കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പോപ്പ് ഫ്രാന്‍സിസിന്റെ ആരോഗ്യനില മോശമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് പ്ലുറസി(ശ്വാസകോശത്തിന്റെ ആവരണത്തെ ബാധിക്കുന്ന അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഒരു ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ട്.
പോപ്പ് മരിക്കുമ്പോള്‍ സംഭവിക്കുന്നതെന്ത്?
2013ലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആ ചുമതലയേല്‍ക്കുന്നത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു അത്.
മാര്‍ച്ച് 13ന് ഇറ്റാലിയന്‍ സന്യാസിയും കവിയുമായ വിശുദ്ധ ഫ്രാന്‍സിസ് ഓഫ് അസീസിയുടെ സ്മരണാർത്ഥം ചേര്‍ന്ന പേപ്പല്‍ കോണ്‍ക്ലേവിന് ശേഷം പോപ് ബെനഡിക്ടിന്റെ പിന്‍ഗാമിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
advertisement
പരമ്പരാഗതമായി കാമര്‍ലെംഗോ(ഒരു മുതിര്‍ന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍) ആണ് മാര്‍പ്പാപ്പയുടെ മരണം സ്ഥിരീകരിക്കുക. നിലവില്‍ ആ സ്ഥാനം ഐറിഷ് വംശജനായ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ ആണ് വഹിക്കുന്നത്.
കര്‍ദ്ദിനാള്‍ ഫാരെല്‍ മാര്‍പ്പാപ്പയുടെ മൃതദേഹം അദ്ദേഹത്തിന്റെ സ്വകാര്യ ചാപ്പലില്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ പേര് വിളിക്കുകയും ചെയ്യുമെന്ന് പരമ്പരാഗ ചടങ്ങുകളെ അനുസ്മരിച്ച് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. എങ്കിലും മെഡിക്കല്‍ മാര്‍ഗങ്ങളിലൂടെ ഡോക്ടര്‍മാര്‍ മാര്‍പ്പാപ്പയുടെ മരണം സ്ഥിരീകരിക്കാനും സാധ്യതയുണ്ട്.
ഒരു മാര്‍പ്പാപ്പ വൈദ്യ ചികിത്സകളോട് പൂര്‍ണമായും പ്രതികരിക്കുന്നത് നിര്‍ത്തി നിശ്ചലമായി കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുദ്രമോതിരം വികൃതമാക്കുകയോ നശിപ്പിക്കുകയോ ചെയ്യും. അത് അദ്ദേഹത്തിന്റെ ഭരണകാലയളവിന്റെ അവസാനത്തെ സൂചിപ്പിക്കുന്നു. കൂടാതെ പേപ്പല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ സീല്‍ ചെയ്യുകയും ചെയ്യും.
മാര്‍പ്പാപ്പയുടെ മരണം വത്തിക്കാന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ ലോകത്തെ അറിയിക്കുന്നതിന് മുമ്പായി, മുതിര്‍ന്ന സഭാ നേതൃത്വത്തിന്റെ ഭരണസമിതിയായ കോളേജ് ഓഫ് കാര്‍ഡിനല്‍സിനെ കാമര്‍ലെംഗോ അദ്ദേഹം മരിച്ചതായി അറിയിക്കും.
പോപ്പിനെ സംസ്‌കരിക്കുന്നത് എങ്ങനെ?
മാര്‍പ്പാപ്പയുടെ മരണശേഷം മൃതദേഹം പൊതുവേ നാല് മുതല്‍ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ സംസ്‌കരിക്കും. നിലവില്‍ 91 വയസ്സുള്ള കോളേജ് ഓഫ് കാര്‍ഡിനല്‍സിന്റെ ഡീന്‍ ആയ ഇറ്റാലിയന്‍ സ്വദേശി ജിയോവന്നി ബാറ്റിസ്റ്റ റീയായിരിക്കും മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.
പൊതുവെ മാര്‍പ്പാപ്പയെ സംസ്‌കരിക്കുന്നത് വത്തിക്കാന്‍ ഗ്രോട്ടോസിലാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ താഴെയായി സ്ഥിതി ചെയ്യുന്ന കല്ലറയാണിത്.
