നിലവിൽ ആഗോള ഊർജ്ജ വിതരണ ശൃംഖലയെയും കപ്പൽ ഗതാഗതത്തെയും വിപണിയെയും സംഘർഷം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി എണ്ണ, വാതക നീക്കത്തിന് വലിയ ഭീഷണിയായി തുടരുകയാണ്.
ഈ യുദ്ധം കേവലം ഒരു പ്രാദേശിക സൈനിക ഏറ്റുമുട്ടൽ മാത്രമല്ല, മറിച്ച് വ്യാപാരം, ഗതാഗതം, വിതരണ ശൃംഖല എന്നിവയെ തകർക്കുന്ന ഒരു ആഗോള വ്യവസ്ഥാപിത ആഘാതമാണെന്നാണ് പുടിൻ നിരീക്ഷിക്കുന്നത്. സമാനമായ ആശങ്ക ഈ ആഴ്ച ആദ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്റിൽ പങ്കുവെച്ചിരുന്നു.
advertisement
പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിക്കുന്ന കഠിനമായ ആഗോള സാഹചര്യങ്ങൾ ദീർഘകാലം നിലനിന്നേക്കാമെന്നും അതിനാൽ രാജ്യം തയ്യാറെടുപ്പോടെയും ഐക്യത്തോടെയും ഇരിക്കണമെന്നും ലോക്സഭയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ ഇന്ത്യ കാണിച്ച ജാഗ്രത ഇപ്പോഴും ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധത്തിന്റെ ആഘാതം യുദ്ധക്കളത്തിന് അപ്പുറത്തേക്ക് ഇന്ധനലഭ്യത, വ്യാപാരം, ലോജിസ്റ്റിക്സ്, സാധാരണ ജീവിതം എന്നിവയിലേക്കും വ്യാപിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ധന വിതരണം, പാചകവാതക ലഭ്യത, കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങൾ, ഗൾഫിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.
