ഇരുപത്തിമൂന്നു ദശലക്ഷം പൗരന്മാരുള്ള ദ്വീപരാഷ്ട്രമാണ് തായ്വാന്‍. തായ്വാന്‍ അന്താരാഷ്ട്ര തലക്കെട്ടുകളില്‍ വീണ്ടും ഇടം പിടിക്കുകയാണ്. 'മാതൃരാജ്യത്തിന്റെ കൂടിച്ചേരലിനായുള്ള ചരിത്രപരമായ ദൗത്യം നിറവേറപ്പെടണം' എന്ന പേരിൽ ചൈനീസ് പ്രസിഡണ്ടായ ഷി ജിന്‍പിംഗ് നടത്തിയ പ്രസംഗം കഴിഞ്ഞ് അധികം താമസിക്കാതെയാണ് തായ്വാൻ അതിര്‍ത്തികളില്‍ ചൈനയുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങൾറിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 1നും 4നും ഇടയിലാണ് തായ്വാന്റെ മുന്‍ എയര്‍ ഡിഫന്‌സ് ഐഡന്റിഫിക്കേഷന്‍ സോണിലേക്ക് (എഡിഐഇസ്ഡ്) ചൈനീസ് എയര്‍ക്രാഫ്റ്റുകളുടെ നുഴഞ്ഞു കയറ്റമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇത് തായ്വാനും ചൈനിസ് തലസ്ഥാനമായ ബെയ്ജിങ്ങും തമ്മിലുള്ള ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.
advertisement
ബെയ്ജിങ്ങിന്റെ സമ്മർദ്ദത്തിനുള്ള മറുപടിയായി, തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ, സമ്മർദ്ദങ്ങൾക്ക് തായ്‌പേയ് വഴങ്ങില്ലെന്ന് വ്യക്തമാക്കുകയും ബെയിജിങ്ങിന്റെ നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമായി ഒരു പാതയുണ്ടാക്കാനാണ് തായ്വാന്റെ താത്പര്യമെന്നും അറിയിക്കുകയും ചെയ്തു. കാണപ്പെടുന്ന ഈ പിരിമുറുക്കങ്ങൾ ആഗോളതലത്തിലുള്ള ചൈനീസ് ആക്രമണത്തിന്റെ വിശാലമായ പശ്ചാത്തലത്തിലാണ് വീക്ഷിക്കപ്പെടുന്നത്. ഏഷ്യയിലെ യുഎസ്-ചൈന മത്സരവും ചൈനയുടെ മെച്ചപ്പെട്ട സൈനിക ശേഷിയും, തായ്‌വാനുമായുള്ള പ്രശ്നം ബലപ്രയോഗത്തിലൂടെ പരിഹരിക്കാനുള്ള ഉദ്ദേശ്യമാണ് ബെയ്ജിങിന്റേതെന്ന് സൂചന നൽകുന്നതായിഅന്താരാഷ്ട്ര തലത്തിൽ രാഷ്ട്രങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.
തായ്വാൻ എന്ന രാഷ്ട്രത്തോടുള്ള ബെയ്ജിങ്ങിന്റെ താൽപ്പര്യത്തിന് കൊളോണിയലിസത്തിന്റെയും ദേശീയതയുടെയും വിഷലിപ്തമായ ചരിത്രത്തിന്റെ പിൻബലമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ബെയ്ജിങ്ങ്, തായ്വാന് മേൽ ശക്തമായ ഒരു നിയന്ത്രണ സംവിധാനം അടിച്ചേൽപ്പിച്ചു. എന്നാൽ 19 -ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്നു വളർന്നുവന്ന ജപ്പാൻ എന്ന സാമ്രാജ്യ ശക്തിയ്ക്ക് മുന്നിൽ ചൈനയ്ക്ക് തായ്വാനുമേലുള്ള അവകാശം നഷ്ടമായി. തായ്‌വാന്റെ നഷ്ടം, കൊളോണിയൽ കാലഘട്ടത്തിൽ ചൈന അനുഭവിച്ച അപമാനങ്ങളുടെ ഒരു നീണ്ട നിരയിൽ ഒന്നു മാത്രമായിരുന്നു. അതേസമയം, ആ നഷ്ടത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി "അപമാനത്തിന്റെ നൂറ്റാണ്ട്" എന്ന ആഖ്യാനത്തിന്റെ ഭാഗമായിത്തന്നെ കാണുകയും ചെയ്തു. ഈ നഷ്ടങ്ങളും അപമാനത്തിൽ മുങ്ങിയ ചരിത്രവുമാണ് ചൈന എന്ന രാജ്യത്തിന്റെ ആധുനിക ദേശീയതയ്ക്ക് രൂപം നൽകിയത്.
