുകടത്തപ്പെട്ട 299 പേരില്‍ 171 പേര്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെയും യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെയും സഹായത്തോടെ സ്വന്തം രാജ്യത്തേക്ക് സ്വമേധയാ മടങ്ങിപ്പോകാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് അബ്രഗോ പറഞ്ഞു. മറ്റ് 128 കുടിയേറ്റക്കാരുമായി യുഎന്‍ ഏജന്‍സികള്‍ സംസാരിക്കുന്നുണ്ട്. നാടുകടത്തപ്പെട്ട ഒരു ഐറിഷ് പൗരന്‍ ഇതിനോടകം തന്നെ രാജ്യത്തേക്ക് മടങ്ങിയെന്ന് അബ്രെഗോ പറഞ്ഞു.
സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സമ്മതിക്കാത്തവരെ താത്കാലികമായി ഡാരിയന്‍ പ്രവിശ്യയിലെ ഒരു കേന്ദ്രത്തില്‍ പാര്‍പ്പിക്കും.
രണ്ടാമതും അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്കയിലെ അനധികൃത കുടിയേറ്റത്തിനെതിരേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നാടുകടത്തല്‍. ഫെബ്രുവരി അഞ്ചിന് 104 ഇന്ത്യക്കാരുമായി യുഎസ് വ്യോമസേനയുടെ ആദ്യ വിമാനം പഞ്ചാബിലെ അമൃത്സറിലെത്തി. പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ചണ്ഡീഗഡ് എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി 15ന് രണ്ടാമത്തെ വിമാനവും അമൃത്സറിലെത്തി. ഞായറാഴ്ച 112 പേരടങ്ങുന്ന മൂന്നാമത്തെ ബാച്ചും അമൃത്സറിലെത്തുകയുണ്ടായി.
Summary: Visuals of US deportees crying for help surfaces online. They are reportedly detained in Panama hotel