ജീവിത ചെലവുകൾ നിയന്ത്രിച്ചും സമ്പാദ്യ ശീലം വർദ്ധിപ്പിച്ചും ആഢംബരങ്ങൾ പൂർണമായി ഒഴിവാക്കിയുമാണ് തന്റ സ്വപ്നം സാകി സാക്ഷാത്കരിച്ചത്. ഇതിനായി ഒരു ദിവസത്തെ ജീവിത ചെലവുകൾ വെറും 200 യെന്നിൽ (120 രൂപ) സാകി ഒതുക്കി. സംഭവം വാർത്തയായതോടെ ജപ്പാനിൽ ഏറ്റവും ചെലവ് കുറച്ച് ജീവിക്കുന്ന പെൺകുട്ടി എന്ന പേരും സാക്കിക്ക് വീണു.
34 വയസാകുമ്പോഴേക്കും മൂന്ന് വീടുകൾ സ്വന്തമായി ഉണ്ടാകണം എന്ന ലക്ഷ്യം 19-ാം വയസിലേ സാകിയുടെ മനസിലുണ്ടായിരുന്നു. 20-ാം വയസിൽ പ്രോപ്പർട്ടി ഏജന്റായി ജോലി തുടങ്ങിയ സാക്കി തികച്ചും തനിച്ചുള്ള ജീവിതമാണ് തിരഞ്ഞെടുത്തത്. ഭക്ഷണമെല്ലാം വീട്ടിൽ തന്നെ പാചകം ചെയ്തു. വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ഭക്ഷണ രീതി സ്വീകരിച്ചു.വളെ അപൂർവമായി ബ്രഡും ജാമും കഴിക്കുന്നതോ സാൽമൺ മത്സ്യവും ചോറു കഴിക്കുന്നതോ ആയിരുന്നു ഭക്ഷണ കാര്യത്തിൽ സാകിയുടെ ഏക ആഢംബരം. എന്നാലും ഭക്ഷണത്തിന്റെ ചെലവുകൾ ഒരിക്കലും പരിധിവിട്ടു പോയിരുന്നില്ല.
advertisement
പുതയ വസ്ത്രങ്ങൾ വാങ്ങാതെ സുഹൃത്തുക്കൾ നൽകുന്ന പഴയ വസ്ത്രങ്ങളണിഞ്ഞായിരുന്നു സാക്കി നടന്നിരുന്നത്. വീട്ടിലേക്കുള്ള ഫർണിച്ചറും മറ്റും വാങ്ങിയിരുന്നത് ആക്രി മാർക്കറ്റിൽ നിന്നും. മുടി വല്ലാതെ വളരുമ്പോൾ അത് വെട്ടി വിറ്റ് പാതി മാസത്തെ ചിലവുകളും സാകിനടത്തിയിരുന്നു. 27 വയസായപ്പോഴേക്കും ആദ്യ വീട് വാങ്ങിക്കാനുള്ള പണം സാകി സമ്പാദിച്ചു കഴിഞ്ഞിരുന്നു. കാൻറ്റോ പ്രദേശത്തെ സെയ്തമയിൽ 10 മില്യൺ യെന്നിനാണ് (62 ലക്ഷം രൂപ) സാകി ആദ്യ ഭവനം വാങ്ങിയത്. ആദ്യ വീട് വാടകയ്ക്ക് കൊടുത്ത് സാകി അതിൽ നിന്നുള്ള വരുമാനം ഉപയേഗിച്ച് ലോൺ സംഘടിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ 18 മില്യൺ യെന്നിന്റെ (1.1 കോടി രൂപ) വീട് സ്വന്തമാക്കി. 2019ൽ 37 മില്യൺ യെൻ മുടക്കി (2.3 കോടി രുപ) തന്റെ മൂന്നാമത്തെ വീടെന്ന സ്വപ്നവും സാകി സാക്ഷാത്കരിച്ചു.
മൂന്ന് വീടും സ്വന്തമാക്കിക്കഴിഞ്ഞ് ഒരു ക്യാറ്റ് കഫേ തുടങ്ങണമെന്നുള്ള തന്റെ ദീർഘനാളായുള്ള സ്വപ്നവും സാകി യാഥാർത്ഥ്യമാക്കി. തെരുവിൽ അലഞ്ഞു തിരിയുന്ന പൂച്ചകൾക്ക് സംരക്ഷണമൊരുക്കാൻ മൂന്നാമത്തെ വീടിന്റെ താഴത്തെ നിലയാണ് സാകി ക്യാറ്റ് കഫേയാക്കി മാറ്റിയത്.ഒരു മൃഗ സ്നേഹി കൂടിയായ സാകി കഫേയിൽ നിന്നുള്ള വരമാനം അലഞ്ഞു തിരിയുന്ന കൂടുതൽ മൃഗങ്ങൾക്കായി വിനിയോഗിക്കുന്നു. മൂന്ന് വീടുകൾ സ്വന്തമായി ഉണ്ടെങ്കിലും ഇപ്പോഴും ചെലവ് കുറച്ചാണ് സാകി ജീവിതം തുടരുന്നത്. വീടുകളിൽ നിന്ന് ലഭിക്കുന്ന വാടകയും ജോലിയിൽ നിന്നുള്ള വരുമാനവും ഉപയോഗിച്ച് തന്റെ സമ്പാദ്യം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സാക്കി.