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയപ്പോൾ, തായ്‌വാന്റെ ഉടമസ്ഥാവകാശം ചിയാങ് കൈ-ഷെക്കിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ചൈനയിലെ ദേശീയ സർക്കാരിന് തിരികെ ലഭിച്ചു. ചിയാങ്ങിന്റെ ഭരണകൂടം താമസിയാതെ മാവോ സേതുങ്ങിന്റെ കമ്മ്യൂണിസ്റ്റുകാരുമായുള്ള ഒരു ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടു. ഇരുപക്ഷവും അവരവരുടെ പ്രദേശങ്ങളിൽ ശക്തി നിലനിർത്തിയതോടെ സംഘർഷം അവസാനിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അവയെല്ലാം പരാജയപ്പെട്ടു. തുടർന്ന് 1949-ഓടെ യുദ്ധത്തിൽ പരാജയപ്പെട്ടു എന്ന് ബോധ്യപ്പെട്ട ചിയാങ് തായ്‌വാനിലേക്ക് പലായനം ചെയ്തു.
ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) അതിന്റെ ആധുനിക ഭരണസംവിധാനം ഉപയോഗിച്ച് "അപമാനത്തിന്റെ നൂറ്റാണ്ടിലെ" ഭീകരതയുടെ ചരിത്രം ഇല്ലാതാക്കുന്നതിലും ചൈനയെ ഒരു കുടക്കീഴിൽ ഏകീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകിക്കുകയായിരുന്നു. അതിനാൽ, തായ്‌വാൻ സിസിപിയുടെ പദ്ധതി പൂർത്തിയാക്കാൻ സമ്മതിക്കാത്ത ഒരു പ്രതിസന്ധിയെയാണ് പ്രതിനിധീകരിക്കുന്നത്.
തായ്‌വാനെ സംബന്ധിച്ചുള്ള പ്രസിഡന്റ് ഷിയുടെ പ്രസ്താവനകളെ വിശാലമായ ചരിത്ര പശ്ചാത്തലത്തിൽ വെച്ച് പരിശോധിക്കുന്നത് സഹായകരമാകും. ഏതാനും ദശാബ്ദങ്ങളായി തായ്‌വാനിൽ ബെയ്ജിങ്ങ് പിന്തുടരുന്ന തിരക്കഥയിൽ നിന്ന് ഷി ഇതുവരെ പറഞ്ഞ കാര്യങ്ങളൊന്നും വ്യതിചലിക്കുന്നില്ല. 100-ാമത് സിസിപി വാർഷിക സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ, തായ്‌വാനുമായുള്ള സമാധാനപരമായ പുനരേകീകരണത്തിനുള്ളപ്രതിജ്ഞാബദ്ധതയെക്കുറിച്ച് തന്റെ"ദേശീയ പുനരുജ്ജീവന" പദ്ധതികളുമായി ബന്ധിപ്പിക്കാതെയായിരുന്നു അദ്ദേഹംപരാമർശിച്ചത്.
