15ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച സിസ്റ്റൈന്‍ ചാപ്പലില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ 133 കര്‍ദിനാള്‍മാരാണ് പങ്കെടുക്കുന്നത്. 80 വയസ്സിന് താഴെയുള്ള കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. ആകെയുള്ള വോട്ടില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടും.
കര്‍ദിനാള്‍മാരുടെ തിരഞ്ഞെടുപ്പ് കത്തോലിക്കാ സഭയിലും ലോകത്തിലെ 1.4 ബില്ല്യണ്‍ റോമന്‍ കത്തോലിക്കരിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും. അത് ആരാണെന്ന് പ്രവചിക്കുക അല്‍പം പ്രയാസമേറിയ കാര്യമാണ്.
ആകെയുള്ള കര്‍ദിനാള്‍മാരില്‍ 80 ശതമാനം പേരും ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചവരായതിനാല്‍ മിക്കവരും ആദ്യമായാണ് പോപ്പിനെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നത്. കൂടാതെ ഇത് വിശാലമായ ഒരു ആഗോളകാഴ്ചപ്പാട് നല്‍കുകയും ചെയ്യും.
advertisement
ചരിത്രത്തിലാദ്യമായി വോട്ട് ചെയ്യുന്നവരില്‍ പകുതിയില്‍ താഴെ മാത്രമെ യൂറോപ്പില്‍ നിന്നുള്ളവരുള്ളൂ. കൂടുതല്‍ ആളുകളെയും ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെയാണ് കർദ്ദിനാളായി നിയമിച്ചതെങ്കിലും അവര്‍ 'പുരോഗമനവാദികള്‍' അല്ലെങ്കില്‍ 'പാരമ്പര്യവാദികള്‍' മാത്രമായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
ഇത്തവണ മാര്‍പ്പാപ്പാ സ്ഥാനത്തേക്ക് ഒരു ആഫ്രിക്കന്‍ വംശജന്‍ അല്ലെങ്കില്‍ ഏഷ്യയില്‍ നിന്നുള്ള ഒരാള് വരുമോയെന്നതാണ് ലോകം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട കാര്യം.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരെ പരിചയപ്പെടാം.
പിയെദ്രോ പരോളിന്‍
ഇറ്റാലിയന്‍ സ്വദേശിയാണ് 70 കാരനായ കര്‍ദ്ദിനാൾ പിയെദ്രോ പരോളിന്‍. മൃദുഭാഷിയായ അദ്ദേഹം മാര്‍പ്പാപ്പയുടെ കീഴില്‍ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് പോപ്പിന്റെ മുഖ്യ ഉപദേഷ്ടാവായി. സഭയുടെ കേന്ദ്രഭരണ സംവിധാനമായ റോമന്‍ ക്യൂരിയയുടെയും തലവനാണ് സ്‌റ്റേറ്റ് സെക്രട്ടറി. ഡെപ്യൂട്ടി പോപ്പായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള അദ്ദേഹത്തിന് അടുത്ത മാര്‍പ്പാപ്പയാകാനുള്ള കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. കത്തോലിക്കാ വിശ്വാസത്തിലെ വിശുദ്ധിയേക്കാള്‍ നയതന്ത്രത്തിനും ആഗോള വീക്ഷണത്തിനും മുന്‍ഗണന നല്‍കുന്ന അദ്ദേഹത്തെ ചിലര്‍ മാര്‍പ്പാപ്പയാകാന്‍ കൂടുതല്‍ സാധ്യത കാണുന്നു. എന്നാല്‍, അദ്ദേഹത്തെ പ്രതികൂലിക്കുന്നവര്‍ ഈ ഘടകങ്ങളെ ഒരു പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അനുകൂലിക്കുന്നവര്‍ ഒരു ശക്തിയായാണ് കണക്കാക്കുന്നത്.
ലോകമെമ്പാടും സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. 2015ല്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡില്‍ സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച് ലഭിച്ച വോട്ടിനെ 'മനുഷ്യരാശിയുടെ പരാജയം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ 'ദുരുപയോഗ വിവരങ്ങള്‍ അടിച്ചമര്‍ത്തല്‍' മതേതര അധികാരികള്‍ക്ക് കൈമാറിയതായി കത്തോലിക്ക നിരീക്ഷണ സംഘടനയായ ബിഷപ് അക്കൗണ്ടബിലിറ്റി ആരോപിച്ചിരുന്നു.
