ഗർഭപാത്രം നീക്കം ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട വനിതാ ഡോക്ടർ അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൾട്ടന്റ് മായാ രാജ് ആണ് പിടിയിലായത്. ഗർഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതേട് സ്വദേശിയുടെ ഭാര്യയായ യുവതിക്ക് തുടർ ചികിത്സ നൽകുന്നതിന് 5000രൂപയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.
ഡോക്ടർ മായയുടെ വീട്ടിലെത്തിയാണ് യുവതി ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയയ്‍ക്കുള്ള ഫീസെന്ന പേരിൽ 500രൂപ ഇവരിൽനിന്ന് വാങ്ങി. തുടർന്ന് 19-ന് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കംചെയ്തു. തുടർ ചികിത്സ നൽകണമെങ്കിൽ 5000രൂപ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.
ഇതോടെയാണ് പരാതിക്കാരി വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നൽകിയ 3500രൂപ പരാതിക്കാരി ഡോക്ടറുടെ വീട്ടിൽ എത്തിച്ചു. പണം വാങ്ങുന്നതിനിടെയാണ് ഡോക്ടർ പിടിയിലാകുന്നത്. വെള്ളിയാഴ്ച ഇവരെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്‍പി ഷാജു ജോസ്, സിഐമാരായ ഡിപ്‍സണ്‍ തോമസ്, മഹേഷ് പിള്ള, കെ ആര്‍ കിരണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ഡോക്ടറെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.