ബീജിംഗുമായുള്ള വാക്‌പോരിൽ ആദ്യമായല്ല തായ്വാൻ ഏർപ്പെടുന്നത്. 2000-ങ്ങളുടെ തുടക്കത്തിൽ പ്രസിഡന്റ് ചെൻ ഷൂയി-ബിയാൻ തായ്‌വാന്റെ സ്വാതന്ത്ര്യത്തിനായി പരസ്യമായി ആഹ്വാനം ചെയ്തപ്പോൾ, ആ ദ്വീപ് രാഷ്ട്രം "വളരെ അപകടം നിറഞ്ഞകാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന്" മെയിൻലാൻഡ് ചൈനീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
എന്താണ് കഴിഞ്ഞ ആഴ്ചകളിൽ ബെയ്ജിങ്ങിന്റെ സൈനിക പ്രകോപനങ്ങൾക്ക് കാരണമായത്?
ഈ ലേഖനത്തിന്റെ രചയിതാവിന്റെ വീക്ഷണത്തിൽ, ബെയ്ജിങ്ങ് മുന്നോട്ട് വെയ്ക്കുന്ന വർദ്ധിച്ചുവരുന്ന യുദ്ധ താത്പര്യങ്ങൾക്ക് രണ്ട് പ്രേരകശക്തികളുണ്ട്: ഒന്ന് തായ്‌വാനിലെ ആഭ്യന്തര രാഷ്ട്രീയവും, മറ്റൊന്ന് തായ്‌വാനുള്ള അന്താരാഷ്ട്ര പിന്തുണയും തായ്വാനിലുള്ള താത്പര്യവുമാണ്.
ബെയ്ജിങ്ങിന് പിന്തുണ അപ്രത്യക്ഷമായ സമയത്താണ്, സായ് ഇംഗ്-വെൻ പോലുള്ള രാഷ്ട്രീയക്കാർക്ക് പിന്തുണ വർദ്ധിക്കുന്നതിൽ സോംഗ്നാൻഹായിലെ (ചൈനയിലെ റെയ്‌സീന) മുൻനിര നേതാക്കൾ ആശങ്കാകുലരായത്. 1992 ലുണ്ടായ സമവായത്തിന്റെ തകർച്ചയാണ് അത് സംബന്ധിച്ച വ്യക്തമായ സൂചന നൽകിയത്. വിശാലമായ ഒറ്റ ചൈനയെ സംബന്ധിച്ച് ബെയ്ജിങിനും തായ്‌പേയിക്കും ഇടയിൽ രൂപപ്പെട്ട അനൗദ്യോഗിക ധാരണയെയാണ് ആ സമവായം സൂചിപ്പിച്ചത്.
കൂടാതെ, ഒറ്റചൈന എന്നതിലൂടെ യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്നതിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾക്ക് സമവായം ഇടം നൽകുന്നുണ്ട്. തായ്പേയ് തങ്ങൾ(ഔപചാരികമായി റിപ്പബ്ലിക്ക് ഓഫ് ചൈന) നിയമസാധുതയുള്ള ചൈനീസ് സർക്കാർ ആണെന്ന് അവകാശപ്പെട്ടപ്പോൾ, ബെയ്ജിങ്ങും അതുതന്നെ ചെയ്തു. തായ്‌വാൻ, തങ്ങൾ തീർത്ത തൊഴുത്തിൽ നിന്ന് പുറത്തു കടന്ന് ഔപചാരിക സ്വാതന്ത്ര്യം പ്രഖ്യാപിക്കില്ലെന്ന് ബെയ്ജിങ്ങിന് ഉറപ്പ് വരുത്താൻ ഇത് സഹായകമായി.
തായ്വാനെ തങ്ങളുടെ അധീനതിയിൽ എത്തിക്കണമെന്ന് ചൈന ആത്യന്തികമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും, തായ്വാനുമായി ഒരു സൈനിക സംഘർഷത്തിൽ ഏർപ്പെട്ടാൽ അത്ചൈനയ്ക്കായുള്ള സിസിപിയുടെ ആഗോള അഭിലാഷങ്ങൾക്കു മാത്രമല്ല അവരുടെനിലനിൽപ്പിന് പോലും അത് ഭീഷണിയാണ്.