എന്നാല്‍, റോമിലെ തന്റെ പ്രിയപ്പെട്ടതും ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതുമായ സാന്താ മരിയ മാഗിയോര്‍ ബസിലിക്കയില്‍ അന്ത്യവിശ്രമം കൊള്ളാനാണ് ആഗ്രഹിക്കുന്നതെന്ന് 2023ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ പറഞ്ഞിരുന്നു.
ദുഃഖാചരണം എത്രദിവസം?
മാര്‍പ്പാപ്പയുടെ മരണശേഷം ദുഃഖാചരണം ഒമ്പത് ദിവസം നീണ്ടുനില്‍ക്കുമെന്ന് പൊളിറ്റിക്കോയിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കാലയളവ് നോവെന്‍ഡിയേല്‍ എന്ന് അറിയപ്പെടുന്നു. ഇത് ഒരു പുരാതന റോമന്‍ ആചാരമാണ്.
ഈ കാലയളവില്‍ പതിവ് പാരമ്പര്യമനുസരിച്ച് പോപ്പിന്റെ മൃതദേഹം പേപ്പല്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ച് പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രദര്‍ശിപ്പിക്കും. പലപ്പോഴും മാര്‍പ്പാപ്പമാരുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാറുണ്ട്. ചിലരുടെ അവയവങ്ങള്‍ സംസ്‌കരിക്കുന്നതിന് മുമ്പായി നീക്കം ചെയ്യുകയും ചെയ്തിരുന്നു. റോമിലെ ട്രെവി ഫൗണ്ടന് സമീപമുള്ള ഒരു പള്ളിയില്‍ 2-ല്‍ പരം മാര്‍പ്പാപ്പമാരുടെ ഹൃദയങ്ങള്‍ മാര്‍ബിള്‍ കലശങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. അവ തിരുശേഷിപ്പുകളായി സംരക്ഷിച്ച് വരികയും ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ശവസംസ്‌കാര ചടങ്ങുകള്‍ ലളിതമാക്കിയിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ മരണശേഷം മൃതദേഹം പൊതുജനങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ സാധ്യതയുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
പുതിയ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ്
മരണപ്പെട്ട മാര്‍പ്പാപ്പയുടെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം മൂന്ന് ആഴ്ചകള്‍ക്ക് ശേഷം പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കും. കോളേജ് ഓഫ് കാര്‍ഡിനല്‍സ് സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടും. അതീവരഹസ്യമായാണ് ഇത് നടക്കുക. കഴിഞ്ഞ 700 വര്‍ഷമായി ഈ പാരമ്പര്യമാണ് പിന്തുടരുന്നത്.
പോപ്പിന്റെ സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ പരസ്യമായി പ്രചാരണം നടത്തുന്നില്ല എന്നതാണ് ഇതില്‍ ശ്രദ്ധേയം. മറിച്ച് പൊതുവെ കര്‍ദിനാള്‍മാര്‍ എല്ലാവരും പോപ്പിന്റെ സ്ഥാനം വഹിക്കാന്‍ പ്രാപ്തരാണെന്നാണ് വത്തിക്കാന്‍ നിരീക്ഷകര്‍ കരുതുന്നത്.
ഒരു പോപ്പിന്റെ മരണത്തിന് പിന്നാലെ അല്ലെങ്കില്‍ ബനഡിക്ട് പതിനാറാമന്‍ പോപ്പിന്റെ രാജി പോലെയുള്ള അപൂര്‍വ്വസന്ദര്‍ഭങ്ങളില്‍ വത്തിക്കാന്‍ ഒരു പേപ്പല്‍ കോണ്‍ക്ലേവ് വിളിച്ചുകൂട്ടുകയാണ് ചെയ്യുക. അതില്‍ സഭയുടെ അടുത്ത തലവനെ തിരഞ്ഞെടുക്കുന്നതിനാല്‍ കോളേജ് ഓഫ് കാര്‍ഡിനല്‍സ് ഒത്തുചേരുന്നു.
2025 ജനുവരി 22ലെ കേണ്‍ക്ലേവിന്റെ നിയമങ്ങള്‍ പ്രകാരം 252 കര്‍ദ്ദിനാള്‍മാരില്‍ 138 പേരാണ് ഇലക്ടര്‍മാര്‍. 80 വയസ്സിന് താഴെയുള്ളവര്‍ക്ക് മാത്രമെ സിസ്റ്റൈന്‍ ചാപ്പലില്‍ നടക്കുന് രഹസ്യ ബാലറ്റില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.
വോട്ടെടുപ്പ് ദിവസം മൈക്കലാഞ്ചലോ വരച്ച പ്രശസ്തമായ സീലിംഗുള്ള സിസ്റ്റൈല്‍ ചാപ്പല്‍ സീല്‍ചെയ്ത് പൂട്ടും. രഹസ്യ സത്യപ്രതിജ്ഞ ചെയ്ത കര്‍ദിനാള്‍മാരെ അകത്ത് പൂട്ടിയിടുകയും ചെയ്യും.
80 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമെ വോട്ട് ചെയ്യാനും അര്‍ഹതയുള്ളൂ. ഏകദേശം 120 പേര്‍ രഹസ്യമായി തങ്ങള്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും. ഒരു ബാലറ്റില്‍ അവരുടെ പേര് എഴുതി ബലിപീഠത്തിന് മുകളില്‍വെച്ച പാത്രത്തില്‍ നിക്ഷേപിക്കും.
ഒരു സ്ഥാനാര്‍ഥിക്കും ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മറ്റൊരു റൗണ്ട് വോട്ടെടുപ്പ് നടത്തും. ഒരു ദിവസം ഇങ്ങനെ നാല് റൗണ്ടുകള്‍ വരെ നടത്താം.
ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞാല്‍ വത്തിക്കാനിലെ അഗ്നിശമന സേനാംഗങ്ങള്‍ സിസ്റ്റൈന്‍ ചാപ്പലിലെ മുന്‍കൂട്ടി സ്ഥാപിച്ച സ്റ്റൗവില്‍ അവ കത്തിക്കും. രണ്ടാമത്തെ സ്റ്റൗവിലൂടെ ഒരു രാസവസ്തു കത്തിച്ച് അത് ചിമ്മിനിയിലൂടെ പുറത്ത് വിടുന്നു. ഇത് ഒരു അടയാളമാണ്. കറുത്തപുക വന്നാല്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തിട്ടില്ല എന്നാണ് അര്‍ത്ഥം. വെളുത്തപുകവന്നാല്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു എന്നും.
പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍
ഒരു മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ കോളേജ് ഓഫ് കാര്‍ഡിനല്‍സില്‍നിന്നുള്ള ഒരു പ്രതിനിധി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രധാന ബാല്‍ക്കണിയില്‍ നിന്ന് താഴെയുള്ള ആയിരക്കണക്കിന് ആളുകളെ നോക്കി ''നമുക്കൊരു മാര്‍പ്പാപ്പയുണ്ടെന്ന്'' എന്ന് ലാറ്റിന്‍ ഭാഷയില്‍ പ്രഖ്യാപനം നടത്തും.
ഇതിന് ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പ, ഒരു വിശുദ്ധനെയോ മുന്‍ഗാമിയെയോ ബഹുമാനിക്കുന്ന ഒരു പേര് തിരഞ്ഞെടുത്ത് വെളുത്ത കസോക്ക് ധരിച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ തന്റെ കന്നി പ്രസംഗം നടത്താന്‍ ബാല്‍ക്കണിയിലേക്ക് ഇറങ്ങും.
സഭാപരമായ കാര്യങ്ങളും ധാര്‍മികതയും പഠിപ്പിക്കുന്നതിനൊപ്പം പുതിയ പോപ്പ് ലോക രാഷ്ട്രീയത്തില്‍ ഗണ്യമായ നയതന്ത്രപരവും രാഷ്ടീയവുമായ അധികാരം പ്രയോഗിക്കുകയും ചെയ്യുന്നു. ആഗോള സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുകയും മാനുഷ്യാവകാശ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.
2024 നവംബറില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മരിക്കുമ്പോള്‍ ചെയ്യേണ്ട ശവസംസ്‌കാര ചടങ്ങുകള്‍ പരിഷ്‌കരിച്ചിരുന്നു. ആചാരങ്ങള്‍ ലളിതമാക്കുകയും ആചാരങ്ങള്‍ക്ക് അനുസൃതമല്ലാതെ വത്തിക്കാന്റെ പുറത്ത് മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഒരു വത്തിക്കാന്‍ പത്രം പുതുക്കിയ ആരാധനാക്രമത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.