''നിങ്ങളെയെല്ലാവരെയും കുറിച്ചോര്‍ത്ത് നാണക്കേട് തോന്നുന്നു. നിങ്ങളെല്ലാവരും കപടവിശ്വാസികളാണ്. ഗാസയിലെ 50,000 പലസ്തീനികളെ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ്. നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും ധൈര്യം തോന്നിയത്. രക്തച്ചൊരിച്ചില്‍ ആഘോഷിക്കുന്ന നിങ്ങളെക്കുറിച്ചോര്‍ത്ത് നാണം തോന്നുന്നു. ഇസ്രയേലുമായുള്ളബന്ധം വിച്ഛേദിക്കുക,'' വന്യ അഗര്‍വാള്‍ പറഞ്ഞു.
ആരാണ് വന്യ?
1. വന്യയുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പറയുന്നത് അനുസരിച്ച് അവര്‍ യുഎസിലെ വാഷിംഗ്ടണിലെ സിയാറ്റിലില്‍ ആണ് താമസിക്കുന്നത്. അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്.
advertisement
2. ടെക് മേഖലയിലേക്ക് കടക്കുന്നതിന് മുമ്പ് 2012 മുതല്‍ 2014 വരെ വന്യ എറ്റ്‌സിയില്‍ ഒരു ചെറിയ ബിസിനസ് നടത്തിയിരുന്നു. കരകൗശല വസ്തുക്കളാണ് ഇവിടെ വിറ്റിരുന്നത്.
3. ഒരു കമ്പനിയില്‍ ഫാര്‍മസി ടെക്‌നീഷ്യനായി വന്യ ഏഴ് മാസം ജോലി ചെയ്തിരുന്നു. 2015ല്‍ ഒരു ടീ കണ്‍സള്‍ട്ടന്റായും സോഷ്യല്‍ മീഡിയ മാനേജറായും അവര്‍ കുറച്ചുകാലം സേവനമനുഷ്ഠിച്ചു. 2016ല്‍ ഇല്ലിനോയിസിലെ നേപ്പര്‍വില്ലില്‍ ഒരു മെഡിക്കല്‍ അസിസ്റ്റന്റായും അവര്‍ ജോലി ചെയ്തിരുന്നു. ഇവിടെ ഒരു വര്‍ഷവും 10 മാസവുമാണ് അവര്‍ ജോലി ചെയ്തത്.
4. 2018ല്‍ ആമസോണില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയര്‍ ഇന്റേണ്‍ ആയി ചേര്‍ന്നതോടെയാണ് വന്യ തന്റെ ടെക് യാത്ര ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷം അവര്‍ക്ക് സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയറായി സ്ഥാനക്കയറ്റം ലഭിച്ചു. മൂന്ന് വര്‍ഷത്തോളം അവര്‍ ആമസോണില്‍ ജോലി ചെയ്തു.
5. 2023ല്‍ വന്യ മൈക്രോസോഫ്റ്റില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യാന്‍ തുടങ്ങി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നു.
വന്യ അഗര്‍വാളിന്റെ ദൈര്‍ഘ്യമേറിയ ഇമെയില്‍
സഹപ്രവര്‍ത്തകര്‍ക്ക് ഒരു ദൈര്‍ഘ്യമേറിയ ഇമെയില്‍ അയച്ചുകൊണ്ട് വന്യ മൈക്രോസോഫ്റ്റില്‍ നിന്ന് രാജി വയ്ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. കമ്പനിയില്‍ നിന്ന് രാജി വയ്ക്കാനുള്ള കാരണവും അവര്‍ വെളിപ്പെടുത്തി. ''ഒന്നരവര്‍ഷം മുമ്പാണ് ഞാന്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നത്. ഇസ്രയേല്‍ പലസ്തീന്‍ ജനതയ്‌ക്കെതിരേ വംശഹത്യ നടത്തുന്നതിന് സാക്ഷ്യം വഹിച്ചുകൊണ്ടായിരുന്നു ഇത്. 1948 മുതല്‍ തുടങ്ങിയതാണ് ഇത്. ഇസ്രയേലിന്റെ കൂട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്,'' വന്യ പറഞ്ഞതായി ദി വെര്‍ജിന്‍ റിപ്പോര്‍ട്ടു ചെയ്തു.
''നമ്മുടെ ജീവനക്കാരാണ് ഈ വംശഹത്യക്ക് ഊർജം പകരുന്നത്. നല്ല മനസാക്ഷിയോടെ ഈ അക്രമാസക്തമായ അനീതിയില്‍ പങ്കെടുക്കുന്ന ഒരു കമ്പനിയുടെ ഭാഗമാകാന്‍ എനിക്ക് കഴിയില്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ സൈനിക-വ്യാവസായിക മേഖലയില്‍ മൈക്രോസോഫ്റ്റിന്റെ വര്‍ധിച്ചുവരുന്ന പങ്കിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവതിയായി. ഇസ്രയേലിന്റെ വര്‍ണവിവേചന ഭരണകൂടത്തെ പ്രാപ്തമാക്കുന്നതിലും ഗാസയിലെ പലസ്തീനികളുടെ വംശഹത്യയിലും മൈക്രോസോഫ്റ്റിന്റെ നിര്‍ണായകമായ പങ്ക് സമീപകാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു,'' വന്യ പറഞ്ഞു. മൈക്രോസോഫ്റ്റും ഇസ്രയേലിന്‍റെ പ്രതിരോധമന്ത്രാലയും തമ്മിലുണ്ടാക്കിയ 133 മില്ല്യണ്‍ ഡോളറിന്റെ കരാറിനെപ്പറ്റിയും അവര്‍ ഇമെയില്‍ പ്രതിപാദിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.