പ്രസിഡന്റ് സായിയുടെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി 1992 ലെ സമവായത്തെ എതിർത്തപ്പോൾ, ഒരിക്കൽ ചിയാങ് കെയ് ഷേക്കിന്റെ പാർട്ടി ആയിരുന്ന കുമിന്റാങ് (KMT) അതിനെ പിന്തുണച്ചു. എന്നിരുന്നാലും, 2020-ൽ, കെഎംടി അനുകൂല സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സായ് തുടർച്ചയായി രണ്ടാം തവണയും വിജയിച്ചതോടെ തായ്‌വാനിലെ രാഷ്ട്രീയ മൈതാനത്തിൽ മാറ്റത്തിന്റെ കാറ്റടിച്ച് തുടങ്ങുകയാണ്.
തായ്‌വാൻ പൗരന്മാർക്കിടയിൽ ചൈനയോടുള്ള അവിശ്വാസം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് സായ് വിജയം നേടിയത്. ചൈനീസ് സുരക്ഷാ സേന ഹോങ്കോങ്ങിലെ പ്രതിഷേധങ്ങളെ അടിച്ചമർത്തിയപ്പോൾ, തായ്‌വാനിലെ ജനങ്ങളിൽ മെയിൻലാന്റുമായി കൂടുതൽ ഇടപഴകലും ഏകീകരണവും എന്ന ആശയത്തിനെതിരെയുള്ള വികാരം ശക്തിപ്പെട്ടു.
ബീജിംഗിനെ സംബന്ധിച്ച സായ്‌യുടെ കൂടുതൽ സംഘർഷാത്മകമായ നിലപാട്, തകർച്ച നേരിട്ട തന്റെ സർക്കാരിനെ രക്ഷപ്പെടുത്തുകയും 1992-ലെ സമവായത്തിനുള്ള പിന്തുണ പുനഃപരിശോധിക്കാൻ പാർട്ടിയോട് പരസ്യമായി ആഹ്വാനം ചെയ്ത കെഎംടിയിലെ ഇളയ അംഗങ്ങൾക്കിടയിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. തായ്‌വാനിലെ പൗരന്മാർ കൂടുതലായി തായ്‌വാനികൾ എന്ന നിലയിലാണ് സ്വയം തിരിച്ചറിയുന്നത്. തങ്ങളുടെമുൻ തലമുറകളെ നിർവചിച്ച ചൈനയുമായുള്ള ആത്മബന്ധം തായ്‌വാൻ ജനതയ്ക്ക് നിലവിൽ അനുഭവപ്പെടുന്നില്ല.
ഏകീകരണത്തിനുള്ള പിന്തുണ അതിവേഗം അപ്രത്യക്ഷമാകുന്ന സഹചര്യത്തിൽ ചൈനയെ കൂടുതൽ ആശങ്കപ്പെടുത്തി കൊണ്ട് ചൈനയ്ക്ക് തായ്വാനിലേക്ക് കടക്കാവുന്ന വാതിലുകൾ അടഞ്ഞു കൊണ്ടിരിക്കുകയാണ്. ഒപ്പം തായ്വാന്റെ സ്വാതന്ത്ര്യം ഒരു സത്യമായി മാറുമെന്ന ഭയവും ചൈനയ്ക്കുണ്ട്.
രണ്ടാമതായി, ബെയ്ജിങ്ങുമായുള്ള തായ്‌വാന്റെ പ്രശ്‌നങ്ങൾ വളരെയധികം ശ്രദ്ധയും അന്താരാഷ്ട്ര പിന്തുണയും ഇതിനോടകം ആകർഷിച്ച് കഴിഞ്ഞു. കോവിഡ്-19 മഹാമാരിയോട് ഏറ്റവും ഫലപ്രദമായി പ്രതികരിച്ച രാജ്യങ്ങളിലൊന്നായിരുന്നു തായ്‌വാൻ. ഇത് കണക്കിലെടുക്കുമ്പോൾ, മഹാമാരി കൈകാര്യം ചെയ്തതിലെ തായ്വാന്റെ അനുഭവങ്ങൾ ലോകത്തിന് പ്രയോജനപ്രദമാകുമെന്ന ചിന്ത അന്താരാഷ്ട്ര സമൂഹത്തിലെ പലരും കൈക്കൊള്ളുന്നുണ്ട്. ഇത് തായ്വാന്റെ ലോകാരോഗ്യ സംഘടനയിലേക്കുള്ള പ്രവേശനമെന്ന ആവശ്യത്തിന് പിൻബലം നൽകുകയും ചെയ്തു.
തായ്‌വാൻ അംഗത്വത്തോടുള്ള ചൈനയുടെ ദീർഘകാല എതിർപ്പ് കണക്കിലെടുത്ത് ഈ പ്രതീക്ഷ പരാജയപ്പെട്ടെങ്കിലും അത് തായ്‌വാനെ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിച്ചു. കൂടാതെ, തായ്‌വാനുമായി ബന്ധപ്പെട്ട ബെയ്ജിങ്ങിന്റെ ആക്രമണം, അയൽരാജ്യങ്ങളോടുള്ള ചൈനയുടെ സമീപനം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകാൻ കാരണമായി. മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് മുതൽ തായ്‌വാൻ സന്ദർശിക്കാൻ അണിനിരക്കുന്ന ഫ്രഞ്ച് സെനറ്റർമാരുടെ ഒരു സംഘം വരെയുള്ളവരുടെ പിന്തുണ തായ്വാന് ലഭിച്ചു.
തായ്‌വാനെതിരെയുള്ള ബെയ്ജിങിന്റെ ഭീഷണിയെ വിശദീകരിക്കാൻ കരണങ്ങളുണ്ടെങ്കിലും എന്തുകൊണ്ടാണ് സൈനികമായ പ്രകോപനങ്ങൾക്ക് ചൈന മുൻകൈയെടുത്തതെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല. ചൈനീസ് സമീപനംമനസ്സിലാക്കുന്നതിന്, 1990-കളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കണം. ഈ കാലഘട്ടത്തിലായിരുന്നു, പുതുതായി ജനാധിപത്യവൽക്കരിക്കപ്പെട്ട തായ്‌വാൻ ബെയ്ജിങ്ങിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക എന്ന ആശയവുമായി പരസ്യമായി രംഗത്തു വന്നത്. തായ്‌വാനിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആശങ്കാകുലരായ ബെയ്ജിംഗ് അവിടത്തെ തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കി. നിരവധി സൈനിക ഇടപെടലുകളും ഒരു തായ്‌വാൻ കടലിടുക്ക് പ്രതിസന്ധിയും ഇതിനെ തുടർന്ന് സംഭവിച്ചിരുന്നു. ഇത് സ്വാതന്ത്ര്യം സംബന്ധിച്ച ചോദ്യങ്ങൾ നീട്ടിവെയ്ക്കണം എന്നനിഗമനത്തിൽ തായ്വാൻ ജനതയെ എത്തിച്ചു.