ഇതുവരെയുള്ള 266 മാര്‍പ്പാപ്പമാരില്‍ 213 പേരും ഇറ്റലിക്കാരായിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടെയുള്ള സഭയുടെ ചരിത്രത്തിൽ ഒരു ഇറ്റാലിയന്‍ മാര്‍പ്പാപ്പ ഉണ്ടായിട്ടില്ല.
ലൂയിസ് അന്റോണിയോ ഗോക്കിം ടാഗിള്‍
രാജ്യം: ഫിലിപ്പിനോ
പ്രായം: 67
വത്തിക്കാന്റെ നയതന്ത്രജ്ഞനായോ സഭാ നിയമത്തില്‍ വിദഗ്ധനായോ അദ്ദേഹത്തിന് പ്രവര്‍ത്തന പരിചയമില്ലെങ്കിലും കര്‍ദ്ദിനാള്‍ ടാഗിള്‍ ജനങ്ങള്‍ക്കിടയില്‍ സജീവമായ സഭാ നേതാവാണ്. ഫിലിപ്പീന്‍സില്‍ സഭയ്ക്ക് വലിയ സ്വാധീനമുണ്ട്. ഫിലിപ്പീന്‍സിലെ ആകെ ജനസംഖ്യയുടെ 80 ശതമാനവും കത്തോലിക്കരാണ്. നിലവില്‍ രാജ്യത്ത് കർദ്ദിനാൾ കോളേജിലെ അഞ്ച് അംഗങ്ങളുണ്ട്. അവരെല്ലാവരും കര്‍ദ്ദിനാള്‍ ടാഗിളിനെ പിന്തുണച്ചാല്‍ അത് അദ്ദേഹത്തിന് അനുകൂലമായേക്കും.
മിതവാദിയായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഏഷ്യന്‍ ഫ്രാന്‍സീസ് എന്ന് അറിയപ്പെടുന്ന കര്‍ദ്ദിനാള്‍ ടാഗിള്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പോലെ കുടിയേറ്റക്കാരോട് സഹതാപത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
അതേസമയം, ഗര്‍ഭഛിദ്രത്തെ അദ്ദേഹം എതിര്‍ക്കുന്നു. അവയെ കൊലപാതകം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ച്ത്. ഗര്‍ഭധാരണത്തോടെ ജീവിതം ആരംഭിക്കുന്നു എന്ന സഭയുടെ വിശാലമായ നിലപാടിനോട് യോജിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ദയാവധത്തിനെതിരേയും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
സ്വവര്‍ഗാനുരാഗികള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവരോടുള്ള സഭയുടെ കർക്കശമായ നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന് 2015ല്‍ മനിലയിലെ ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ കര്‍ദ്ദിനാള്‍ ടാഗിള്‍ സഭയോട് ആവശ്യപ്പെട്ടിരുന്നു. മുന്‍കാലങ്ങളിലെ കർക്കശമായ നിലപാട് വലിയ ദോഷങ്ങള്‍ വരുത്തിവെച്ചിട്ടുണ്ടെന്നും ഓരോ വ്യക്തിയും അനുകമ്പയും ബഹുമാനവും അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ട 2013ലെ കോണ്‍ക്ലേവ് മുതല്‍ തന്നെ കര്‍ദ്ദിനാൾ ടാഗിളിനെ പോപ്പ് സ്ഥാനാര്‍ഥിയായി കണക്കാക്കിയിരുന്നു.
ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയുടെ മയക്കുമരുന്ന യുദ്ധ മരണങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ അദ്ദേഹം കൂടുതല്‍ ശബ്ദമുയര്‍ത്തേണ്ടതായിരുന്നുവെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.
റെയിന്‍ഹാര്‍ഡ് മാര്‍ക്‌സ്
ജര്‍മന്‍ സ്വദേശിയാണ് 71കാരനായ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്‌സ്. ജര്‍മനിയില്‍ വലിയ സ്വാധീനമുള്ള അദ്ദേഹം വത്തിക്കാനുമായി വളരെയധികം അടുപ്പം സൂക്ഷിക്കുന്നു.
പത്ത് വര്‍ഷക്കാലത്തോളം അ്രദ്ദേഹം സഭാ പരിഷ്‌കരണത്തിന് ഫാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഉപദേശം നല്‍കി. വത്തിക്കാന്റെ സാമ്പത്തിക പരിഷ്‌കരണത്തിന് ഇപ്പോഴും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.
കത്തോലിക്കസഭയുടെ നയങ്ങളില്‍ സ്വവര്‍ഗാനുരാഗികളോടും ട്രാന്‍സ്‌ജെന്‍ഡര്‍മാരോടും കൂടുതല്‍ സഹിഷ്ണതയോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു.