1996 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡിപിപിയുടെ സ്ഥാനാർത്ഥി സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടത്തിയ പ്രചരണങ്ങളിൽ ഗുരുതരമായ തിരിച്ചടി നേരിട്ടപ്പോൾ ഇക്കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻ തുടങ്ങിയിരുന്നു. സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാർ ഇത് സൂചനയായി സ്വീകരിച്ചു. ഏകീകരണം ഒരു പ്രവർത്തനക്ഷമമായ ലക്ഷ്യമാണെന്ന് ബെയ്ജിങ്ങ് ഗൗരവമായി പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും, സ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷ പ്രഖ്യാപനത്തിനായി ചൈനയോട് നേർക്കുനേർ നിൽക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് തായ്‌വാനിലെ പൗരന്മാർ മനസ്സിലാക്കി. സൈനിക സമ്മർദത്തിലൂടെ സ്വാതന്ത്ര്യത്തിനായുള്ള ആവേശം ഇല്ലാതാക്കുന്നതിൽ നേടിയ ഈ വിജയത്തിന്റെ ചരിത്രത്തിൽ നിന്ന് ബെയ്ജിംഗ് പാഠങ്ങൾ കടമെടുക്കുന്നുണ്ടാകാം.
നിലവിലുള്ള പ്രതിസന്ധിക്ക് സാധ്യമായ ഏതൊരു പരിഹാരത്തിനും 1992-ലെ സമവായം ഉണ്ടാക്കിയ അതേ പ്രക്രിയയിലൂടെ വേണം ഇരു പക്ഷവും കടന്നുപോകാൻ. തായ്‌വാനിലെ രാഷ്ട്രീയ നേതൃത്വം സ്വാതന്ത്ര്യത്തിനായി മുൻകൈയെടുക്കാൻ സാധ്യതയില്ലെങ്കിലും, ആത്യന്തികമായി പുനരേകീകരണം എന്ന ആശയം അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ സമവാക്യത്തിന് ആഭ്യന്തരമായി കടുത്ത എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന കാര്യം വളരെ വ്യക്തമാണ്. തായ്വാൻ സ്വപ്നം കാണുന്നത്, തങ്ങളുടെ ശരിയായ സ്വത്വം വെളിപ്പെടുത്തി ജീവിക്കാനാണ്. ഒപ്പം ചൈനയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പറയപ്പെടുന്ന — ചൈനയിലെ പഴയ തലമുറ ശ്രമിച്ച് വന്നിരുന്ന — പുനരേകീരണം എന്ന ബാധ്യതയിൽ നിന്ന് പുറത്തു കടക്കണമെന്നും തായ്വാൻ ആഗ്രഹിക്കുന്നു. ആത്യന്തികമായി, പ്രസിഡന്റുമാരായ സായിയും ഷിയും ആഗ്രഹിക്കുന്നത്, തായ്‌വാനിലെ പുതിയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി പിരിമുറുക്കവും സംഘര്ഷങ്ങളും കുറച്ചുകൊണ്ട് ഒരു പുതിയ സമവായം ഉണ്ടാക്കാനാണ്.
രണ്ട് നേതാക്കളും ഇപ്പോഴാഗ്രഹിക്കുന്നത്, നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു കൊണ്ട് സ്ഥിരമായ ഒരു നയം രൂപീകരിക്കാനാണ്. അപ്പോഴും അവർ തായ്വാന്റെ സ്വാതന്ത്ര്യം എന്ന ദേശീയവാദികളുടെ ചോദനയെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഒരേയൊരു ചൈന എന്ന ആശയം സ്വീകരിക്കുന്നതിലുള്ള സായിയുടെ വിസമ്മതമാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട സ്ട്രൈക്കിങ്ങ് പോയിന്റ്. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ലോകം ഇനിയും കാത്തിരുന്ന് കാണേണ്ടതുണ്ട്.
(ലേഖനത്തിന്റെ രചയിതാവ് ന്യൂ ഡൽഹിയിലെ, ഒബ്സേർവർ റിസേർച്ച് ഫൗണ്ടേഷൻ (ഒആർഎഫ്) എന്ന സ്ഥാപനത്തിലെ, സ്ട്രാറ്റജിക് സ്റ്റഡി പ്രോഗ്രാമിലെ, ഗവേഷകപങ്കാളിയാണ്. ലേഖനത്തിൽ പങ്കു വെച്ചിരിക്കുന്ന കാഴ്ചപ്പാടുകൾ തീർത്തും വ്യക്തിപരം.