ജര്‍മനിയിലെ കത്തോലിക്കാ സഭയില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ 2021ല്‍ അദ്ദേഹം കര്‍ദ്ദിനാള്‍ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിരസിച്ചു. പോപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപദേശക സമിതിയായ കര്‍ദ്ദിനാള്‍മാരുടെ കൗണ്‍സിലില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം പുറത്തുപോയിരുന്നു.
ജോസ്ഫ് ടോബിന്‍
73കാരനായ കര്‍ദ്ദിനാള്‍ ജോസഫ് ടോബിന്‍ അമേരിക്കന്‍ സ്വദേശിയാണ്. ന്യൂവാര്‍ക്കിലെ ആര്‍ച്ച് ബിഷപ്പായ അദ്ദേഹം കര്‍ദ്ദിനാള്‍മാര്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്നയാളും ജനപ്രിയനുമാണ്. 13 മക്കളില്‍ ഏറ്റവും മൂത്തവനായി ഡെട്രോയിറ്റിലാണ് അദ്ദേഹത്തിന്റെ ജനനം. എല്ലാവരെയും ഉള്‍ക്കൊള്ളണമെന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ വീക്ഷണങ്ങളെ അദ്ദേഹം ശക്തമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചില വിഷയങ്ങളിൽ വ്യത്യസ്തമായ നിലപാടുകളും അദ്ദേഹത്തിനുണ്ട്.
നേരത്തെ യുഎസിലെ രാഷ്ട്രീയ ധ്രുവീകരണത്തെ അദ്ദേഹം അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സഭയിലെ ഭിന്നതകള്‍ക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്വവര്‍ഗ ദമ്പതികളെ സഭ സ്വാഗതം ചെയ്യണമെന്ന് അദ്ദേഹം ഈയടുത്ത വര്‍ഷങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. ''സ്ത്രീയായ ഒരു കര്‍ദ്ദിനാളിനെ നാമനിര്‍ദേശം ചെയ്യാന്‍ പോപ്പിന് കഴിയാത്തതിന് ഒരു നിര്‍ബന്ധിത ദൈവശാസ്ത്രകാരണം താന്‍ കാണുന്നില്ലെന്നും'' അദ്ദേഹം പറഞ്ഞിരുന്നു.
മതപരമായ ക്രമങ്ങളുമായും സഭകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ ഓഫീസിന്റെ ഡെപ്യൂട്ടി ഹെഡ്ഡായി പോപ്പ് ബനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തെ നിയമിച്ചിരുന്നു. കൂടാതെ, റിഡംപ്‌റ്റോറിസ്റ്റ്സ് എന്ന സന്യാസസഭയെയും അദ്ദേഹം നയിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിക്കുന്നതിന് മുമ്പ് ഇന്ത്യാനാപോളിസില്‍ ആര്‍ച്ച്ബിഷപ്പായും അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
ഇവരെ കൂടാതെ, അമേരിക്കക്കാരനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രിവോസ്റ്റ്, ഘാന സ്വദേശിയായ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊവാഡോ ടര്‍ക്ക്‌സണ്‍, കോംഗോ സ്വദേശി കര്‍ദ്ദിനാള്‍ ഫിഡോളിന്‍ ആംബോന്‍ഡോ ബെസുന്‍ഗു, ഹംഗറി സ്വദേശി കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ, മാള്‍ട്ട സ്വദേശി കര്‍ദ്ദിനാള്‍ മാരിയോ ഗ്രെച്ച്, ഇറ്റാലയന്‍ സ്വദേശിമാരായ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി, കര്‍ദ്ദിനാള്‍ ആന്‍ജെലിയോ സ്‌കോള, പിയെര്‍ബാറ്റിസ്റ്റ പിസബള്ള, കനേഡിയന്‍ സ്വദേശി കര്‍ദ്ദിനാള്‍ മാര്‍ക്ക് ഔലറ്റ്, ഗ്വിനിയന്‍ സ്വദേശി കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറാ, ഫ്രഞ്ച് സ്വദേശി ജീന്‍ മാര്‍ക്ക് ആവെലിന്‍, മ്യാന്‍മര്‍ സ്വദേശി കര്‍ദ്ദിനാള്‍ ചാള്‍സ് മൗന്‍ഗ് ബോ, ഫിലിപ്പിനോ സ്വദേശി കര്‍ദ്ദിനാള്‍ പാബ്ലോ വിര്‍ജിലിയോ ഡേവിഡ്, കനേഡിയന്‍ സ്വദേശി മൈക്കിള്‍ സെര്‍നി എന്നിവരാണ് പുതിയ മാര്‍പ്പാപ്പയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവർ.